പാക്കിസ്ഥാന്റെ ഒഴിഞ്ഞ ആവനാഴി

പാക്കിസ്ഥാന്റെ ഒഴിഞ്ഞ ആവനാഴി

പാക്കിസ്ഥാനെയും പാക് അനുകൂലികളെയും കടുത്ത നിരാശയിലേക്ക് തള്ളിയിടുന്ന വിധം കശ്മീര്‍ താഴ്‌വര നിയന്ത്രണങ്ങളുടെ കീഴില്‍ സമാധാനപരമായി ഈദ് ആഘോഷിച്ചു

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കുകയും ചെയ്ത തീരുമാനത്തിന് ശേഷം ഏറ്റവും നിര്‍ണായകമായ ദിനം ഇന്നലെ സമാധാനപൂര്‍വം കടന്നു പോയി. പാക്കിസ്ഥാനെയും പാക് അനുകൂലികളെയും കടുത്ത നിരാശയിലേക്ക് തള്ളിയിടുന്ന വിധം കശ്മീര്‍ താഴ്‌വര നിയന്ത്രണങ്ങളുടെ കീഴില്‍ സമാധാനപരമായി ഈദ് ആഘോഷിച്ചു.

പതിവു പ്രതിഷേധങ്ങളോ കല്ലേറോ പ്രകോപനപരമായ പ്രഭാഷണങ്ങളോ ഉണ്ടായില്ല. ഷോപ്പിയാനും പുല്‍വാമയും പോലെ വിഘടനവാദികള്‍ക്കും പാക് അനുകൂല ഭീകരം സംഘടനകള്‍ക്കും സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധൈര്യപൂര്‍വം മസ്ജിദുകളിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ആശംസകള്‍ നേര്‍ന്ന് സമാധാനത്തോടെ മടങ്ങി. മസ്ജിദുകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്തു. കശ്മീരിലെ പുതിയ മാറ്റങ്ങള്‍ സംസ്ഥാനത്തെ കലാപത്തിലേക്ക് നയിക്കുമെന്നും തെരുവില്‍ ചോരയൊഴുകുമെന്നും പ്രതീക്ഷിച്ചവര്‍ക്കും കനത്ത തിരിച്ചടിയും ആത്മവിശകലനത്തിനുള്ള അവസരവുമാണ് താഴ്‌വരയിലെ സമാധാനാന്തരീക്ഷം. ഈദ് ദിനത്തില്‍ യാതൊരു നിയന്ത്രണങ്ങളും സംസ്ഥാനത്ത് ബാധകമാക്കിയിട്ടില്ലെന്നും ജനങ്ങള്‍ക്ക് സമാധാന പൂര്‍വം ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നും രജൗരി പൊലീസ് സൂപ്രണ്ട് യൂഗല്‍ മന്‍ഹാസും വ്യക്തമാക്കി. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറില്‍ തന്നെ തുടരുകയാണ്. ഈദ് ദിനത്തിലും വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി ആശയവിനിമയം നടത്താനും ആത്മവിശ്വാസം പകരാനും അദ്ദേഹം ശ്രദ്ധിച്ചു. തീര്‍ച്ചയായും വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ പുലരികളിലേക്കുള്ള പ്രത്യാശാ നിര്‍ഭരമായ ദിനങ്ങളാണ് കശ്മീരില്‍ കടന്നു പോകുന്നത്. ഒരു വെടിയൊച്ച പോലും തെരുവുകളില്‍ മുഴങ്ങാത്ത ആ ദിനമാണ് കശ്മീരിലെ സമാധാന പ്രേമികളായ ജനതയും ഇന്ത്യയൊട്ടാകെയും ആഗ്രഹിക്കുന്നത്.

