പുതിയ വേരിയന്റില്‍ സുസുകി ആക്‌സസ് 125

പുതിയ വേരിയന്റില്‍ സുസുകി ആക്‌സസ് 125

നിലവിലെ ഡ്രം ബ്രേക്ക് വേരിയന്റില്‍ (മുന്നിലും പിന്നിലും ഡ്രം ബ്രേക്ക്) അലോയ് വീലുകള്‍ നല്‍കിയാണ് പുതിയ വേരിയന്റ് വിപണിയിലെത്തിച്ചത്. 59,891 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലെ ഡ്രം ബ്രേക്ക് വേരിയന്റില്‍ (മുന്നിലും പിന്നിലും ഡ്രം ബ്രേക്ക്) അലോയ് വീലുകള്‍ നല്‍കിയാണ് പുതിയ വേരിയന്റ് വിപണിയിലെത്തിച്ചത്. ഡ്രം ബ്രേക്ക് അലോയ് വീല്‍ എന്ന പുതിയ വേരിയന്റിന് 59,891 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അലോയ് വീലുകളും മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയുള്ള സുസുകി ആക്‌സസ് 125 സ്‌പെഷല്‍ എഡിഷന്‍ സ്‌കൂട്ടറിന് 61,788 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അലോയ് വീല്‍ സ്‌കൂട്ടറുകള്‍ക്ക് ആവശ്യകത വര്‍ധിക്കുന്നത് കണ്ടാണ് പുതിയ വേരിയന്റ് പുറത്തിറക്കിയതെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിംഗ്, ആഫ്റ്റര്‍സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു. പേള്‍ സുസുകി ഡീപ്പ് ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, പേള്‍ മിറാഷ് വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ സുസുകി ആക്‌സസ് 125 ഡ്രം ബ്രേക്ക് വേരിയന്റ് ലഭിക്കും.

സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. അതേ 124 സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, അലുമിനിയം എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.5 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സുസുകിയുടെ ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, നീളമേറിയ സീറ്റ്, വലിയ ഫ്‌ളോര്‍ ബോര്‍ഡ് എന്നിവ പുതിയ വേരിയന്റില്‍ നല്‍കിയിരിക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സുസുകി മോഡലാണ് ആക്‌സസ് 125. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ പ്രതിമാസ വില്‍പ്പനയില്‍ 90 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ആക്‌സസ് 125 സ്‌കൂട്ടറാണ്. 125 സിസി സെഗ്‌മെന്റില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്‌കൂട്ടര്‍ കൂടിയാണ് സുസുകി ആക്‌സസ് 125.

Comments

comments

Categories: Auto