അന്ത്യശ്വാസം വലിക്കുന്ന വിവരാവകാശ നിയമം

അന്ത്യശ്വാസം വലിക്കുന്ന വിവരാവകാശ നിയമം

വിവരാവകാശ നിയമത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാക്കുന്ന വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഈ ബില്‍ പാസ്സായത്. 2005 ല്‍ അംഗീകരിച്ച വിവരാവകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകളിലാണ് ഭേദഗതി വരുന്നത്. എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്

വിവരങ്ങള്‍ അറിയുന്നതിനുള്ള അവകാശം രാജ്യത്തെ പൗരന്‍മാരെ സംബന്ധിച്ചിടത്തോളം മൗലിക അവകാശങ്ങള്‍ക്ക് സമാനമായ ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അരനൂറ്റാണ്ടിനു പുറത്ത് ഈ അവകാശം നിക്ഷേധിക്കപ്പെടുകയാണ് ഉണ്ടായത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005 ഒക്‌റ്റോബര്‍ 12 നാണ് ഈ നിയമം നിലവില്‍ വന്നത്. ഭരണഘടന പ്രകാരമോ, ലോക്‌സഭയുടേയോ നിയമസഭകളുടേയോ നിയമം വഴിയോ, സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്ന എല്ലാ സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ലോകത്തില്‍ തന്നെ ഈ വിവരാവകാശ നിയമം ഒരു മാതൃകയായിരുന്നു. വിശ്വാസ്യതയും ഉത്തരവാദിത്വവുമായിരുന്നു ഇതിന്റെ മുഖമുദ്ര. രാജസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘഥന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിവരാവകാശ നിയമത്തിനുവേണ്ടിയുള്ള വലിയ പ്രസ്ഥാനം ആരംഭിച്ചത്.

വിവരാവകാശ നിയമത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാക്കുന്ന വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഈ ബില്‍ പാസ്സായത്. ഭേദഗതി ബില്‍ വീണ്ടും സെലക്റ്റ് കമ്മറ്റിക്ക് അയക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടില്ല. സുപ്രധാനമായ ഈ ബില്ലിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമാകുകയും ചെയ്തു.

വിവരാവകാശ കമ്മീഷണര്‍മാരുടെ ഔദ്യോഗിക കാലയളവ്, സേവനവേതന വ്യവസ്ഥകള്‍, പദവി എന്നിവ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. 2005 ല്‍ അംഗീകരിച്ച വിവരാവകാശ നിയമത്തിന്റെ 13, 16, 27 വകുപ്പുകളിലാണ് ഭേദഗതി വരുന്നത്. നിലവിലുള്ള നിയമത്തില്‍ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും, സേവനം സംബന്ധിച്ച നിബന്ധനകളും മറ്റും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടേതിന് സമാനമായിരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടേത് സംസ്ഥാന ചീഫ് സെക്രട്ടറിയുടേയതിന് സമാനമാണെന്ന് നിയമത്തിലുണ്ട്. അഞ്ച് വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. നിലവിലുള്ള അവകാശങ്ങളും അധികാരങ്ങളും എടുത്തുകളഞ്ഞ് എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

കമ്മീഷനുകളുടെ കാലാവധി കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റാനും പുതിയ ഭേദഗതിയിലൂടെ കഴിയും. ചുമതല ഏറ്റെടുക്കുന്നതു മുതല്‍ അഞ്ച് വര്‍ഷത്തേക്കെന്നാണ് നിലവിലെ കാലപരിധിയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലപരിധി ആയിരിക്കും മേലില്‍ ഉണ്ടാകുക. ഇഷ്ടംപോലെ വിവരാവകാശ കമ്മീഷനുകളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം പുതിയ ഭേദഗതിയിലൂടെ സര്‍ക്കാരിന് ലഭ്യമാകും.

ജനവിരുദ്ധമായ ഈ ഭേദഗതിക്ക് അനുകൂലമായി 218 പേരും എതിര്‍ത്ത് 79 പേരും നിലകൊണ്ടു. കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി ബില്ലിന് വിശദീകരണം വേണമെന്ന് സഭയില്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും നല്‍കപ്പെട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഭേദഗതി നിര്‍ദ്ദേശങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. വിവരാവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ ബില്‍. വിവരാവകാശ കമ്മീഷന്റെ സേവന-വേതന വ്യവസ്ഥകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുതോടെ ഇതിലെ എല്ലാ ഉദ്യോഗസ്ഥന്‍മാരുടെയും നിയന്ത്രണം സര്‍ക്കാരിനാകും. പിന്നീട് ഇതില്‍ പാര്‍ലമെന്റിന് ഒരു അധികാരവും ഉണ്ടാകാന്‍ സാധ്യതയും ഇല്ല. കമ്മീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം അപ്പാടെ ഇതോടെ ഇല്ലാതാകും. ഈ നിയമത്തിന്റെ നിഷ്പക്ഷതയും നഷ്ടപ്പെടും. ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. ഭരണപരമായ കാരണങ്ങളാലാണ് ഭേദഗതി നിര്‍ദ്ദേശങ്ങളെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു.

