അരി കയറ്റുമതി: സൗദി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

അരി കയറ്റുമതി: സൗദി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

ചില മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പുനരാലോചന നടത്തണമെന്നും ആവശ്യപ്പെടും

ന്യൂഡെല്‍ഹി: സൗദി അറേബ്യയിലേക്ക് അരി കയറ്റുമതി ചെയ്യുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി അനുവദിച്ച കാലാവധി നീട്ടാന്‍ ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടേക്കും. നെല്‍പ്പാടങ്ങള്‍ സൗദി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അതോറിറ്റി(എസ്എഫ്ഡിഎ) ഇന്ത്യയിലെ അരി കയറ്റുമതിക്കാര്‍ക്ക് മുമ്പാകെ വെച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനകം ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ സൗദിയിലേക്ക് അരി കയറ്റുമതി ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നാണ് എസ്എഫ്ഡിഎ അറിയിച്ചിട്ടുള്ളത്.

അരിയുടെയും സംസ്‌കരിച്ച മറ്റ് ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതിയുടെ ചുമതലയുള്ള കേന്ദ്ര എജന്‍സിയായ കാര്‍ഷിക, ഭക്ഷ്യ കയറ്റുമതി വികസന അതോറിറ്റി(എപിഇഡിഎ) എസ്എഫ്ഡിഎ വ്യവസ്ഥകള്‍ സംബന്ധിച്ച് ശനിയാഴ്ച അരി കയറ്റുമതിക്കാരുടെ സംഘടനയുമായി ചര്‍ച്ചകള്‍ നടത്തി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി അനുവദിച്ച കാലാവധി നീട്ടി നല്‍കാന്‍ എസ്എഫ്ഡിഎയോട് ആവശ്യപ്പെടാന്‍ എപിഇഡിഎ തീരുമാനിച്ചതായാണ് വിവരം. ചില വ്യവസ്ഥകളില്‍ പുനരാലോചന നടത്താനും ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടേക്കും.

കയറ്റുമതി കമ്പനികളുടെ വിവരങ്ങള്‍ ചരക്കില്‍ ലേബല്‍ ചെയ്യല്‍, അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അടക്കം ആറ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് എസ്എഫ്ഡിഎ ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി കമ്പനികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന് സെപ്റ്റബംര്‍ ഒന്ന് വരെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന അരി ഉല്‍പ്പാദിപ്പിക്കുന്ന നെല്‍പ്പാടങ്ങള്‍ സൗദി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുക, കയറ്റുമതി ചെയ്യുന്ന ബസ്മതി അരിയില്‍ അനുവദിനീയമായ മറ്റ് ധാന്യങ്ങളുടെ അളവ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ പുനരാലോചിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാനിരിക്കുന്നത്.

സൗദി അറേബ്യയിലേക്കാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ബസ്മതി അരി കയറ്റി അയക്കുന്നത്.

Comments

comments

Categories: Arabia