ഹാര്‍മണി v/s ആന്‍ഡ്രോയ്ഡ്

ഹാര്‍മണി v/s ആന്‍ഡ്രോയ്ഡ്

തടസമില്ലാത്ത, സുരക്ഷിതമായ, ലളിതമായ, ഏകീകൃതമായ സവിശേഷതകളോടെ വാവേയ് വികസിപ്പിച്ച് ഓപറേറ്റിംഗ് സിസ്റ്റമാണ് ഹാര്‍മണി. ഓഗസ്റ്റ് ഒന്‍പതിന് ചൈനയില്‍ നടന്ന ചടങ്ങില്‍ വച്ച് ഹാര്‍മണി ഒഎസ് വാവേയ് പുറത്തിറക്കുകയുണ്ടായി. സ്മാര്‍ട്ട് സ്‌ക്രീനുള്ള ഫോണ്‍, ടിവി എന്നിവയ്‌ക്കൊപ്പം, സ്മാര്‍ട്ട് വാച്ച് പോലുള്ള വെയറബിള്‍സിലും, സ്മാര്‍ട്ട് സ്പീക്കര്‍, ഡ്രൈവര്‍ലെസ് കാര്‍ പോലുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒഎസായിട്ടാണു ഹാര്‍മണിയെ വാവേയ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2000-ത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് പുരാണത്തില്‍ ഹോങ്‌മെങ് എന്ന വാക്കിനു വിശാലമായ മൂടല്‍മഞ്ഞ്, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ, മെരുങ്ങാത്ത ഹംസം എന്നൊക്കെ അര്‍ഥമുണ്ട്. ഏകദേശം രണ്ട് വര്‍ഷമായി വാവേയ് വികസിപ്പിച്ചു കൊണ്ടിരുന്ന ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ (ഒഎസ്) പേരും ഹോങ്‌മെങ് (Hongmeng) എന്നാണ്. ഇതിനെ ഇംഗ്ലീഷില്‍ ഹാര്‍മണി എന്നാണു വാവേയ് നല്‍കിയിരിക്കുന്ന പേര്്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടാണു ഒഎസിനു ഹാര്‍മണി എന്ന പേര് നല്‍കാന്‍ വാവേയ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചൈനയിലെ ഡോങ് ഗ്വാങില്‍ (Dongguan) നടന്ന വാവേയുടെ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണു ഹാര്‍മണി എന്ന ഒഎസിനെ വാവേയ് ബിസിനസ് ഗ്രൂപ്പ് സിഇഒ റിച്ചാര്‍ഡ് യു ഔദ്യോഗികമായി ലോകത്തിനു മുന്‍പില്‍ പരിചയപ്പെടുത്തിയത്. അമേരിക്ക-ചൈന വ്യാപാര യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴാണു ഹാര്‍മണി പുറത്തിറക്കിയിരിക്കുന്നത്. അതിനു പുറമേ വാവേയ്ക്ക് അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യം കൂടിയുണ്ട്. ഈ പശ്ചാത്തലത്തിലാണു ഹാര്‍മണിയെ വാവേയ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡ് എന്ന ഒഎസിനെ റീപ്ലേസ് ചെയ്യുന്നതിനുള്ള അഥവാ മാറ്റി സ്ഥാപിക്കുന്നതിനുള്ള മൊബൈല്‍ ഫോണ്‍ ഒഎസ് അല്ല ഹാര്‍മണി. മറിച്ച് ടാബ്‌ലെറ്റുകള്‍ മുതല്‍ മൊബൈല്‍ ഫോണിലും, സ്മാര്‍ട്ട് വാച്ചിലും, കാറിലും കൂടാതെ മറ്റു പല ഉപകരണങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ വിധം രൂപകല്‍പന ചെയ്തിരിക്കുന്ന സംവിധാനമാണു ഹാര്‍മണി. മാത്രമല്ല ഹാര്‍മണി ലിനക്‌സ് അടിസ്ഥാനമാക്കിയ ഒരു ഓപണ്‍ സോഴ്‌സ് കൂടിയാണ്. യുഎസ് ഭരണകൂടത്തിന്റെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭാവി മുന്നില്‍ കണ്ടു കൊണ്ട് തയാറാകാനുള്ള വാവേയുടെ ബുദ്ധിപരമായൊരു നീക്കം കൂടിയാണു ഹാര്‍മണി വികസിപ്പിച്ചതിലൂടെ പ്രകടമാകുന്നത്. അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡിനെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുക എന്നതാണു ഹാര്‍മണി എന്ന പുതിയ ഒഎസ് വികസിപ്പിച്ചതിലൂടെ ചൈനീസ് കമ്പനി ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, അമേരിക്കന്‍ പങ്കാളികളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണു വാവേയ് പറഞ്ഞത്. ആന്‍ഡ്രോയ്ഡിനെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാവേയ് ബിസിനസ് ഗ്രൂപ്പ് സിഇഒ റിച്ചാര്‍ഡ് യു പറഞ്ഞു. ആന്‍ഡ്രോയ്ഡിനെ ഉപയോഗിക്കുന്നതില്‍നിന്നും വാവേയെ നിരോധിക്കുകയാണെങ്കില്‍ മാത്രമായിരിക്കും ഹാര്‍മണിയിലേക്കു ചുവടുമാറുകയെന്നും റിച്ചാര്‍ഡ് യു പറഞ്ഞു. വാവേയെ സംബന്ധിച്ചു ഹാര്‍മണി എന്നത് പ്ലാന്‍ ബി മാത്രമാണ്.

