സൗദി അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

സൗദി അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

അര്‍ദ്ധവാര്‍ഷിക കണക്കില്‍ 46.9 ബില്യണ്‍ ഡോളര്‍ ലാഭമാണ് അരാംകോ റിപ്പോര്‍ട്ട് ചെയ്തത്

റിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനി സൗദി അരാംകോയുടെ അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ 12 ശതമാനം ഇടിവ്. 2019 ആദ്യപകുതിയില്‍ 46.9 ബില്യണ്‍ ഡോളര്‍ ലാഭമാണ് അരാംകോ റിപ്പോര്‍ട്ട് ചെയ്തത്. ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന പേര് അരാംകോ നിലനിര്‍ത്തി.

എണ്ണവില തകര്‍ച്ചയ്ക്കിടയിലും നിരന്തരമായ പ്രവര്‍ത്തന മികവിലൂടെയും വിദഗ്ധമായ ചിലവ് കൈകാര്യം ചെയ്യലിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയും ശക്തമായ വരുമാനവും ലാഭവും ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതായി അരാംകോ സിഇഒ അമീന്‍ നാസര്‍ പറഞ്ഞു. വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് വരുമാനങ്ങള്‍ അടക്കം 163.88 ബില്യണ്‍ ഡോളര്‍ വരുമാനമാണ് അരാംകോ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നേടിയത്. മുന്‍വര്‍ഷം ഇത് 167.68 ബില്യണ്‍ ഡോളറായിരുന്നു.

പ്രതീക്ഷയ്ക്ക് വിരുദ്ധമായി എണ്ണവിലയില്‍ 4 ശതമാനം തകര്‍ച്ച ഉണ്ടായതാണ് വരുമാനം കുറയാനുള്ള പ്രധാനകാരണമായി അരാംകോ ചൂണ്ടിക്കാണിച്ചത്. ബാരലിന് ഏകദേശം 69 ഡോളര്‍ പ്രതീക്ഷിച്ചിരുന്ന സമയത്ത് 66 ഡോളറാണ് ലഭിച്ചത്. കൂടാതെ ഉല്‍പ്പാദന, നിര്‍മാണ ചിലവുകള്‍ അധികരിച്ചതും മൂല്യത്തകര്‍ച്ചയും ലോണ്‍ തിരിച്ചടവും വരുമാനത്തിന് തിരിച്ചടിയായി. ആദായ നികുതിയില്‍ 2.62 ബില്യണ്‍ ഡോളറിന്റെ കുറവ് വന്നതാണ് വരുമാനത്തില്‍ കാര്യമായ തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ സഹായകമായത്.

ഓഹരി വിപണിയില്‍ ലിസ്്റ്റ് ചെയ്തിട്ടുള്ള ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായ ആപ്പിള്‍ 31.5 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം എക്‌സോണ്‍ മൊബീല്‍ 5.5 ബില്യണ്‍ ഡോളറും റോയല്‍ ഡച്ച് ഷെല്‍ 8.8 ബില്യണ്‍ ഡോളറും ലാഭം റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Arabia