ആരോഗ്യകരമായ പാനീയങ്ങള്‍ വിതരണം ചെയ്യുന്ന സംരംഭമാണ് റോ പ്രസറി. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ സംരംഭം വിതരണം ചെയ്യുന്ന ജ്യൂസ് ബോട്ടിലുകള്‍ ഉപയോഗശേഷം തിരികെ വാങ്ങി റീസൈക്കിള്‍ ചെയ്ത് വസ്ത്ര നിര്‍മാണത്തിന് ഉപയോഗിച്ചാണ് റോ പ്രസറി മാതൃകയാകുന്നത്. റോസൈക്കിള് എന്ന പേരിലുള്ള പുതുസംരംഭം ഈ വര്‍ഷം 1500 ല്‍പ്പരം ടി-ഷര്‍ട്ടുകള്‍ വിപണിയില്‍ പുറത്തിറക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് മനുഷ്യരാശിക്ക് എത്രത്തോളം ദോഷകരമാണെന്ന വസ്തുത സമുക്കെല്ലാം നന്നായി അറിയാം. ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരായാലും പ്ലാസ്റ്റിക്കിനോട് പരിപൂര്‍ണമായി നോ പറയാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യം. പ്ലാസ്റ്റിക് റീസൈക്കിളിംഗ്, അപ്സൈക്കിളിംഗ് എന്നിങ്ങനെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവേശഷിപ്പിക്കാതെ തടയുന്ന രീതിക്ക് ഇന്ന് ഡിമാന്‍ഡ് ഏറിവരുന്നു. ഇത്തരം ആശയങ്ങളുമായി ഒട്ടനവധി പുതുസംരംഭങ്ങള്‍ തുടക്കമിടുന്നുണ്ട്. ആരോഗ്യകരമായ, കോള്പ്രസ്ഡ് ജ്യൂസ് വിപണിയില്‍ എത്തിക്കുന്ന റോ പ്രസറി എന്ന സംരംഭവും ഇതേ ആശയത്തില്‍ ഒരു പുതു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. സംരംഭം വിതരണം ചെയ്യുന്ന ജ്യൂസ് ബോട്ടിലുകള്‍ ഉപയോഗശേഷം തിരികെ വാങ്ങി റീസൈക്കിള്‍ ചെയ്ത് മികച്ച തുണിത്തരങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചാണ് അവര്‍ സംരംഭ മേഖലയില്‍ പുതിയ മാതൃക കാട്ടിത്തരുന്നത്.
റീസൈക്കിളിംഗിലൂടെ 1500 ടി -ഷര്‍ട്ടുകള്‍ വിപണിയില്‍
റോസൈക്കിള് എന്ന പുതു സംരംഭത്തിന്റെ ഭാഗമായി 1.2 ദശലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ വിവിധ ഇടങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച് റീസൈക്കിള്‍ ചെയ്ത് തുണിത്തര നിര്‍മാണത്തിന് ഉപയോഗിക്കുകയുണ്ടായി. ഈ വര്‍ഷം 1500 ടി-ഷര്‍ട്ടുകളാണ് ഇതുവഴി വിപണിയില്‍ പുറത്തിറക്കിയത്. മുംബൈ ആസ്ഥാനമായാണ് ഇവരുടെ പ്രവര്‍ത്തനം. 2017ലെ സിപിസിബി (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്) യുടെ കണക്കുകള്‍ പ്രകാരം ഒരു ദിവസം 29540 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ത്യയില്‍ അവശേഷിപ്പിക്കപ്പെടുന്നു. ഇവയില്‍ കൂടുതലും ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന ബോട്ടിലുകള്‍, ബാഗ്, സാഷെ പായ്ക്കറ്റുകള്‍, റാപ്പറുകള്, കവറുകള്‍ എന്നിവയാണ്. പ്രധാനമായും പ്ലാസ്റ്റിക് ബോട്ടിലുകളാണ് കൂടുതല്‍ അപകടകാരി. പോളിഎഥിലിന്‍ റ്റെറാഫ്ത്തലീന് (പിഇടി) നിര്‍മിത ബോട്ടിലുകള്‍ ഭൂമിയില്‍ വര്‍ഷങ്ങളോളം നിലനില്ക്കും, അഴുകിച്ചേരില്ല. എന്നാലിവയെ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാനാകും. മാത്രമല്ല സുരക്ഷിതമായി തുണിത്തരങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്യാം.
