വര്‍ഷം പാതി പിന്നിടുമ്പോള്‍ ലാഭം കൊയ്ത് യുഎഇ ബാങ്കുകള്‍; രണ്ടാംപകുതിയിലും ശുഭ പ്രതീക്ഷകള്‍

വര്‍ഷം പാതി പിന്നിടുമ്പോള്‍ ലാഭം കൊയ്ത് യുഎഇ ബാങ്കുകള്‍; രണ്ടാംപകുതിയിലും ശുഭ പ്രതീക്ഷകള്‍

രണ്ടാംപകുതിയിലും ലാഭത്തില്‍ സമാന സ്ഥിതിയായിരിക്കുമെന്നും വാര്‍ഷിക ലാഭം 40 ബില്യണ്‍ ഡോളറിന് അടുത്തായിരിക്കുമെന്നും വിദഗ്ധരുടെ പ്രവചനം

ദുബായ്: അര്‍ദ്ധവാര്‍ഷിക കണക്കില്‍ വലിയ ലാഭമാണ് യുഎഇ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക, അന്തര്‍ദേശീയ ബാങ്കുകള്‍ ഒന്നിച്ച് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന സാഹചര്യത്തില്‍ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലും ബാങ്കുകളുടെ ലാഭത്തില്‍ ഇതേ പ്രവണത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സ്വകാര്യ മേഖലയില്‍ വായ്പ കുറയുന്നതടക്കം ചില തിരിച്ചടികള്‍ രണ്ടാംപകുതിയില്‍ ബാങ്കുകളുടെ ലാഭത്തിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍, വ്യാപാരമേഖലയിലെ മന്ദത, അബുദാബിയിലെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍, എക്‌സ്‌പോ 2020യ്ക്കായുള്ള തയാറെടുപ്പുകള്‍, ദുബായിലെ പ്രോപ്പര്‍ട്ടി വിപണി എന്നീ കാര്യങ്ങളെ പിന്‍പറ്റി യുഎഇയിലെ ബാങ്കിംഗ് മേഖലയുടെ 2019ലെ ആകെ ലാഭം 40 ബില്യണ്‍ ഡോളറിന് അടുത്തായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ശെരിയ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്ക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള താല്‍പ്പര്യം മുസ്ലീം, മുസ്ലീം ഇതര ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചത് മൂലം രാജ്യത്തെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയും മികച്ച പ്രകടനമാണ് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കാഴ്ചവെച്ചത്.

കുറഞ്ഞത് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ യുഎഇ ബാങ്കിംഗ് രംഗത്തുണ്ടായ ലാഭമെങ്കിലും രണ്ടാംപകുതിയിലും മേഖലയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അങ്ങനെ വന്നാല്‍ ഏകദേശം 38-40 ബില്യണ്‍ ഡോളറിന് ഇടയിലായിരിക്കും 2019ലെ വാര്‍ഷിക ലാഭമെന്നും സെന്‍ച്വറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വലേച പറഞ്ഞു. സുപ്രധാനമല്ലാത്ത മേഖലകളുടെ ചിലവ് ചുരുക്കലും ബാങ്കിംഗ് രംഗത്തെ കൂടുതല്‍ ഏകീകരണ നടപടികളുമാകും ബാങ്കുകള്‍ക്ക് നേട്ടമാകുക. എന്തുതന്നെ ആയാലും 2018നെ അപേക്ഷിച്ച് 2019ല്‍ ലാഭക്കണക്കുകള്‍ കൂടുമെന്ന് വിജയ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഎഇ ബാങ്കുകളുടെ മൊത്തത്തിലുള്ള വരുമാനത്തില്‍ രണ്ടാംപകുതിയില്‍ 5-6 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈറ്റ് ഫിനാന്‍ഷ്യല്‍ സെന്ററിലെ ഗവേഷണ വിഭാഗം മേധാവി എം ആര്‍ രഘു പറഞ്ഞു. യുഎഇ സമ്പദ് വ്യവസ്ഥ വരുംമാസങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നാണ് കരുതുന്നതെങ്കിലും പൊതുമേഖലയുടെ പിന്‍ബലത്തിലാകും രാജ്യത്ത് വായ്പാ വളര്‍ച്ചയുണ്ടാകുകയെന്നും സ്വകാര്യ മേഖലയില്‍ വായ്പകള്‍ കുറയുമെന്നും രഘു അഭിപ്രായപ്പെടുന്നു. വര്‍ഷത്തിന്റെ ആദ്യപകുതിയെ അപേക്ഷിച്ച് ലാഭത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് മറ്റ് ഘടകങ്ങളും സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ 2019ല്‍ യുഎഇ ബാങ്കുകളുടെ വാര്‍ഷിക വരമാന വളര്‍ച്ച 2018നെ കടത്തിവെട്ടാന്‍ സാധ്യതയില്ലെന്നും രഘു അഭിപ്രായപ്പെട്ടു.

വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ യുഎഇയിലെ 12 പ്രാദേശിക ബാങ്കുകളുടെ മൊത്തത്തിലുള്ള വരുമാനം 22.06 ബില്യണ്‍ ആണ്. 2018 ആദ്യപകുതിയെ അപേക്ഷിച്ച് വരുമാനത്തില്‍ 8 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായിട്ടുണ്ട്. 12 പ്രാദേശിക ബാങ്കുകളില്‍ 11 എണ്ണത്തിന്റെയും അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ തന്നെ അഞ്ച് ബാങ്കുകളുടെ ലാഭത്തില്‍ രണ്ടക്ക വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

എമിറേറ്റ്‌സ് എന്‍ബിഡി, ദുബായ് ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങിയ വന്‍കിട ബാങ്കുകളിലാണ് വലിയ തോതിലുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എമിറേറ്റ്‌സ് എന്‍ബിഡിയുടെ അര്‍ദ്ധവാര്‍ഷിക ലാഭം 7.5 ബില്യണ്‍ ദിര്‍ഹമാണ്. ലാഭത്തില്‍ 49 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഈ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാനമായി, ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ആകെ ലാഭത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആകെ വരുമാനത്തിലുണ്ടായ 25 ശതമാനത്തിന്റെ വളര്‍ച്ചയാണ് ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ലാഭത്തില്‍ പ്രതിഫലിച്ചത്. അതേസമയം ഫസ്റ്റ് അബുദാബി ബാങ്കിന്റെ ലാഭത്തില്‍ 4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആദ്യപകുതിയില്‍ ഫാബില്‍ 6.3 ബില്യണ്‍ ദിര്‍ഹം ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലാഭത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍

നിക്ഷേപകര്‍ക്ക് ബാങ്ക് നല്‍കുന്ന പലിശ രണ്ടാംപകുതിയില്‍ ബാങ്കുകളുടെ ലാഭത്തെ ബാധിച്ചേക്കുമെന്ന് വിജയ് വലേച പറഞ്ഞു. പത്യേകിച്ച് ജനങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കായി ബാങ്കിംഗ് വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുകയും പണലഭ്യത കര്‍ശനമാകുകയും ചെയ്ത സാഹചര്യത്തില്‍. പണലഭ്യത വീണ്ടും കര്‍ശനമാക്കുന്ന സാഹചര്യമുണ്ടായാല്‍ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാങ്കുകള്‍ അവരുടെ ബിസിനസ് മാതൃക തന്നെ മാറ്റാനുള്ള അവസരമായി അതിനെ കണക്കാക്കണമെന്നും വിജയ് പറഞ്ഞു.

അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍, അബുദാബിയിലെ സാമ്പത്തിക ഉത്തേജനം, എക്‌സ്‌പോ 2020, ദുബായിലെ പ്രോപ്പര്‍ട്ടി വിപണി എന്നീ ഘടകങ്ങളാകും രണ്ടാംപാദത്തില്‍ ബാങ്കുകളുടെ ലാഭത്തെ നിര്‍ണയിക്കുക എന്ന് എം ആര്‍ രഘു അഭിപ്രായപ്പെടുന്നു.

ഇസ്ലാമിക് ബാങ്കിംഗ്

പണം നിക്ഷേപിക്കുന്നതിനും വായ്പയെടുക്കുന്നതിനും ഇസ്ലാമിക് ബാങ്കുകളെ ആശ്രയിക്കുന്ന പ്രവണത മുസ്ലീം, മുസ്ലീം ഇതര ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇസ്ലാമിക് ബാങ്കിംഗ് മേഖല രണ്ടാംപകുതിയിലും നിലവിലെ വളര്‍ച്ച നിലനിര്‍ത്തും. യുവാക്കളെയും പുതുതലമുറയെയും കണക്കിലെടുത്ത് സാങ്കേതികതയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കാന്‍ സാമ്പ്രദായിക ബാങ്കുകളെ പോലെ ഇസ്ലാമിക് ബാങ്കുകളും ശ്രദ്ധിക്കുന്നുണ്ട്.

സമീപകാലത്തായി രാജ്യത്തെ ഇസ്ലാമിക് ബാങ്കിംഗ് മേഖല മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ഇസ്ലാമിക് ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകര്യത ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ടെന്നും വിദഗ്ധര്‍ സമ്മതിക്കുന്നു.

സാമ്പ്രദായിക ബാങ്കുകളെ അപേക്ഷിച്ച് 2019 ആദ്യ പകുതിയില്‍ ഇസ്ലാമിക് ബാങ്കുകളുടെ ആസ്തിയില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. അതേസമയം ലാഭത്തില്‍ സാമ്പ്രദായിക ബാങ്കുകളും, ഇസ്ലാമിക് ബാങ്കുകളും ഒരേതരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതേ രീതിയിലുള്ള വളര്‍ച്ച രണ്ടാംപകുതിയിലും തുടരാനാണ് സാധ്യത. യുഎഇയിലെ പ്രാദേശിക ബാങ്കുകളുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 6-7 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Arabia
Tags: uae banks