ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഉല്‍പ്പാദനമാരംഭിച്ചു

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഉല്‍പ്പാദനമാരംഭിച്ചു

ചെന്നൈ പ്ലാന്റില്‍നിന്ന് ആദ്യ ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തെത്തിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനമാരംഭിച്ചു. ചെന്നൈ പ്ലാന്റില്‍നിന്ന് ആദ്യ ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തെത്തിച്ചു. ഈ മാസം 20 നാണ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവിലെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന് മുകളിലായിരിക്കും പുതിയ മോഡലിന് സ്ഥാനം. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 11,000 രൂപ നല്‍കി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ബുക്ക് ചെയ്യാം. പുതിയ പ്ലാറ്റ്‌ഫോമിലാണ് പുതിയ കാര്‍ നിര്‍മ്മിക്കുന്നത്.

ഐ10 ബ്രാന്‍ഡിന് (ഐ10, ഗ്രാന്‍ഡ് ഐ10) ഇന്ത്യയില്‍ ഇതിനകം 27 ലക്ഷത്തോളം ഉപയോക്താക്കളെ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡി & സിഇഒ എസ്എസ് കിം പറഞ്ഞു. ഗ്രാന്‍ഡ് ഐ10 നിയോസ് എന്ന മൂന്നാം തലമുറ ഐ10 ഇനി വിപണിയിലെത്തിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ മറ്റ് കമ്പനികള്‍ക്ക് മാതൃകയായിരിക്കും പുതിയ ഹാച്ച്ബാക്ക് എന്ന് അദ്ദേഹം അവകാശപ്പെട്ടു.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വരുന്നത്. ഹൈബ്രിഡ് സഹായം നല്‍കിയേക്കും. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് എഎംടി ചേര്‍ത്തുവെയ്ക്കും. 5 സ്പീഡ് മാന്വല്‍ ആയിരിക്കും സ്റ്റാന്‍ഡേഡ് ട്രാന്‍സ്മിഷന്‍. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, മുന്നില്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും.

Comments

comments

Categories: Auto