ഹോങ്കോംഗിന്റെ സാമ്പത്തിക അസ്തിത്വം പ്രതിസന്ധിയില്‍

ഹോങ്കോംഗിന്റെ സാമ്പത്തിക അസ്തിത്വം പ്രതിസന്ധിയില്‍

ജനാധിപത്യപ്രക്ഷോഭം ജ്വലിക്കുകയാണ് ഹോങ്കോംഗ് നഗരത്തില്‍. അതേസമയം ആഗോള ധനകാര്യഹബ്ബെന്ന ഹോങ്കോംഗിന്റെ ബിസിനസ് പ്രതിച്ഛായ തകരുകയും ചെയ്യുന്നു. എല്ലാത്തിനും കാരണം ചൈനയും ഷി ജിന്‍പിംഗും. ‘മഹത്തായ സാമ്പത്തിക വിജയഗാഥയെന്ന’ ഹോങ്കോംഗിന്റെ സവിശേഷത നിലനില്‍ക്കണമെങ്കില്‍ നഗരത്തിന് സ്വയംഭരണം അനിവാര്യമാണ്

ഒരു ബിസിനസ് തുടങ്ങാന്‍ ലോകത്തെ ഏറ്റവും എളുപ്പമുള്ള നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ്. അവിടേക്കുള്ള സംരംഭകരുടെ ഒഴുക്കിന് പ്രധാന കാരണവും അതുതന്നെ. ഉദാരമായ നിയമവ്യവസ്ഥയുള്ള ഹോങ്കോംഗിന്റെ ഭാഗദേയം 2047ല്‍ കുറിക്കപ്പെടുന്നതോടെ മഹത്തായ ഒരു വിജയഗാഥയ്ക്ക് അന്ത്യമാകുമെന്ന ഭയപ്പാടിലാണ് അവിടുത്തെ ജനത. ഇത് തിരിച്ചറിഞ്ഞുള്ള പ്രക്ഷോഭങ്ങളില്‍ ഉലയുകയാണിന്ന് ഹോങ്കോംഗ്.

കഴിഞ്ഞ ഒമ്പത് ആഴ്ച്ചകളായി ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അലയടിക്കുന്നു. ചൈനയുടെ നിയന്ത്രണത്തില്‍, കാരി ലാം നയിക്കുന്ന ഹോങ്കോംഗ് ഭരണകൂടത്തെ വിറപ്പിച്ചാണ് ജനാധിപത്യവാദികളായ ലക്ഷങ്ങള്‍ തെരുവിലേക്കിറങ്ങിയത്. ചൈനയും വിറച്ചു. കാരണം സമാനതകളില്ലാത്ത തരത്തിലാണ് പൊതുജനമുന്നേറ്റം. ഒന്നുകില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുക, അല്ലെങ്കില്‍ വിട്ടുവീഴ്ച്ച ചെയ്യുക-ഈ രണ്ട് വഴികള്‍ മാത്രമാണ് ചൈനയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളത്.

എന്തായാലും ഹോങ്കോംഗില്‍ ബിസിനസ് ചെയ്യാന്‍ ബുദ്ധിമുട്ടാണിപ്പോളെന്ന് കോര്‍പ്പറേറ്റ് ലോകം പറയുന്നു. അതിഗംഭീര സാമ്പത്തിക കുതിപ്പിന്റെ ഉദാഹരണമായിരുന്ന നഗരം ഇപ്പോള്‍ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് കാരണം ചൈനയാണെന്ന് അവിടുത്തുകാര്‍ തന്നെ പറയുന്നു.

നിലവിലെ പ്രക്ഷോഭം

ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന നിയമവുമായി നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കാരി ലാം രംഗത്തെത്തിയതാണ് പുതിയ പ്രക്ഷോഭത്തിന് അടിത്തറയിട്ടത്. ചൈനീസ് ഭരണകൂടത്തിന് താല്‍പ്പര്യമില്ലാത്ത ഹോങ്കോംഗുകാരെ അവിടേക്ക് കിട്ടിയാലുള്ള അവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ ജനം തെരുവിലിറങ്ങി. ജൂണ്‍ ആദ്യവാരം തുടങ്ങിയ സമരം കത്തിപ്പടര്‍ന്നു. കാരി ലാമിന് ഒടുവില്‍ ബില്‍ തല്‍ക്കാലത്തേക്ക് പിന്‍വലിക്കുകയാണെന്ന് പറയേണ്ടി വന്നു. ഹോങ്കോംഗ് പ്രക്ഷോഭര്‍ വഴങ്ങിയില്ല. ഇനി ഒരിക്കലും ഈ ബില്ലുമായി അവര്‍ രംഗത്ത് വരില്ലെന്ന ഉറപ്പ് വേണമെന്നായിരുന്നു ആവശ്യം.

ജൂണ്‍ 20ന് നടന്ന പ്രക്ഷോഭത്തില്‍ 20 ലക്ഷത്തോളം പേര്‍ പങ്കെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന ബോധ്യം ചൈനയ്ക്ക് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ കരുതലോടെയാണ് ‘കുട’ വിപ്ലവം എന്നറിയപ്പെടുന്ന പ്രക്ഷോഭത്തെ ചൈന നേരിടുന്നത്.

കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെയെന്ന നിലയിലാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഹോങ്കോംഗിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ്. അത് തിരിച്ചറിയാന്‍ ഹോങ്കോംഗിന്റെ ചരിത്രത്തിലേക്കൊന്ന് പോകാം.

ഹോങ്കോംഗ്

ചൈനയിലെ പ്രത്യേക ഭരണമേഖലയെന്ന നിലയിലാണ് ഹോങ്കോംഗ് നിലകൊള്ളുന്നത്. പേള്‍ നദിയുടെ ഡെല്‍റ്റയില്‍ ചൈനയുടെ തെക്കു കിഴക്കന്‍ തീരത്ത് തെക്കന്‍ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന മേഖലയാണിത്. സുഗന്ധ തുറമുഖമെന്നാണ് നഗരത്തിന്റെ വിശേഷണം തന്നെ.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര നഗരങ്ങളിലൊന്നായുള്ള ഹോങ്കോംഗിന്റെ വളര്‍ച്ച അല്‍ഭുതകരമായിരുന്നു. 1842 മുതല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന നഗരം 1997-ലാണ് ചൈനയ്ക്ക് തിരികെ കിട്ടിയത്.

ഹോങ്കോംഗ് ബേസിക്ക് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഭരണമേഖലയായിട്ടാണ് നഗരം നിലനില്‍ക്കുന്നത്. എന്താണീ നിയമമെന്നല്ലേ? ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് 2047 വരെ ഹോങ്കോംഗിന് സ്വയം ഭരണാവകാശം ഉണ്ടാകും. ‘ഒറ്റരാജ്യം – രണ്ട് വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് നഗരത്തിന് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവയെല്ലാമുണ്ട്. അതായത് ചൈനയുടെ ഉരുക്കുമുഷ്ടി പ്രത്യക്ഷമായി 2047 വരെ പ്രയോഗിക്കാന്‍ സാധ്യമല്ലെന്ന് സാരം.

ഹോങ്കോംഗിന്റെ അസ്തിത്വം തന്നെ സ്വതന്ത്രമായ സംവിധാനങ്ങളാണ്. ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കഴിയുന്ന പ്രദേശങ്ങളില്‍ നിന്ന് വിഭിന്നമായി തുറന്ന സമ്പദ് വ്യവസ്ഥയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇവിടെയുണ്ട്.

കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളുടെ പിന്തുടര്‍ച്ചയാണ് നഗരം പേറുന്നത്. ലോകത്തെ ഏറ്റവും നിയന്ത്രണം കുറഞ്ഞ സമ്പദ്ഘടനയെന്ന് തന്നെ വിശേഷിപ്പിക്കാം ഹോങ്കോംഗിനെ. ചുങ്കം ചുമത്തുന്ന ഏര്‍പ്പാടൊന്നും അങ്ങനെയില്ല. അതിനാല്‍ തന്നെ ബിസിനസുകള്‍ തഴച്ചുവളര്‍ന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രമായ വിപണിയെന്ന നിലയില്‍ ഇവിടേക്ക് സമ്പന്നരുടെ ഒഴുക്കുമുണ്ടായി.

ലോകത്തെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രവും ബാങ്കിംഗ് കേന്ദ്രവുമെല്ലാമാണ് നഗരം. വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളുടെ എണ്ണം തന്നെ ഹോങ്കോംഗിന്റെ അന്താരാഷ്ട്ര സാമ്പത്തിക പ്രാധാന്യം വ്യ്കമാക്കും. 120ഓളം കോണ്‍സുലേറ്റകളുണ്ടെന്നാണ് കണക്കുകള്‍.

ഏറ്റവും വേഗത്തില്‍ ബിസിനസ് തുടങ്ങാന്‍ സാധ്യമാകുന്ന നഗരം, ഏറ്റവും ഐപിഒ സൗഹൃദമായ നഗരം, വിദേശ നിക്ഷേപം ഒഴുകുന്ന നഗരം, ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള നഗരം, ആഗോള മല്‍സരക്ഷമത സൂചികയില്‍ മുന്‍നിരയിലുള്ള നഗരം…അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഹോങ്കോംഗിന്.

2047നെ ഭയക്കുന്ന ജനത

ഹോങ്കോംഗിന്റെ ഈ സ്വതന്ത്ര ബിസിനസ് ആവാസ വ്യവസ്ഥ 2047 ആകുമ്പോഴേക്കും ഇല്ലാതാകുമോയെന്ന ഭയം സാധാരണ ജനങ്ങള്‍ക്കെന്ന പോലെ ബിസിനസുകാര്‍ക്കുമുണ്ട്. ഇനി വെറും 21 വര്‍ഷങ്ങളേ ഹോങ്കോംഗ് പൂര്‍ണമായും ചൈനയുടെ അധീനതയിലാകാന്‍ അവശേഷിക്കുന്നുള്ളൂ. 2047 മുതല്‍ ചൈനയുടെ കീഴിലുള്ള സാധാരണ നഗരം പോലെയായി ഹോങ്കോംഗും മാറും. തുറന്ന സമ്പദ് വ്യവസ്ഥയെന്നത് സ്വപ്‌നമാകും. ഹോങ്കോംഗിന്റെ അന്താരാഷ്ട്ര പ്രാധാന്യം തന്നെ ഇല്ലാതാകും. അതുകൊണ്ടുതന്നെ ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം നിലനിര്‍ത്താന്‍ കൂടി വേണ്ടിയുള്ള ജനാധിപത്യ പോരോട്ടമായാണ് പല അന്താരാഷ്ട്ര വിദഗ്ധരും നിലവിലെ പ്രക്ഷോഭത്തെ കാണുന്നത്.