റോ പ്രസറിയിലെ ചീഫ് റീസൈക്കിളിംഗ് ഓഫീസറായ അതിയ രാക്യനാണ് പ്ലാസ്റ്റിക്കില്‍ നിന്നും വസ്ത്രം നിര്‍മിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. ” പരിസ്ഥിതിക്ക് ഏറെ വിനാശകാരിയാണ് പ്ലാസ്റ്റിക്ക്. ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതിനാല്‍ ഞങ്ങളുടെ പാക്കേജിംഗിനും മറ്റുമായി വരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് അവ റീസൈക്കിള്‍ ചെയ്യാന്‍ മുന്‍കൈയെടുക്കുന്നു”,റോ പ്രസറിയുടെ സിഇഒ ആയ അനുജ് രാക്യാന് പറയുന്നു.
സ്ട്രീറ്റ് ടു സ്റ്റുഡിയോ വസ്ത്രശേഖരം
തെരുവില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് തുണിത്തരങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സ്റ്റുഡിയോയിലേക്ക് എത്തുന്നതിനാല്‍ സ്ട്രീറ്റ് ടു സ്റ്റുഡിയോ എന്ന പേരാണ് ഈ വസ്ത്രശേഖരത്തിന് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് കഴുകി വ്യത്തിയാക്കി ആദ്യം ചെറുകഷണങ്ങളാക്കി മാറ്റും. പിന്നീടിവ ഉരുക്കി ചിപ്പുകളാക്കി മാറ്റിയ ശേഷമാണ് നൂലുകളാക്കി മാറ്റുന്നത്. വസ്ത്രം നിര്‍മിക്കുന്നതിനായി 95 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് പോളിസ്റ്റര്‍ നൂലുകളും അഞ്ച് ശതമാനം ഭാരം കുറഞ്ഞ സിന്തറ്റിക് ഫൈബറുകളായ സ്പാന്ഡെക്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആയിരം രൂപ വിലയുള്ള ഷര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെയാണ് വില്‍പ്പന നടത്തുന്നത്.
പ്ലാസ്റ്റിക് വസ്ത്രനിര്മാണത്തിലേക്ക്
രണ്ട് വര്‍ഷം മുമ്പ് റോ പ്രസറി നാസികില്‍ സുല ഫെസ്റ്റിവല്‍ എന്ന പേരില്‍ വാര്‍ഷിക ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ സ്വാഭാവികമായും റോ പ്രഷറി ജ്യൂസ് നിരവധിപേര്‍ ഉപയോഗിച്ചതിനാല്‍ മാലിന്യ ബോക്സുകള്‍ നിറഞ്ഞു കവിഞ്ഞ് വലിയൊരു ബോട്ടില്‍ പിരമിഡ് തന്നെ അതിയ അവിടെ കാണാനിടയായി. ഈ കാഴ്ചയാണ് കമ്പനി വഴിയുണ്ടാകുന്ന മാലിന്യം സ്വയം റീസൈക്കിള്‍ ചെയ്യണമെന്ന് ചിന്തിപ്പിക്കാന്‍ ഇടയാക്കിയതെന്ന് അതിയ ഓര്‍മിക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പകരം ഗ്ലാസ് ബോട്ടിലില്‍ പാനീയം പുറത്തിറക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും ഗ്ലാസ് നിര്‍മാണത്തില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കൂടുതലായതിനാല്‍ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് പ്ലാസ്റ്റിക്ക് റീസൈക്കിളിംഗിലേക്ക് എത്തിയത്. അതോടെ ഈ മാലിന്യങ്ങള്‍ ഉപകാരപ്രദമാക്കി തീര്‍ക്കാനുള്ള ഗവേഷണത്തിലായി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാറ്റിയെടുക്കാന്‍ അനന്തസാധ്യതകള്‍ മുന്നില്‍ക്കണ്ട അതിയ ഫാഷന്‍ വിഭാഗത്തോടുള്ള താല്‍പ്പര്യത്തിലാണ് ഈ ആശയം കടമെടുത്തത്.
ജ്യൂസ് ബോട്ടിലുകള്‍ വാങ്ങുന്ന ഉപഭോക്താക്കളോട് അവ ഉപയോഗശേഷം തിരികെ എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ട്, You return, we recycle എന്ന നയത്തിനും പിന്നീട് സംരംഭം തുടക്കമിട്ടു. കൂടാതെ ജ്യൂസ് സ്ഥിരമായി വാങ്ങുന്ന കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും ഒഴിഞ്ഞ ബോട്ടിലുകള്‍ തിരികെ വാങ്ങിത്തുടങ്ങി. 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒഴിഞ്ഞ ബോട്ടിലുകള്‍ തിരികെ നല്‍കുന്നതിനായി പിക്ക് അപ് സേവനങ്ങളും കമ്പനി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 60 ശതമാനത്തോളം പ്ലാസ്റ്റിക് മാത്രമാണ് റീസൈക്കിളിംഗിന് വിധേയമാക്കുന്നത്. മറ്റ് സംരംഭങ്ങളും ഈ സംരംഭത്തിന്റെ മാത്യക പിന്തുടര്ന്നാല് ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകും.
you're currently offline