ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വാവേയെ തഴഞ്ഞേക്കും

ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വാവേയെ തഴഞ്ഞേക്കും

നിരോധന സാധ്യത കണക്കിലെടുത്താണ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ കമ്പനികളുടെ നീക്കം

ന്യൂഡെല്‍ഹി: 5ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തില്‍, നിര്‍ണായക സാങ്കേതിക മേഖലകളില്‍ (കോര്‍) നിന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവേയെ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ഒഴിവാക്കിയേക്കും. ഭാവിയില്‍ ചൈനീസ് കമ്പനിയുടെ ഉപകരണങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്താവുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ കമ്പനികളുടെ നീക്കം. നിലവില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ നല്‍കുന്നതിനായി വാവേയുടെ ഇസഡ്ടിഇ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ആഗോള തലത്തില്‍ വാവേയുടെ ഉപകരണങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പികളും കരുതകലോടെ നീങ്ങുന്നത്. 5ജി നെറ്റ്‌വര്‍ക്കിന്റെ അപ്രധാന ഘടകങ്ങളില്‍ വാവേയ് ഉപകരണങ്ങള്‍ വിന്യസിക്കുന്നതാവും ഉചിതമെന്ന സാങ്കേതിക ഉപദേശം കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ചൈനീസ് സൈന്യത്തിനായി ചാരപ്പണി ചെയ്യുന്നെന്ന് ആരോപിച്ച് യുഎസ് വാവേയെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. വാവേയുമായി സഹകരിക്കാന്‍ ഗൂഗിളിനടക്കം വിലക്ക് വന്നതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചൈനീസ് കമ്പനിയെ കൈവിട്ടിട്ടുണ്ട്. 5ജി ലേലത്തിനൊരുങ്ങുന്ന ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കമ്പനിയെ വിലക്കരുതെന്ന സമ്മര്‍ദ്ദവുമായി ചൈന രംഗത്തുണ്ട്. മറുവശത്ത് വാവേയെ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടവും സമ്മര്‍ദ്ദം ചെലുത്തുന്നു.

5ജി വിന്യാസത്തില്‍ പ്രധാന ഭാഗങ്ങളില്‍ നിന്ന് വാവേയെ ഒഴിവാക്കുന്നത് ചെലവ് വര്‍ദ്ധിപ്പിക്കാനിടയാക്കും. നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ യൂറോപ്യന്‍ കമ്പനികളാണ് ടെലികോം കമ്പനികളുടെ പിന്നീടുള്ള ആശ്രയം.

യുകെ മാതൃക

നിര്‍ണായക മേഖലകളില്‍ നിന്ന് ചൈനീസ് കമ്പനിയെ ഒഴിച്ചു നിര്‍ത്തുന്ന മാതൃക യുകെയില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്രശ്‌ന പരിഹാരം. വോഡഫോണ്‍ ഗ്രൂപ്പടക്കം യുകെയിലെ ചില ടെലികോം കമ്പനികള്‍ വാവേയുടെ ഉപകരണങ്ങള്‍ അപ്രധാന മേഖലകളിലാണ് ഉപയോഗിക്കുന്നത്. പ്രധാനമായും റേഡിയോ സംവിധാനം, ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍ എന്നിവയില്‍. ഇത് ഡാറ്റാ ചോര്‍ച്ചയും സുരക്ഷാ ഭീഷണിയും കുറയ്ക്കുന്നു. 5ജി യില്‍ എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റഡ് കോഡുകളുടെ രൂപത്തില്‍ വിതരണം ചെയ്യപ്പെടുകയും നെറ്റ്‌വര്‍ക്കിന്റെ സുപ്രധാന ഭാഗത്തുള്ള സെര്‍വറുകളില്‍ സംഭരിക്കപ്പെടുകയുമാണ് ചെയ്യുക. ഈ ഭാഗങ്ങളിലൊന്നും വാവേയ്ക്ക് പ്രവേശനമില്ല.

Categories: FK News, Slider
Tags: huawei