അമേരിക്കയുമായുള്ള സഖ്യം യുഎഇയുടെ നാശത്തിനോ

അമേരിക്കയുമായുള്ള സഖ്യം യുഎഇയുടെ നാശത്തിനോ

അമേരിക്കയും ഇറാനും തമ്മില്‍ ഒരു യുദ്ധമുണ്ടായാല്‍ അത് തങ്ങള്‍ക്കും വിനാശകരമായിരിക്കും എന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യുഎഇ നടത്തുന്നത്

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഉറ്റ പങ്കാളികളിലൊന്നാണ് യുഎഇ. പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ. ട്രംപില്‍ തീവ്രമായ ഇറാന്‍ വിരുദ്ധ സമീപനം വളര്‍ത്തുന്നതില്‍ യുഎഇ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ യുഎഇ സമീപകാലത്തായി നടത്തിയ ചില നീക്കങ്ങള്‍ വാഷിംഗ്ടണുമായുള്ള ബന്ധത്തില്‍ നിന്ന് അവര്‍ അകലുകയാണോ എന്ന സംശയം ഉണ്ടാക്കുന്നതാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം വിശ്വസ്തരാണ് യുഎഇയെന്ന കൂട്ടാളിയെന്ന് അമേരിക്ക കണ്ടറിയേണ്ടിയിരിക്കുന്നു.

കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അമേരിക്ക നാവികസേനയെ അയച്ചപ്പോള്‍ തന്നെ സമുദ്രഗതാഗത സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി യുഎഇ സര്‍ക്കാര്‍ ഇറാനിലേക്ക് തീരദേശ സംരക്ഷണ സേനാ പ്രതിനിധിയെ അയച്ചു. ഇറാനെ പൂര്‍ണമായും ഒറ്റപ്പെടുത്തുകയെന്ന അമേരിക്കന്‍ നയത്തിന് വിരുദ്ധമായ നീക്കമായിരുന്നു ഇത്. ജൂണില്‍ യുഎഇ കപ്പലുകള്‍ ലിംപെറ്റ് മൈനുകളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അമേരിക്കയോടും സൗദി അറേബ്യയോടും ഒപ്പം ചേര്‍ന്ന് സംഭവത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ യുഎഇ തയാറാകാത്തതും ശ്രദ്ധേയമാണ്. മാത്രമല്ല, യെമനില്‍ സൗദി അറേബ്യയോടൊപ്പം ചേര്‍ന്ന് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ക്കെതിരായി യുദ്ധം നടത്തുന്ന യുഎഇ യെമനിലെ തങ്ങളുടെ സൈനികസാന്നിധ്യം കുറയ്ക്കാനും തീരുമാനിച്ചിരിക്കുന്നു. ഇതും അമേരിക്കന്‍ നയത്തിന് തീര്‍ത്തും വിരുദ്ധമാണ്.

സൊമാലിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം അമേരിക്കയുടെ സൈനിക പദ്ധതികള്‍ക്ക് നല്‍കുന്ന വലിയ പിന്തുണ കാരണം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആയിരുന്ന ജിം മാറ്റിസ് ഒരിക്കല്‍ യുഎഇയെ ‘ലിറ്റില്‍ സ്പാര്‍ട’എന്ന് വിളിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായി അമേരിക്ക കഴിഞ്ഞിടെ നടത്തിയ യുദ്ധങ്ങളെല്ലാം തന്നെ യുഎഇയിലെ അല്‍ ദഫ്രയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സൈനികതാവളങ്ങളില്‍ പ്രധാനമാണ് അല്‍ ദഫ്രയിലെ വ്യോമ താവളം.

പക്ഷേ ഇറാനെതിരായി ഒരു യുദ്ധത്തിന് സാധ്യതയുള്ള ഈ ഘട്ടത്തില്‍ യുഎഇ പ്രഖ്യാപിത നയങ്ങളില്‍ നിന്നും പിന്നോട്ടുപോകുന്നതായാണ് കാണുന്നത്. അമേരിക്കയുമായുള്ള അടുപ്പം ആ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് പടനയിക്കേണ്ട അവസ്ഥയില്‍ തങ്ങളെ എത്തിക്കുമെന്ന വസ്തുതയും അതിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള ഭയവുമാകും ഒരുപക്ഷേ അമേരിക്കന്‍ താല്‍പ്പര്യങ്ങളോട് വിമുഖത കാണിക്കാന്‍ യുഎഇയെ പ്രേരിപ്പിക്കുന്നത്. ഇറാന്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താനാണ് ഇപ്പോള്‍ യുഎഇ ശ്രമിക്കുന്നത്. മാത്രമല്ല, ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ വിരുദ്ധ പ്രസ്താവനകളില്‍ നിന്നും യുഎഇ അകല്‍ച്ച പാലിക്കുകയും ചെയ്യുന്നു.