വളരെ ഫലപ്രദമായ ചര്‍ച്ചയാണ് ഈ നിയമ ഭേദഗതിയെ സംബന്ധിച്ച് ലോക്‌സഭയില്‍ നടന്നത്. ഭേദഗതികളോടെ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ ചോര്‍ന്ന് പോകുമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആരോപിച്ചു. പല നിര്‍ണ്ണായക രേഖകളും വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തില്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയതൊയിരുന്നു തരൂരിന്റെ ചോദ്യം. പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണ ചരിത്രത്തിലെ കറുത്ത ദിവസമാണ് ബില്‍ പാസ്സാക്കിയ ദിവസം എന്നായിരുന്നു ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്റെ വിമര്‍ശനം. 2005 ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന ഭേദഗതിയാണ് ബിജെപി സര്‍ക്കാരിന്റെ ഈ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി ഈ ഭേദഗതി വളരെ അപകടകരമായ ഒന്നാണെന്ന് ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ അറിയാനുള്ള ജനാധിപത്യ അവകാശമാണ് ഈ ഭേദഗതിയില്‍ കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ കമ്മീഷന്‍ ഭരണഘടനാപരമായിട്ടുള്ള ഒരു സ്റ്റാറ്റിയൂട്ടറി ബോഡി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വെളിച്ചത്തിനു പകരം കൂരിരുട്ടിനെ ആഗ്രഹിക്കുന്നവരാണ് കേന്ദ്രസര്‍ക്കാരെന്നും വിവരാവകാശ നിയമത്തിനെതിരെ കാണിക്കുന്ന അസഹിഷ്ണുത അതിന്റെ പരിണിത ഫലമാണെും മുസ്ലീംലീഗ് അംഗം ഇ റ്റി. മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. വിവരാവകാശ കമ്മീഷനെ സര്‍ക്കാരിന്റെ വേലക്കാരാക്കി മാറ്റുന്ന ഏര്‍പ്പാടാണ് ഈ നിയമഭേദഗതിയെന്ന് ഡിഎംകെയിലെ എ രാജ പറഞ്ഞു.

പുതിയ ഭേദഗതികള്‍ വിവരാവകാശ നിയമത്തിന്റെ മരണമണിയാണെന്ന് മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്‍ ലുലു പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള അംഗങ്ങള്‍ ഈ നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിയമഭേദഗതിയോട് കൂടി വിവരാവകാശ കമ്മീഷന്‍ അധികാരങ്ങള്‍ നഷ്ടപ്പെട്ട് നാമമാത്രമായ ഒരു സ്ഥാപനമായി മാറ്റപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭേദഗതി പാസ്സാക്കപ്പെടുന്നതോടു കൂടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള അനുസരണയുള്ള പാദസേവകരായി വിവരാവകാശ കമ്മീഷന്‍ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരാവകാശ നിയമം നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ പ്രഖ്യാപനം എന്നുപോലും വിവരാവകാശ നിയമം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭരണകര്‍ത്താക്കളില്‍ നിന്ന് മാത്രമല്ല; ജ്യുഡീഷ്യറിയില്‍ നിന്നുപോലും വലിയ വെല്ലുവിളികള്‍ നിയമം നേരിടേണ്ടി വന്നിട്ടുണ്ട്. ഈ നിയമം അധികാര കേന്ദ്രങ്ങളെ സ്വാഭാവികമായും അസ്വസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍റ്റിഐ നിയമത്തിന് ഭേദഗതി കൊണ്ടുവെങ്കിലും മോദി സര്‍ക്കാരിന് അത് പാസ്സാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. വന്‍ ഭൂരിപക്ഷം നേടി വീണ്ടം അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ നിയമ ഭേദഗതി പാസ്സാക്കിയെടുക്കാന്‍ തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവും സേവനവ്യവസ്ഥകളും മറ്റും തീരുമാനിക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കൈയില്‍ വരുന്ന നിലയില്‍ ആര്‍റ്റിഐ 16 ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ നിലവിലുള്ള ഇന്ത്യന്‍ ഫെഡറലിസത്തിന് മറ്റൊരു പ്രഹരം കൂടി ലഭിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് വിവരാവകാശ നിയമം കൊണ്ടുവരുന്നതിനും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിനും വേണ്ടി 80 ല്‍ പരം പേരാണ് രക്തസാക്ഷിത്വം വരിച്ചിട്ടുള്ളത്. അവരോട് കാട്ടുന്ന കടുത്ത നീതികേടാണ് ഈ പുതിയ ഭേദഗതി. ആര്‍റ്റിഐ ദുര്‍ബലമാകുന്നതുകൊണ്ട് ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ക്കും, ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും വന്‍നേട്ടമാണ് കൈവരാന്‍ പോകുന്നത്. പക്ഷേ, കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ അവകാശങ്ങളും, പൗരാവകാശങ്ങളും നിര്‍ദ്ദയം കൊലചെയ്യപ്പെടുകയും ചെയ്യും.

(ലേഖകന്റെ ഫോണ്‍: 9847132428, E-mail: advgsugunan@gmail.com )

Categories: FK Special, Slider