മുംബൈ: രാജ്യം ഏറെ കാത്തിരുന്ന റിലയന്‍സ് ജിയോയുടെ ഗിഗാഫൈബര്‍ സേവനങ്ങള്‍ അടുത്ത മാസം അഞ്ചു മുതല്‍ ആരംഭിക്കും. മുംബൈയില്‍ നടന്ന കമ്പനിയുടെ 42 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് റിലയന്‍സ് ജിയോയുടെ മൂന്നാമത്തെ പിറന്നാള്‍ ദിനമാണ് വമ്പന്‍ പദ്ധതി ആരംഭിക്കുന്നത്. ജീവിതകാലം മുഴുവന്‍ സൗജന്യ കോളുകള്‍ വിളിക്കാവുന്ന ലാന്‍ഡ്ലൈന്‍, എച്ച്ഡി ഗുണനിലവാരമുള്ള കേബിള്‍ കണക്ഷന്, 100 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗതയുള്ള ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് എന്നിവയാണ് ഗിഗാഫൈബറിലൂടെ ലഭിക്കുക. ടെലികോം രംഗത്തെ പിടിച്ചടക്കിയ ജിയോ മൊബീല്‍ കണക്ഷന് സമാനമായി രാജ്യത്തെ മൂന്ന് വ്യവസായ മേഖലകളെ ഒരൊറ്റ അസ്ത്രത്തിലൂടെ എയ്തുവീഴ്ത്താനാണ് മുകേഷിന്റെ ശ്രമം.
100 എംബിപിഎസ് വേഗതയുള്ള ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) സേവനത്തിന്റെ അടിസ്ഥാന പാക്കേജ് പ്രതിമാസം 700 രൂപ മുതലാണ് ലഭ്യമാകുക. ഏറ്റവും മുന്തിയ പാക്കേജിന് പ്രതിമാസം 10,000 രൂപയാവും ചാര്‍ജ്. ഏത് ടെലികോം നെറ്റ്വര്‍ക്കിലേക്കും സൗജന്യ വോയിസ് കോള്‍ ലഭ്യമാവും. ആഗോള നിരക്കുകളുടെ അഞ്ചിലൊന്നു മുതല്‍ പത്തിലൊന്ന് വരെ കുറഞ്ഞ നിരക്കിലാകും സേവനങ്ങള്‍ ലഭിക്കുകയെന്ന് മുകേഷ് പറഞ്ഞു. പ്രതിമാസം 500 രൂപ നിരക്കില്‍ പരിധികളില്ലാത്ത യുഎസ്/കാനഡ പാക്കും ജിയോ നല്‍കും. ഡിജിറ്റല്‍ ടിവി മുതല്‍ ക്ലൗഡ് ഗെയിമിംഗ് വരെ ജിയോ ഫൈബറിന്റെ വിവിധ ഉപയോഗങ്ങളെപ്പറ്റി യോഗത്തില്‍ പങ്കെടുത്ത മുകേഷിന്റെ മകന് ആകാശ് അംബാനിയും മകള്‍ ഇഷാ അംബാനിയും വിശദീകരിച്ചു.
വീട്ടില്‍ സിനിമ റിലീസ്
ഗിഗിഫൈബറിന്റെ ഫോര്‍എവര്‍ പ്ലാനില്‍ എച്ച്ഡി അല്ലെങ്കില്‍ 4കെ റെലസൂഷനുള്ള ഒരു എല്‍ഇഡി ടിവിയും 4കെ സെറ്റ്ടോപ്പ് ബോക്സും ഓരോ വരിക്കാരനും സൗജന്യമായി ലഭിക്കും. തീയേറ്ററില്‍ റിലീസാവുന്ന അതേ സമയം തന്നെ വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇത് പ്രേക്ഷകന് നല്‍കുക. നെറ്റ്ഫഌക്സും ആമസോണ്‍ പ്രൈമും മുതല്‍ തിയേറ്റര്‍ ഉടമകള്‍ വരെ മുകേഷിനെ ഭയക്കണമെന്നു സാരം.