ഒരു യുദ്ധം യുഎഇ ആഗ്രഹിക്കുന്നില്ലെന്നും പശ്ചിമേഷ്യയില്‍ സുരക്ഷയും സ്ഥിരതയും കൊണ്ടുവരുന്നതാണ് പ്രധാനമെന്നും എമിറാറ്റി ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായാല്‍ ഇറാനെതിരായ ആ യുദ്ധത്തില്‍ അമേരിക്കയ്ക്ക് യുഎഇയുടെ പിന്തുണ ഉണ്ടാകുമോ എന്ന കാര്യം തന്നെ സംശയമാണെന്ന് നയതന്ത്രജ്ഞരും അനലിസ്റ്റുകളും പറയുന്നു. അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും യുഎഇ വലിയ തോതില്‍ അകന്നു കൊണ്ടിരിക്കുകയാണെന്ന് വാഷിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് സ്റ്റേറ്റ് അനലിറ്റിക്‌സിലെ തിയോഡര്‍ കറസിക് പറയുന്നു. പരമാവധി സമ്മര്‍ദ്ദമെന്ന ട്രംപ് നയത്തിലെ ദുര്‍ബലമായ കണ്ണിയാകാം ഇതെന്നും അദ്ദേഹം പറയുന്നു.

ഇതാദ്യമായിട്ടല്ല അമേരിക്കന്‍ നയങ്ങളില്‍ നിന്നും യുഎഇ വ്യതിചലിക്കുന്നത്. പ്രബലനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയിലെ വലിയ സ്വാധീന ശക്തിയാകാന്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ചെറുതും എന്നാല്‍ അതിസമ്പന്നവുമായ ഈ രാഷ്ട്രത്തിന് സാധിച്ചിണ്ട്. 2013ല്‍ ഈജിപ്തില്‍ നടന്ന ഭരണ അട്ടിമറിക്ക് പ്രേരണയായത് യുഎഇയാണ്. ജനാധിപത്യ വ്യവസ്ഥതിയിലൂടെ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാരിനെയാണ് അന്ന് യുഎഇ മറിച്ചിട്ടത്. മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാരിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നു. ലിബിയയില്‍ അമേരിക്ക, ഐക്യരാഷ്ട്ര സഭ എന്നിവരുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരെ ഖാലിഫ ഹിഫ്തറെന്ന സൈനിക മേധാവിയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി ശ്രമങ്ങള്‍ക്കും യുഎഇ പിന്തുണ നല്‍കുകയുണ്ടായി. സൗദി അറേബ്യയ്‌ക്കൊപ്പം അമേരിക്കയുടെ മറ്റൊരു കൂട്ടാളിയായ ഖത്തറിനെതിരെ ഉപരോധത്തിന് ചുക്കാന്‍ പിടിച്ചതും യുഎഇയാണ്. ഈ സംഭവങ്ങളിലെല്ലാം തന്നെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു യുഎഇയുടെ നീക്കങ്ങള്‍.

വിദേശീയരുടെ സുരക്ഷിത സ്വര്‍ഗമാക്കി യുഎഇയെ മാറ്റുന്ന സ്ഥാനഘടനയും സമ്പദ് വ്യവസ്ഥയും ലോകരാജ്യങ്ങള്‍ക്ക് മുമ്പിലുള്ള പേരും പ്രശസ്തിയുമാണ് അമേരിക്കയുടെ യുദ്ധനീക്കങ്ങളില്‍ നിന്നും യുഎഇയെ പിന്‍വലിക്കുന്നത്. മേഖലയില്‍ ചെറിയ തോതിലെങ്കിലുമുള്ള യുദ്ധം ഉണ്ടാകുന്നത് മറ്റേതൊരു പശ്ചിമേഷ്യന്‍ രാജ്യത്തേക്കാളും കൂടുതല്‍ ബാധിക്കുക യുഎഇയെ ആകും. യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള ഹോര്‍മൂസ് കടലിടുക്ക് യുഎഇ സമുദ്ര അതിര്‍ത്തിക്കടുത്താണ്. ഇവിടെയൊരു പ്രശ്‌നം ഉണ്ടായാല്‍ വ്യാപാരത്തിന് സമുദ്രപാതകളെ ആശ്രയിക്കുന്ന യുഎഇയെയും അവരുടെ സമ്പദ് വ്യവസ്ഥയെയും കാര്യമായി ബാധിക്കും.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയ രൂപീകരണത്തില്‍ ഉന്നത തലത്തില്‍ സ്വാധീനം ചെലുത്താനും യുഎഇ ശ്രമിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വൈറ്റ്ഹൗസിലും സമ്മര്‍ദ്ദം ചെലുത്താന്‍ യുഎഇയ്ക്കായി.

