ഇന്ത്യയെ ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റും: മോദി

ഇന്ത്യയെ ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റും: മോദി

ന്യൂഡെല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുളള കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായുള്ള എല്ലാ പരിശ്രമങ്ങളും താന്‍ നടത്തുമെന്നും പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ശക്തമാകുന്നെന്ന ആശങ്കകള്‍ക്കിടെയാണ് മോദിയുടെ പ്രസ്താവന.

നല്ലരീതിയില്‍ ബിസിനസ് നടത്താനുള്ള എല്ലാവിധ സാഹചര്യങ്ങളും രാജ്യത്ത് ഒരുക്കും. ഇന്ത്യയുടെ വളര്‍ച്ചയിലും വിപണിയുടെ ദീര്‍ഘകാല ക്ഷമതയിലും വ്യവസായികള്‍ വിശ്വസിക്കണം. ആശങ്കകളില്ലാതെ അവര്‍ തങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുകയും നിക്ഷേപ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും വേണം. സത്യസന്ധരും നിയമം അനുസരിക്കുന്നവരുമായ എല്ലാ വ്യവസായികള്‍ക്കും താന്‍ എല്ലാ സഹായവും ഉറപ്പു തരുന്നെന്നും അദ്ദേഹം പറഞ്ഞു. പലിശ കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയാറാവണം. സാമ്പത്തിക വികസനമെന്നാല്‍ പൗരന്‍മാരുടെ കീശയില്‍ കൂടുതല്‍ പണമെന്നാണെന്നും സര്‍ക്കാരിന്റെ പക്കലെന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനമേഖലയിലെ മാന്ദ്യം താല്‍ക്കാലികമാണെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ആശങ്കയ്ക്ക് കാരണമാകില്ലെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, സ്ഥിരത, വിപണി പ്രവേശനം, സുസ്ഥിര നിയമങ്ങള്‍ എന്നീ നിക്ഷേപ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News, Slider