ഉല്‍പ്പാദനം ഒരു കോടി തികച്ച് മിനിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം

ഉല്‍പ്പാദനം ഒരു കോടി തികച്ച് മിനിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം

ഒരു കോടിയെന്ന എണ്ണം തികഞ്ഞ കാര്‍ മിനിയുടെ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു

ഓക്‌സ്‌ഫോഡ് : അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനി. ഇതിനിടയില്‍ സുപ്രധാന നാഴികക്കല്ല് താണ്ടാന്‍ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു. അറുപതാം വര്‍ഷമെത്തുമ്പോള്‍ ഇതുവരെയായി ഒരു കോടി കാറുകളാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോടിയെന്ന എണ്ണം തികഞ്ഞ കാര്‍ മിനിയുടെ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. മിനി 60 ഇയേഴ്‌സ് എഡിഷന്‍ എന്ന മോഡലാണ് പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് പുറത്തുവന്നത്.

ആഘോഷപരിപാടികളുടെ ഭാഗമായി മിനി 60 ഇയേഴ്‌സ് എഡിഷന്‍ മോഡലും ആദ്യ മിനി കാറായ 1959 മോഡല്‍ മിനിയും ഓരോ വര്‍ഷത്തെയും ഒരു കാര്‍ വീതം മറ്റ് അറുപത് മിനികളും ചേര്‍ന്ന് ഒരുമിച്ചൊരു ഫോട്ടോയ്ക്കുവേണ്ടി പോസ് ചെയ്തു. അലക് ഇസിഗോണിസ് എന്ന ഡിസൈനര്‍ 1959 ലാണ് ആദ്യ മിനി രൂപകല്‍പ്പന ചെയ്തത്. രണ്ടായിരാമാണ്ട് വരെ, ലോകമാകമാനം 53 ലക്ഷത്തോളം യൂണിറ്റ് ക്ലാസിക് മിനി വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു.

2000 ല്‍ ബിഎംഡബ്ല്യുവിന്റെ കീഴില്‍ മിനി ബ്രാന്‍ഡ് റീലോഞ്ച് ചെയ്യപ്പെട്ടു. പിന്നീട് ജനപ്രീതിയാര്‍ജ്ജിച്ച ന്യൂ ജെന്‍ മോഡലുകള്‍ വിപണിയിലെത്തി. 2018 ല്‍ മാത്രം ലോകമെമ്പാടും നാല് ലക്ഷത്തോളം മിനി കാറുകള്‍ വിറ്റുപോയി. നിലവില്‍ 110 രാജ്യങ്ങളിലാണ് മിനി വില്‍ക്കുന്നത്. മിനി 3 ഡോര്‍, മിനി 5 ഡോര്‍, മിനി ക്ലബ്മാന്‍ എന്നീ മോഡലുകള്‍ ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നു. അതേസമയം, വിഡിഎല്‍ നെഡ്കാര്‍ എന്ന ഡച്ച് പ്രൊഡക്ഷന്‍ പങ്കാളിയാണ് മിനി കണ്‍വെര്‍ട്ടിബിള്‍, മിനി കണ്‍ട്രിമാന്‍ മോഡലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഈ വര്‍ഷം നവംബറില്‍ ഓള്‍ ഇലക്ട്രിക് മിനിയായ മിനി കൂപ്പര്‍ എസ്ഇ പുറത്തിറക്കും. ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ആദ്യ ഇലക്ട്രിക് കാറാണ് മിനി കൂപ്പര്‍ എസ്ഇ.

Comments

comments

Categories: Auto
Tags: MINI