ഇറാനും അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളും ഉള്‍പ്പെടുന്ന 2015ലെ ആണവകരാറിന്റെ മുഖ്യ വിമര്‍ശകര്‍ കൂടിയായിരുന്നു യുഎഇ. കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്നും പിന്‍വാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിന് യുഎഇ പരിപൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍ കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍ ഇന്നത്തെ നിലയിലുള്ള സംഭവവികാസങ്ങളിലേക്ക് പശ്ചിമേഷ്യയെ കൊണ്ടുചെന്ന് എത്തിക്കുമെന്ന് യുഎഇ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. പകരം യുഎഇ പ്രതീക്ഷയിലായിരുന്നു. ഇറാനെതിരെ ട്രംപ് ഭരണകൂടം അഴിച്ചുവിട്ട കടുത്ത ഉപരോധങ്ങള്‍ അവരെ പ്രശ്‌ന പരിഹാര ചര്‍ച്ചകളിലേക്ക് എത്തിക്കുമെന്ന് തന്നെയായിരുന്നു യുഎഇയുടെ വിശ്വാസം. എന്നാല്‍ ഇറാന്‍ തിരിച്ചടിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള കപ്പല്‍ ഗതാഗതം നിരന്തരമായി ഭീഷണി നേരിട്ടു. ഈ സ്ഥിതിവിശേഷത്തെ നിയന്ത്രിക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക സന്നാഹം മേഖലയില്‍ സാന്നിധ്യമുറപ്പിച്ചു. ഇതോടെ മേഖലയുടെ സുരക്ഷയില്‍ യുഎഇയ്ക്കുള്ള സ്ഥാനം അപ്രസക്തമായി.

വിദേശീയരുടെ സുരക്ഷിത സ്വര്‍ഗമാക്കി യുഎഇയെ മാറ്റുന്ന സ്ഥാനഘടനയും സമ്പദ് വ്യവസ്ഥയും ലോകരാജ്യങ്ങള്‍ക്ക് മുമ്പിലുള്ള പേരും പ്രശസ്തിയുമാണ് അമേരിക്കയുടെ യുദ്ധനീക്കങ്ങളില്‍ നിന്നും യുഎഇയെ പിന്‍വലിക്കുന്നത്. മേഖലയില്‍ ചെറിയ തോതിലെങ്കിലുമുള്ള യുദ്ധം ഉണ്ടാകുന്നത് മറ്റേതൊരു പശ്ചിമേഷ്യന്‍ രാജ്യത്തേക്കാളും കൂടുതല്‍ ബാധിക്കുക യുഎഇയെ ആകും. യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള ഹോര്‍മൂസ് കടലിടുക്ക് യുഎഇ സമുദ്ര അതിര്‍ത്തിക്കടുത്താണ്. ഇവിടെയൊരു പ്രശ്‌നം ഉണ്ടായാല്‍ വ്യാപാരത്തിന് സമുദ്രപാതകളെ ആശ്രയിക്കുന്ന യുഎഇയെയും അവരുടെ സമ്പദ് വ്യവസ്ഥയെയും കാര്യമായി ബാധിക്കും.

പശ്ചിമേഷ്യയില്‍ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത തരത്തില്‍ വിനോദ സഞ്ചാരികളെയും ബിസിനസ് പ്രമാണിമാരെയും എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിനായി അംബരചുംബികളായ കെട്ടിടങ്ങള്‍ പണിയുന്നതിനും ഹോട്ടലുകള്‍ നടത്തുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദേശികളെ യുഎഇ നിയമിച്ചിട്ടുണ്ട്. യുഎഇ ജനസംഖ്യയുടെ 90 ശതമാനവും പ്രവാസികളാണ്. ആശുപത്രികളും സേനാവിഭാഗങ്ങളും ഉള്‍പ്പടെ യുഎഇയിലെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ നിലനില്‍പ്പ് തന്നെ പ്രവാസികളുടെ കയ്യിലാണ്. പശ്ചിമേഷ്യയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അത് യുഎഇയിലെ പ്രവാസി സമൂഹത്തിന് ആശങ്കയുണ്ടാക്കുമെന്നും അവര്‍ രാജ്യം വിട്ടാല്‍ രാജ്യം തന്നെ നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഇന്റെര്‍നാഷ്ണല്‍ ക്രൈസിസ് ഗ്രൂപ്പിലെ എലിസബത്ത് ഡിക്കിന്‍സണ്‍ പറയുന്നു. എമാറാറ്റി മണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുകയോ അവരുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശം സംഭവിക്കുകയോ ചെയ്താല്‍ അത് വിനാശകരമായിരിക്കുമെന്ന് എലിസബത്ത് പറയുന്നു.