ഈ സമാധാനാന്തരീക്ഷത്തിന് എങ്ങനെ ഭംഗം വരുത്താമെന്നും വീണ്ടും എവിടെ നിന്നും സംഘര്‍ഷം ആരംഭിക്കാമെന്നുമുള്ള ആലോചന തകൃതിയായി നടക്കുന്നുണ്ട്. ജനങ്ങളെ പ്രകോപിപ്പിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് ഫണ്ട് ചെയ്യുകയും ചെയ്തിരുന്ന വിവിധ വിഘടനവാദി നേതാക്കള്‍ രാജ്യത്തെ പല മേഖലകളിലായി തടവിലാക്കപ്പെട്ടതോടെ ഈ നീക്കങ്ങളുടെ മുനയൊടിഞ്ഞിട്ടുണ്ട്. മോഹഭംഗം സംഭവിച്ച പാക്കിസ്ഥാന്‍ ഇനിയും യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയിട്ടില്ല. നയതന്ത്ര ബന്ധങ്ങളും വ്യാപാര സഹകരണവും അവസാനിപ്പിക്കാനും പരസ്പരമുള്ള ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ച പാക്കിസ്ഥാന്റെ സൈനികര്‍ ഇന്നലെ ഇന്ത്യന്‍ സൈനികര്‍ നല്‍കിയ ഈദ് മധുരം നിരസിച്ചു. യുകെ, സൗദി അറേബ്യ, മലേഷ്യ, ബഹ്‌റൈന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാരെ വിളിച്ച് ‘കശ്മീരിലെ ഇന്ത്യന്‍ നിയമ ലംഘന’ത്തെ കുറിച്ച് വാചാലനായ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ ഇന്നലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെയും ഫോണ്‍ വിളിച്ചു.

എന്നാല്‍ ഒരിടത്തു നിന്നും കാര്യമായ പിന്തുണ പാക്കിസ്ഥാന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ എടുത്തിരിക്കുന്ന സുസ്ഥിര നിലപാടും പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടപ്പെട്ടതും ഇതിന് കാരണങ്ങളാണ്. ഐക്യ രാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടെറസിനോടുള്ള പാക് പരിഭവവും ഗുണം ചെയ്തില്ല. കശ്മീര്‍ വിഷയം അഫ്ഗാനിസ്ഥാനോട് കൂട്ടിക്കെട്ടരുതെന്ന താലിബാന്‍ നിലപാടാണ് പാക്കിസ്ഥാനേറ്റ മറ്റൊരു കനത്ത പ്രഹരം. പാക് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളോടായിരുന്നു ഈ പ്രതികരണം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയും (ഒഐസി) പാക് വാദങ്ങള്‍ കേട്ട ശേഷം ഇന്ത്യന്‍ നിലപാടിനെ തള്ളിപ്പറയാന്‍ തയാറായില്ല. പാക് ആവശ്യ പ്രകാരം അടിയന്തരമായി ഓഗസ്റ്റ് ആറിന് വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ പരസ്യ പ്രസ്താവന, വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു. ലഡ്ഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടിനെ എതിര്‍ത്ത ഉറ്റ സുഹൃത്ത് ചൈനയിലായിരുന്നു പിന്നീട് പ്രതീക്ഷ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പുറത്തുവിട്ട പ്രസ്താവനയില്‍ ഉഭയകക്ഷി ചര്‍ച്ച എന്ന പദം കയറിക്കൂടിയത് പാക്കിസ്ഥാനെ ഞെട്ടിച്ചു. ഇന്നലെ ബെയ്ജിംഗില്‍ വാംഗ് യിയെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ഇന്ത്യയുടെ നിലപാട് സുവ്യക്തമാക്കുകയും ഉഭയകക്ഷി അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും തീര്‍ന്ന് ഫലത്തില്‍ നിരായുധരായിരിക്കുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയെ സംബന്ധിച്ച് കശ്മീരില്‍ പുതിയൊരു തുടക്കത്തിനുള്ള അവസരവും ഒരുങ്ങിയിരിക്കുന്നു.

Categories: Editorial, Slider