സ്തനാര്‍ബുദസാധ്യത കുറയ്ക്കാന്‍ കോഴിയിറച്ചി

സ്തനാര്‍ബുദസാധ്യത കുറയ്ക്കാന്‍ കോഴിയിറച്ചി

മാട്ടിറച്ചിക്കു പകരം ആഹാരക്രമത്തില്‍ കോഴിയിറച്ചി ഉള്‍പ്പെടുത്തിയാല്‍ സ്തനാര്‍ബുദസാധ്യത കുറയുമെന്ന് പഠനം

സ്തനാര്‍ബുദത്തില്‍ മാംസാഹാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കാന്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍ മാട്ടിറച്ചിക്കു പകരം കോഴിയിറച്ചി ഉള്‍പ്പെടുത്തുന്നത് ഭീഷണി കുറയ്ക്കുമെന്ന് വ്യക്തമായി. ചുവന്ന മാംസം കഴിക്കുന്നത് സ്തനാര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നാണ് 40,000ത്തിലധികം സ്ത്രീകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തിയത്. യുഎസിലെഎട്ടിലൊരു സ്ത്രീക്ക് ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്നു. ചര്‍മ്മ കാന്‍സറിന് ശേഷം സ്ത്രീകളില്‍ വരുന്ന ഏറ്റവും സാധാരണമായ കാന്‍സറാണിത്. എന്നാല്‍ കോഴിയിറച്ചി കഴിക്കുന്നത് രോഗസാധ്യത കുറയ്ക്കുന്നുവെന്ന് പഠനം കണ്ടെത്തി.

ഓരോ പ്രദേശത്തും സ്തനാര്‍ബുദ നിരക്ക് ഗണ്യമായി വ്യത്യാസപ്പെടുന്നു. പരിസ്ഥിതി, ജീവിതശൈലി എന്നീ ഘടകങ്ങളും ഒരു പങ്കുവഹിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ വ്യതിയാനങ്ങള്‍ക്ക് കാരണമെന്തെന്ന് മനസിലാക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. അതിനായി, ചില ഗവേഷകര്‍ പോഷകാഹാരം കാന്‍സറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കുകയുണ്ടായി. എന്നാല്‍ പ്രാദേശിക ഭക്ഷണരീതികള്‍ വിഭിന്നമായതിനാലും ഓരോ കാന്‍സറിന്റെയും രീതി വ്യത്യസ്തമായതിനാലും രോഗത്തില്‍ ഭക്ഷണത്തിന്റെ പങ്ക് കണ്ടെത്തുന്നത് വെല്ലുവിളിയാണ്.

സ്തനാര്‍ബുദ സാധ്യതയില്‍ മാംസാഹാരത്തിന്റെ പങ്ക് അന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ ഇതിനകം തന്നെ ചില കാന്‍സറുകള്‍ക്ക് ഈ ആഹാരരീതി സാധ്യത വര്‍ധിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്തനാര്‍ബുദ സാധ്യതയില്‍ ഇതിന്റെ പങ്ക് വ്യക്തമല്ല. എല്ലാത്തരം മാംസാഹാരങ്ങളും സ്തനാര്‍ബുദമുണ്ടാക്കുമോയെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വിവിധയിനം മാംസങ്ങള്‍, പാചക രീതികള്‍, ഭക്ഷണരീതി എന്നിവയെല്ലാം അര്‍ബുദ ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്നും അവര്‍ പരിശോധിച്ചു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു.

യുഎസ്, പ്യൂര്‍ട്ടോ റിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയ സിസ്റ്റര്‍ പഠനത്തില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഡാറ്റ എടുത്തു. 35-74 വയസ്സ് പ്രായപരിധിയിലുള്ള 42,012 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. പങ്കെടുക്കുന്നവരുടെ ജീവിതശൈലി ശരാശരി 7.6 വര്‍ഷം പിന്തുടര്‍ന്നു. അക്കാലത്ത് 1,536 പേരില്‍ സ്തനാര്‍ബുദം കണ്ടെത്തി. ഓരോ പങ്കാളിയും അവരുടെ ആരോഗ്യവിവരങ്ങള്‍, പാരമ്പര്യമായി അര്‍ബുദം പിടിപെടാനുള്ള സാധ്യത, ജീവിതശൈലീഘടകങ്ങള്‍, ഭക്ഷണക്രമം, ഉയരം, ഭാരം, ജനസംഖ്യാ വിവരങ്ങള്‍ എന്നിവ നല്‍കി. ഉപഭോഗം ചെയ്യുന്ന മാംസത്തിന്റെ ഇനവും സമയവും തിരിച്ചുള്ള വിശദമായ വിവരങ്ങള്‍ ഗവേഷകര്‍ക്ക് നല്‍കി.

വിശകലനത്തില്‍, ചുവന്ന മാംസം കൂടുതല്‍ സ്ത്രീകള്‍ക്ക് അല്ലാത്തവരേക്കാള്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 23% കൂടുതലാണെന്ന് കണ്ടെത്തി. എന്നാല്‍ കോഴിയിറച്ചി കഴിച്ചവര്‍ക്ക് ഒരു സംരക്ഷണവലയമുണ്ടെന്ന് മനസിലാക്കാനായി. കോഴിയിറച്ചി കൂടുതല്‍ കഴിച്ചവരും കുറച്ച് കഴിച്ചവരും തമ്മിലുള്ള താരതമ്യത്തില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയില്‍ 15%ത്തിന്റെ കുറവേ ഉള്ളൂവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടു പിടിച്ചു. വംശം, ഗാര്‍ഹിക വരുമാനം, കായികപ്രവര്‍ത്തനം, പാരമ്പര്യമായി കാന്‍സര്‍ വരാനുള്ള സാധ്യത, പാല്‍ ഉപഭോഗം, പച്ചക്കറി ഉപഭോഗം, ഊര്‍ജ്ജ വിനിയോഗം, ബോഡി മാസ് സൂചിക , ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതായി അവര്‍ പറയുന്നു.

ഏതു രീതിയില്‍ പാകം ചെയ്താലും സ്തനാര്‍ബുദത്തിനെതിരേ കോഴിയിറച്ചി ഗണ്യമായ സംരക്ഷണം നല്‍കുന്നുവെന്നാണ് കൂടുതല്‍ പഠനങ്ങളിലും കെേണ്ടത്തിയത്. ഉയര്‍ന്ന തോതില്‍ വറുത്ത ചിക്കന്‍ കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും തൊലി നീക്കം ചെയ്ത കോഴിയിറച്ചി കഴിക്കുന്നത് രോഗസാധ്യത കുറയ്ക്കുമെന്നുള്ള മുന്‍കാലപാഠനങ്ങളെ തള്ളുന്നതാണ് ഈ പഠനം. പൊതുവായി ഇറച്ചി ഉപഭോഗത്തിന്റെ സ്വാധീനം മാറ്റിനിര്‍ത്തിയാല്‍, ആളുകള്‍ മാംസം പാചകം ചെയ്യുന്ന രീതിയും സ്തനാര്‍ബുദ സാധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഏറ്റവും പുതിയ പഠനത്തിലെ ഗവേഷകര്‍ കണ്ടെത്തി.

Comments

comments

Categories: Health