യുദ്ധത്തില്‍ യുഎഇ ഒരു ലക്ഷ്യകേന്ദ്രമായി മാറിയാല്‍ രാജ്യത്ത് എന്താണവശേഷിക്കുകയെന്ന് ഇറാനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ലെബനനിലെ ഷിയ ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതാവ് ഹസന്‍ നസ്രുള്ള കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ചോദിക്കുകയുണ്ടായി. യുദ്ധമുണ്ടായാല്‍ യുഎഇയിലെ ഗ്ലാസ് ടവറുകളില്‍ ഏതാണ് ബാക്കിയുണ്ടാകുകയെന്നും അങ്ങനെ യുഎഇ നശിപ്പിക്കപ്പെട്ടാല്‍ അത് എമിറാറ്റി ഭരണാധികാരികളുടെയും ജനങ്ങളുടെയും താല്‍പ്പര്യ പ്രകാരം ആയിരിക്കുമോയെന്നും ഭീഷണിയുടെ സ്വരത്തില്‍ നസ്രുള്ള ചോദിക്കുന്നു.

യെമനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് മാസങ്ങള്‍ക്ക്് മുമ്പ് തന്നെ യുഎഇ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യെമനില്‍ സാഹചര്യമൊരുങ്ങിയതിനാലാണ് പിന്‍മാറ്റമെന്നും അവര്‍ പറയുന്നു. ഹോര്‍മൂസ് കടലിടുക്കിലെ മത്സ്യബന്ധന അവകാശങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് യുഎഇയില്‍ നിന്നുള്ള പ്രതിനിധി സംഘം ടെഹ്‌റാനിലെത്തിയതെന്നും നിലവിലെ പ്രശ്‌നങ്ങളുമായി അതിന് ബന്ധമില്ലെന്നും യുഎഇ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് വാദിക്കുമ്പോഴും യുഎഇയുടെ ഇറാന്‍ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ പദ്ധതി അപകടകരമാണെന്നും ആധുനിക ബാലിസ്റ്റിക് മിസൈല്‍ ശേഷി വികസിപ്പിക്കാനുള്ള പദ്ധതി അവസാനിപ്പിക്കണമെന്നും യുഎഇ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

അതേസമയം അബുദാബിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിന്റെ മോഹങ്ങള്‍ അതിര് കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എമിറാറ്റികള്‍ക്കിടയില്‍ സംസാരമുണ്ട്. സമൃദ്ധിയുടെയും സ്ഥിരതയുടെയും ഉത്തമ മാതൃകയാകുക എന്ന രാഷ്ട്ര ദര്‍ശനത്തില്‍ നിന്നും രാജ്യം വ്യതിചലിക്കപ്പെട്ടതായി നയതന്ത്രജ്ഞരും പറയുന്നു. പ്രത്യാഘാതങ്ങള്‍ കണക്ക് കൂട്ടാതെയുള്ള നിലപാടുകളായിരുന്നു സായിദിന്റേതെന്ന് ചില ബിസിനസുകാരും കുറ്റപ്പെടുത്തുന്നു. യുഎഇയിലെ സൈനിക നീക്കങ്ങള്‍ സുരക്ഷിതമായ സ്വര്‍ഗമെന്ന ആശയത്തെ ഇല്ലാതാക്കിയെന്നും അമേരിക്കയ്‌ക്കൊപ്പം ഇനിയും സഞ്ചരിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഇപ്പോള്‍ അവര്‍ മനസിലാക്കിയെന്നും ബിസിനസുകാര്‍ അഭിപ്രായപ്പെടുന്നു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും പിന്തിരിയാനുള്ള അമേരിക്കന്‍ തീരുമാനത്തെ പിന്തുണച്ചത് കാര്യങ്ങള്‍ യുഎഇ ഉദ്ദേശിച്ച നിലയ്ക്ക് വരാത്ത സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. നിരവധി സാധാരണക്കാരുടെ ജീവനെടുത്ത യെമന്‍ യുദ്ധത്തിലും യുഎഇ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള പഴി കേള്‍ക്കേണ്ടതായി വന്നു, സൗദി നടത്തിയ വ്യോമാക്രമണങ്ങളിലാണ് മരണസംഖ്യ കൂടിയതെങ്കില്‍ കൂടിയും. ഖത്തറിനെതിരായ ഉപരോധം രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഖത്തറിനെ ഒറ്റപ്പെടുത്താന്‍ ആ നീക്കത്തിന് കഴിഞ്ഞില്ല. മാത്രമല്ല, ഖത്തര്‍ വിരുദ്ധ നയം യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയാകുകയും ചെയ്തു. ലിബിയന്‍ സൈന്യാധിപതി ഹിഫ്തറിന് സൈനിക സഹായം നല്‍കാനുള്ള തീരുമാനത്തിലൂടെയും യുഎഇ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ട്രിപ്പോളിയില്‍ ഹിഫ്തര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടെങ്കിലും ലിബിയയില്‍ അധികാരമാറ്റം ഉണ്ടാക്കാന്‍ ഈ സഖ്യത്തിന് സാധിച്ചില്ല.