ജിയോയുടെ ഭാവി
എല്ലാ മാസവും ജിയോയ്ക്ക് പത്ത് ദശലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നു. റിലയന്‍സിന്റെ വയര്‍ലെസ് ഹാര്ഡ്വെയര് ഇപ്പോഴേ 4ജി പ്ലസാണ്. അത് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. ജിയോയുടെ ഇന്റര്‍നെറ്റ് ഓഫ് തിംഗ് (ഐഒടി) പ്ലാറ്റ്ഫോം 2020 ജനുവരി ഒന്നിന് യാഥാര്‍ത്ഥ്യമാകും. ഒരു ബില്യണ്‍ ഉപകരണങ്ങള്‍ ഇതുമായി ബന്ധിപ്പിക്കപ്പെടും 20,000 കോടി രൂപയുടെ അധിക വരുമാനവും ഇതിലൂടെ കമ്പനിക്ക് ലഭിക്കും
ഇടപാടുകളുടെ മാതാവ്
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ ടു കെമിക്കല്‍സ് (ഒടിസി) ബിസിനസിന്റെ 20% ഓഹരികള്‍ സൗദി അറേബ്യയിലെ വമ്പന്‍ എണ്ണക്കമ്പനിയായ അരാംകോ ഏറ്റെടുക്കും. 75 ബില്യണ്‍ ഡോളറില്‍ നടക്കുന്ന ഓഹരികൈമാറ്റം ഇന്ത്യയില്‍ ഇന്നു വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ ഇടപാടായാണ് (എഫ്ഡിഐ) വിലയിരുത്തപ്പെടുന്നത്. ഇരു കമ്പനികളും തമ്മില്‍ ധാരണയായെങ്കിലും ഇടപാട് യാഥാര്‍ത്ഥ്യമാകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കേണ്ടതുണ്ട്. റിലയന്‍സിന്റെ റിഫൈനറി, കെമിക്കല്‍സ് ബിസിനസ് വിഭാഗങ്ങള്‍ ലയിപ്പിച്ച് രൂപം നല്കിയ ഒടിസി, പെട്രോളിയത്തെ കെമിക്കല്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടി വരുമാനമാണ് യൂണിറ്റ് നേടിയത്.
സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അരാംകോ, റിലയന്‍സിന്റെ ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ വിതരണം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ജാംനഗര്‍ റിഫൈനറിക്ക് ഒരു ദിവസം 1.4 ദശലക്ഷം ബാരല്‍ ശുദ്ധീകരണശേഷിയാണുള്ളത്. 2030 ഓടെ ശേഷി പ്രതിദിനം രണ്ട് ദശലക്ഷം ബാരലായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഔദ്യോഗികമായി സൗദി അറേബ്യന്‍ ഓയില്‍ കമ്പനി എന്നറിയപ്പെടുന്ന സൗദി അരാംകോ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയുമാണ്.
ഒന്നര വര്‍ഷത്തില്‍ കടമൊഴിവാക്കും
18 മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ കടങ്ങളെല്ലാം ഒഴിവാക്കി സ്വതന്ത്രമാകുനെന്ന് നിക്ഷേപകര്‍ക്ക് ചെയര്മാന് മുകേഷ് അംബാനിയുടെ ഉറപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,54,478 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ കടം. കമ്പനിയുടെ എഡിഡ്റ്റ (പലിശയും നികുതിയും അടയ്ക്കുന്നതിന് മുന്‍പുള്ള വരുമാനം) അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം 15% വീതം ഉയര്‍ത്താനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുകേഷ് പറഞ്ഞു. ജിയോയും റിലയന്‍സ് റീട്ടെയ്ലും വൈകാതെ എബിഡ്റ്റയുടെ 50% വഹിക്കും. അഞ്ച് വര്‍ഷത്തിനകം ഈ കമ്പനികളെ ലിസ്റ്റ് ചെയ്യും.
റീട്ടെയ്ല്‍ യുദ്ധം വരുന്നു
ഉല്‍പ്പാദകരെയും വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും റിലയന്‍സ് ന്യൂ കൊമേഴ്സ് എന്ന ഏകീകൃത പ്ലാറ്റ്ഫോമിലെത്തിച്ച് പുതിയ വിപണി യുദ്ധത്തിന് തുടക്കം കുറിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നു. രാജ്യത്തെ ചെറുകിട കച്ചവടക്കാരെ ഹൈ സ്പീഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി കൂട്ടിയിണക്കാനാണ് പരിപാടി. ഈ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമാണെന്ന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തെ അറിയിച്ചു. 90% വരുന്ന ചില്ലറ വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും അണിനിരത്തി ബിഗ്ബാസാറിനെയും ആമസോണിനെയും വാള്‍മാര്‍ട്ടിനെയും മുകേഷ് വെല്ലുവിളിക്കുമെന്നര്ത്ഥം.
you're currently offline