നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ പുറത്തിറക്കി

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 63.94 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. 63.94 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. 5 ഡോര്‍ ‘റാംഗ്ലര്‍ അണ്‍ലിമിറ്റഡ്’ വേര്‍ഷനില്‍ മാത്രമായിരിക്കും നാലാം തലമുറ റാംഗ്ലര്‍ ഇന്ത്യയില്‍ ലഭിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അതേ ബുച്ച്, ബോക്‌സി രൂപത്തോടെയാണ് ഓഫ് റോഡ് എസ്‌യുവി വരുന്നത്. എന്നാല്‍ ആധുനിക സ്പര്‍ശവും നല്‍കി. പ്രശസ്തമായ സെവന്‍ സ്ലോട്ട് ഗ്രില്‍ മുന്നില്‍ കാണാം. ഗ്രില്ലിന്റെ ഇരു വശങ്ങളിലും ക്ലാസിക് റൗണ്ട് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു.

പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ് സഹിതം പുതിയ റാംഗ്ലര്‍ എസ്‌യുവിയുടെ കാബിന്‍ പരിഷ്‌കരിച്ചു. നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ സഹിതമാണ് ‘യുകണക്റ്റ് 4സി നാവ്’ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയവ പുതിയ റാംഗ്ലര്‍ എസ്‌യുവിയുടെ ഫീച്ചറുകളാണ്. പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു. നന്നായി സജ്ജീകരിച്ച ഡാഷ്‌ബോര്‍ഡില്‍ കോണ്‍ട്രാസ്റ്റ് തുന്നല്‍ സഹിതം സോഫ്റ്റ് ടച്ച് ലെതര്‍ കാണാം. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് കാബിന്‍.

ഡിഫ്രന്‍ഷ്യല്‍ ലോക്ക് സഹിതമാണ് ഓഫ് റോഡ് എസ്‌യുവി വരുന്നത്. സെന്‍ട്രല്‍ കണ്‍സോളിലെ ഇലക്ട്രോണിക് സ്വിച്ച് വഴി ഇപ്പോള്‍ ഡിഫ്രന്‍ഷ്യല്‍ ലോക്ക് ആക്റ്റിവേറ്റ് ചെയ്യാം. ആന്റി റോള്‍ ബാര്‍ വിച്ഛേദിക്കുന്നതിന് ബട്ടണ്‍ നല്‍കിയിരിക്കുന്നു. എല്ലായ്‌പ്പോഴുമെന്ന പോലെ 4 വീല്‍ ഡ്രൈവ് ഹൈ, 4 വീല്‍ ഡ്രൈവ് ലോ മോഡ് സഹിതമാണ് പുതിയ ജീപ്പ് റാംഗ്ലര്‍ വരുന്നത്. പുതുതായി 4 വീല്‍ ഡ്രൈവ് ഓട്ടോ മോഡ് ഉണ്ടായിരിക്കും. ട്രാക്ഷന്‍ സ്ലിപ്പ് കണക്കാക്കുന്നതിന് സെന്‍സറുകള്‍ അടിസ്ഥാനമാക്കിയാണ് 4 വീല്‍ ഡ്രൈവ് ഓട്ടോ മോഡ് പ്രവര്‍ത്തിക്കുന്നത്.

മുന്‍ഗാമിയേക്കാള്‍ വളരെയധികം ഭാരം കുറയ്ക്കാന്‍ പുതിയ ജീപ്പ് റാംഗ്ലറിന് കഴിഞ്ഞു. ബോഡി നിര്‍മ്മിക്കാന്‍ ഇപ്പോഴും ഉരുക്ക് ഉപയോഗിച്ചു. എന്നാല്‍ ഡോറുകള്‍, ബോണറ്റ്, ഫെന്‍ഡറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് അലുമിനിയം മതിയെന്ന് ഇപ്പോള്‍ തീരുമാനിച്ചു. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മാത്രമാണ് എന്‍ജിന്‍ ഓപ്ഷന്‍. പൂര്‍ണ്ണമായും പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് മാത്രമാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. രണ്ട് വര്‍ഷ/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ലഭിക്കും.

Comments

comments

Categories: Auto