റഷ്യയുമായും ട്രംപ് ഭരണകൂടവുമായും ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കിരീടാവകാശിയുടെ ശ്രമത്തിനും തിരിച്ചടിയുണ്ടായി. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച് റോബര്‍ട്ട് എസ് മുള്ളര്‍ നടത്തിയ അന്വേഷണത്തില്‍ യുഎഇയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മാത്രമേ അതുപകരിച്ചുള്ളൂ. റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനെ കൂടാതെ റിപ്പോര്‍ട്ടില്‍ പേരുള്ള വിദേശീയനായ ഏക നേതാവ് മുഹമ്മദ് ബിന്‍ സായിദ് ആണ്. ഇക്കാര്യത്തില്‍ സായിദിന്റെ അനുയായികള്‍ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ യുഎഇയ്്ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അത് ട്രംപുമായി അടുക്കാനുള്ള ഒരു നീക്കം മാത്രമായിരിക്കാനാണ് സാധ്യതയെന്ന് ദുബായിലുള്ള എമിറാറ്റി രാഷ്ട്രീയ നിരീക്ഷകനായ അബ്ദുള്‍ഖലേഖ് അബ്ദുള്ള പറയുന്നു. ബരാക് ഒബാമയ്ക്ക് പകരമായി വന്ന ട്രംപിനെ എമാറിറ്റികള്‍ പ്രതീക്ഷയോടെയാണ് കണ്ടത്. ഇറാന്റെ ആണവകരാറിനോടുള്ള ട്രംപിന്റെ സമീപനം യുഎഇയുടെ ആശങ്കകളെ ഇല്ലാതാക്കിയിരുന്നു. പക്ഷേ ആ വിശ്വാസവും പ്രതീക്ഷകളും ട്രംപ് തന്നെ ഇല്ലാതാക്കി.

ജൂണില്‍ അമേരിക്കയുടെ ഡ്രോണ്‍ വിമാനം വെടിവെച്ചിട്ടതിന് പകരമായി ഇറാനെതിരെ തിരിച്ചടിക്കാന്‍ ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. മിനിട്ടുകള്‍ക്കകം അനുമതി റദ്ദാക്കിയെങ്കിലും ഇത്തരത്തില്‍ ഒരു ആക്രമണത്തിന് അനുമതി നല്‍കിയ കാര്യം യുഎഇ ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് വലിയ വിശ്വാസവഞ്ചനയായാണ് യുഎഇ കണക്കാക്കുന്നത്.

യുദ്ധമുണ്ടായാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കയെ അനുവദിക്കുമോ എന്ന ചോദ്യത്തിന് യുഎഇ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗത സുരക്ഷ ലക്ഷ്യമാക്കിയുള്ള നാവിക സഖ്യത്തില്‍ പങ്കാളിയാകാനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ആവശ്യത്തിലും യുഎഇ സമ്മതം മൂളിയിട്ടില്ല. ഇക്കാര്യങ്ങള്‍ കൊണ്ടാണ് അമേരിക്ക-ഇറാന്‍ പ്രശ്‌നത്തില്‍ യുഎഇ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം ഉയരുന്നത്. അതൊരു വലിയ ചോദ്യമാണ്. യുഎഇ അമേരിക്കയുമായുള്ള സഖ്യമുപേക്ഷിക്കുമോ. ഇറാന്‍ വിഷയത്തിലുള്ള യുഎഇയുടെ നിലപാടിന്് പ്രാദേശിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും. എന്തൊക്കെയാണെങ്കിലും അവസാനം യുഎഇ അമേരിക്കയുടെ കുടക്കീഴിലെത്തുമെന്നത് തീര്‍ച്ചയാണ്.

Comments

comments

Categories: Arabia
Tags: US-UAE