ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയിലേക്ക്

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയിലേക്ക്

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് ബൈക്കാണ് ലൈവ്‌വയര്‍. ക്രൂസര്‍ കൂടാതെ, മറ്റൊരു പുതിയ മോട്ടോര്‍സൈക്കിളും ഓഗസ്റ്റ് 27 ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബൈക്കായ ലൈവ്‌വയര്‍ ഈ മാസം 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് ബൈക്കാണ് ലൈവ്‌വയര്‍. ക്രൂസര്‍ കൂടാതെ, മറ്റൊരു പുതിയ മോട്ടോര്‍സൈക്കിളും ഓഗസ്റ്റ് 27 ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും. ലൈവ്‌വയര്‍ ഇവിടെ അനാവരണം ചെയ്യുന്നതോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലും എത്തുമെന്ന് ഉറപ്പായി. ഇലക്ട്രിക് ബൈക്ക് വിപണിയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഓഗസ്റ്റ് 27 ന് പ്രഖ്യാപിക്കുമായിരിക്കും. ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇന്ത്യാ വെബ്‌സൈറ്റില്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടിയായിരുന്നു ഹാര്‍ലി ഡേവിഡ്‌സണ്‍. ഇലക്ട്രിക് ബൈക്കിന്റെ ഉല്‍പ്പാദന പതിപ്പ് കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ (ഐക്മ) പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന്, ലൈവ്‌വയര്‍ ബൈക്കിന്റെ യുഎസ് വില ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചു.

എച്ച്ഡി റെവലേഷന്‍ എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് ലൈവ്‌വയര്‍ ബൈക്കിന് കരുത്തേകുന്നത്. ബെല്‍റ്റ്‌ഡ്രൈവാണ് പുതിയ ഡ്രൈവ്‌ട്രെയ്ന്‍ ഉപയോഗിക്കുന്നത്. പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറിന് 15.5 കിലോവാട്ട്അവര്‍ ബാറ്ററി കരുത്തേകും. 78 കിലോവാട്ട് അഥവാ 104.6 ബിഎച്ച്പിയാണ് ഈ മോട്ടോര്‍ പുറപ്പെടുവിക്കുന്ന കരുത്ത്. 116 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ഇലക്ട്രിക് വാഹനമായതിനാല്‍ മുഴുവന്‍ ടോര്‍ക്കും തുടക്കം മുതല്‍ ലഭിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് മതി. സിംഗിള്‍ ബാറ്ററി ചാര്‍ജില്‍ 235 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് ചെയ്യുന്നതിനും കീ ഫോബ് ഉപയോഗം സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമായി 12 വോള്‍ട്ട് ലിഥിയം അയണ്‍ ആക്‌സസറി ബാറ്ററിയും നല്‍കിയിരിക്കുന്നു.

കണക്റ്റിവിറ്റി, ഇന്‍സ്ട്രുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി, ടില്‍റ്റ് അഡ്ജസ്റ്റബിലിറ്റി സഹിതം 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേ കാണാം. സ്മാര്‍ട്ട്‌ഫോണ്‍, വയര്‍ലെസ് ഹെഡ്‌സെറ്റ് എന്നിവ ഉപയോഗിക്കുന്നതിന് ടച്ച്‌സ്‌ക്രീനില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടായിരിക്കും. പാട്ട് കേള്‍ക്കുന്നതിനും കോളുകള്‍ സ്വീകരിക്കുന്നതിനും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. എച്ച്-ഡി കണക്റ്റ് എന്ന് വിളിക്കുന്ന ടെലിമാറ്റിക്‌സ് സിസ്റ്റം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. ബാറ്ററി ചാര്‍ജ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ ഹാര്‍ലിയുടെ കണക്റ്റ് ആപ്പ് വഴി ഉടമകളെ അറിയിക്കും.

ഭാരം കുറഞ്ഞ കാസ്റ്റ് അലുമിനിയം ഫ്രെയിമിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ജാപ്പനീസ് കമ്പനിയായ ഷോവയുടെ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ബ്രെംബോ കാലിപറുകള്‍ നല്‍കി. ഫൂട്ട് പെഗ്ഗുകള്‍ പിന്നിലേക്ക് നല്‍കിയിരിക്കുന്നു.

ഹാര്‍ലിയുടെ റിഫ്‌ളെക്‌സ് ഡിഫെന്‍സീവ് റൈഡര്‍ സിസ്റ്റം (ആര്‍ഡിആര്‍എസ്) അനുസരിച്ചുള്ള മുഴുവന്‍ ഇലക്ട്രോണിക്‌സുമായാണ് ലൈവ്‌വയര്‍ വരുന്നത്. അതായത്, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്രണ്ട് വീല്‍ ലിഫ്റ്റ് മിറ്റിഗേഷന്‍, ഡ്രാഗ് ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ നല്‍കി. റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടാതെ, റോഡ്, റെയ്ന്‍, റേഞ്ച്, സ്‌പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളും ലൈവ്‌വയര്‍ ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിരിക്കുന്നു. ആക്‌സെലറേഷന്‍ സമയത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ തനതായ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതയാണ്.

Comments

comments

Categories: Auto