ഹാര്‍മണിയുടെ സാങ്കേതിക വശം

ഹാര്‍മണി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ iOS എന്നിവയില്‍നിന്നും വളരെ വ്യത്യസ്തമാണ്. ഇത് മൈക്രോ കേണല്‍ (microkernel), ഡിസ്ട്രിബ്യൂട്ടഡ് ഒഎസ് അടിസ്ഥാനമാക്കിയതാണ്. സ്മാര്‍ട്ട് സ്‌ക്രീനിനും, സ്മാര്‍ട്ട് സ്പീക്കറിനും, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പോലുള്ള വാഹന സംവിധാനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും ഹാര്‍മണി. ഇത് ലിനക്‌സ് അടിസ്ഥാനമാക്കിയ ഓപണ്‍ സോഴ്‌സാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും ഓപ്പണ്‍ സോഴ്‌സാണ്. ഹാര്‍മണി യഥാര്‍ഥത്തില്‍ ഗൂഗിളിന്റെ വരാനിരിക്കുന്ന ഫ്യൂഷിയുടെ (Fuchsia) എതിരാളിയാണ്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിനെ ആധാരമാക്കിയുള്ളതാണു ഗൂഗിള്‍ വികസിപ്പിക്കുന്ന ഫ്യൂഷിയ.

ഹാര്‍മണി ഒഎസ് ഏതൊക്കെ ഡിവൈസുകളില്‍ ഉപയോഗിക്കും

ഹാര്‍മണി ഒഎസ് ഉപയോഗിക്കാന്‍ പോകുന്ന ഡിവൈസുകള്‍ ഏതൊക്കെയായിരിക്കുമെന്നു വാവേയ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുന്ന ടിവിയിലോ, മൊബൈല്‍ ഫോണിലോ ആയിരിക്കും ഹാര്‍മണി ഒഎസ് ആദ്യം ഉപയോഗിക്കുന്നതെന്നു സൂചനയുണ്ട്്. വാവേയ് ഉടന്‍ പുറത്തിറക്കാനിരിക്കുന്ന മേറ്റ് 30 എന്ന ഫോണിലായിരിക്കും ഹാര്‍മണി ഒഎസ് ഉപയോഗിക്കുക എന്നു സൂചനയുണ്ട്. അടുത്ത വര്‍ഷത്തോടെ വെയറബിള്‍സ്, സ്മാര്‍ട്ട് ഹോം പ്രൊഡക്റ്റ്‌സ്, കാറുകള്‍ എന്നിവയില്‍ ഹാര്‍മണി ഒഎസ് ഉപയോഗിക്കുമെന്നാണു സൂചന.

വാവേയ്ക്കു മുമ്പ് വിന്‍ഡോസും പരീക്ഷിച്ചിരുന്നു

വാവേയ് ഇപ്പോള്‍ സ്വന്തമായി പുറത്തിറക്കിയ ഒഎസ്സായ ഹാര്‍മണിക്കു മുമ്പ് ഇതു പോലൊരു പരീക്ഷണം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. പ്രത്യേകിച്ച് നോക്കിയ മൊബൈല്‍ ഫോണിലായിരുന്നു മൈക്രോസോഫ്റ്റ് പരീക്ഷണം നടത്തിയത്. വിന്‍ഡോസ് ആയിരുന്നു ഒഎസ്. പക്ഷേ അത് വിജയിച്ചില്ല. എന്നാല്‍ ഇവിടെ വാവേയ്ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്ന ഘടകം ഹാര്‍മണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന് അനുയോജ്യമായിട്ടാണു ഹാര്‍മണി വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് ആ ഘടകം.

ആഗോളതലത്തില്‍ ഹാര്‍മണിയുടെ സാധ്യത

ഇന്ന് മൊബൈല്‍ ഒഎസ് വിപണിയുടെ 76 ശതമാനം കൈയ്യടക്കിയിരിക്കുന്നത് ആന്‍ഡ്രോയ്ഡ് ആണ്. 22 ശതമാനം ആപ്പിളിന്റെ ഐഒഎസും. ആഗോളതലത്തില്‍ ഹാര്‍മണി ഒഎസ് വിജയിപ്പിച്ചെടുക്കുക അത്ര എളുപ്പമല്ല. സ്മാര്‍ട്ട്‌ഫോണുകളിലല്ല വാവേയുടെ ഫോക്കസ്. 5ജി ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആഗോളതലത്തില്‍ വില്‍പ്പന നടത്തുന്ന കമ്പനിയാണു വാവേയ്. എന്നാല്‍ വാവേയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു ചൈനയില്‍ വന്‍ ഡിമാന്‍ഡ് ഉണ്ട് താനും. ഇപ്പോള്‍ ഹാര്‍മണി എന്ന ഒഎസിലൂടെ കമ്പനി ലക്ഷ്യമിടുന്നത് കണക്റ്റഡ് ഡിവൈസുകള്‍ക്ക് ഒരു മികച്ച പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ്. ഇത്തരമൊരു പ്ലാറ്റ്‌ഫോമാണു ഫ്യൂഷിയ എന്ന ഒഎസ് വികസിപ്പിച്ചു കൊണ്ടു ഗൂഗിളും ലക്ഷ്യമിടുന്നത്. ഫ്യൂഷിയ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ വാവേയ് വികസിപ്പിച്ചിരിക്കുന്ന ഒഎസ് വിവിധ സ്മാര്‍ട്ട് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധമാണ്് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്നതും ഒരു ചോദ്യമാണ്. കാരണം മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിനും സമാനമായൊരു ഒഎസ് ഉണ്ട്. ടിസന്‍ എന്നാണ് അതിന്റെ പേര്. നിരവധി സ്മാര്‍ട്ട് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് ടിസന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എങ്കിലും സാംസങ് ഇന്നും ആന്‍ഡ്രോയ്ഡാണ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Top Stories
Tags: android, Harmony, OS