സമ്പദ് വ്യവസ്ഥയെ ബാധിച്ചു

ചൈനയുടെ ഉരുക്കുമുഷ്ടിയും ഹോങ്കോംഗിലെ പ്രക്ഷോഭവുമെല്ലാം നഗരത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. എച്ചഎസ്ബിസി, പ്രാഡ, സ്വാച്ച്, കാത്തയ് പസിഫിക് തുടങ്ങി നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി ബഹുരാഷ്ട്ര ബിസിനസ് ഗ്രൂപ്പുകളുടെ വരുമാനത്തെ നിലവിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ബാധിക്കുന്നുണ്ട്.

അന്താരാഷ്ട്ര വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള ഹോങ്കോംഗിന്റെ പ്രതിച്ഛായയെ മാത്രമല്ല നിലവിലെ പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത്, നഗരത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ തിരിച്ചടി നേരിട്ടു. അതിനേക്കാള്‍ ഉപരിയായി ഹോങ്കോംഗ് ജനതയും സുരക്ഷിതത്വവും ജീവിക്കാനുള്ള മാര്‍ഗവും പ്രതിസന്ധിയിലായിരിക്കുന്നു-ഹോങ്കോംഗ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫോര്‍ച്ച്യൂണ്‍500 പട്ടികയിലുള്ള ഏഴ് വന്‍കിട കമ്പനികളുടെ കേന്ദ്രമാണ് ഹോങ്കോംഗ്. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ ഏഷ്യന്‍ ആസ്ഥാനമെന്ന നിലയിലും നഗരം പ്രശസ്തമാണ്. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ അതിപ്രശസ്തമായ നഗരത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കിലും വന്‍കുറവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. വ്യോമയാന മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ സമരത്തിലാണ് താനും.

ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് സംഭവിച്ചിരിക്കുന്നതായി ഹോങ്കോംഗിന്റെ പതാകവാഹക വിമാന കമ്പനിയായ കാത്തെ പസിഫിക്ക് വ്യക്തമാക്കി. അന്താരാഷ്ട്ര ഹോട്ടല്‍ ബ്രാന്‍ഡുകളായ മാരിയറ്റ്, വൈന്‍, ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടല്‍ തുടങ്ങിയവയുടെ ബിസിനസും ബാധിക്കപ്പെട്ടു. ജൂണ്‍ മാസത്തില്‍ ഹോങ്കോംഗിന്റെ റീട്ടെയ്ല്‍ വില്‍പ്പനയിലുണ്ടായത് 6.7 ശതമാനത്തിന്റെ ഇടിവാണ്.

ഹോങ്കോംഗ് എന്തുകൊണ്ട് പ്രസക്തം?

 • ബിസിനസ് സൗഹൃദ ആവാസവ്യവസ്ഥ
 • നികുതി വളരെ കുറവ്
 • ഏറ്റവും വേഗത്തില്‍ ബിസിനസ് തുടങ്ങാവുന്ന നഗരം (ഒന്നര ദിവസത്തിനുള്ളില്‍)
 • ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള നഗരങ്ങളിലും കേമന്‍
 • പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് വന്‍കിട കമ്പനികളുടെ ഇഷ്ടകേന്ദ്രം
 • നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടുതല്‍
 • ആഗോള മല്‍സരക്ഷമത സൂചികയില്‍ ഏഴാം സ്ഥാനം
 • ഫോബ്‌സ് പ്രസിദ്ധീകരിച്ച ബെസ്റ്റ് കണ്ട്രീസ് ഫോര്‍ ബിസിനസ് പട്ടികയില്‍ മൂന്നാം സ്ഥാനം
 • ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമ്പദ് വ്യവസ്ഥ

പ്രതിസന്ധിയുടെ ആഘാതം

 • ഹോങ്കോംഗിന്റെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 6 ശതമാനം ഇടിവ്
 • ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നതായി കാത്തെ പസിഫിക്
 • ബിസിനസിനെ ബാധിക്കുന്നുവെന്ന് എച്ച്എസ്ബിസിയും ബഹുരാഷ്ട്ര ഹോട്ടലുകളും
 • ചൈനയ്ക്ക് കീഴില്‍ ഹോങ്കംഗിന്റെ ബിസിനസ് ആകര്‍ഷണീയത നഷ്ടമാകുമെന്ന് ആശങ്ക

Comments

comments

Categories: Top Stories