2020-ല്‍ കാലാവസ്ഥ ഉച്ചകോടിക്ക് ഗ്ലാസ്‌കോ നഗരം വേദിയായേക്കും

2020-ല്‍ കാലാവസ്ഥ ഉച്ചകോടിക്ക് ഗ്ലാസ്‌കോ നഗരം വേദിയായേക്കും

ലണ്ടന്‍: 2020-ല്‍ യുഎന്‍ ക്ലൈമറ്റ് ചേഞ്ച് സമ്മിറ്റ് സംഘടിപ്പിക്കാനുള്ള യുകെയുടെ ശ്രമം വിജയിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഗ്ലാസ്‌കോ നഗരം കാലാവസ്ഥ ഉച്ചകോടിയുടെ വേദിയാകും. 26th Conference of the Parties അഥവാ COP26 എന്ന് അറിയപ്പെടുന്ന ഉച്ചകോടി സംഘടിപ്പിക്കാന്‍ യുകെയും, ഇറ്റലിയും ഒരുമിച്ചാണ് ശ്രമം നടത്തുന്നത്. തുര്‍ക്കിയും ശ്രമം നടത്തുന്നുണ്ടെങ്കിലും യുകെയെ പരിഗണിക്കാനാണു സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഉച്ചകോടിയുടെ പ്രിലിമനറി യോഗം ഇറ്റലിയില്‍ സംഘടിപ്പിച്ചതിനു ശേഷം പ്രധാന യോഗം യുകെയിലെ ഗ്ലാസ്‌കോ സ്‌കോട്ടിഷ് ഇവന്റ്‌സ് ക്യാംപസില്‍ നടത്താനാണു നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഇതിലൂടെ സ്‌കോട്ടിഷ് ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാനും മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാനും സാധിക്കുമെന്നും കരുതുന്നു. കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏകദേശം 30,000-ത്തോളം പ്രതിനിധികളും 200-ാളം ലോക നേതാക്കളും പങ്കെടുക്കുമെന്നു കരുതുന്നുണ്ട്. രണ്ടാഴ്ചയായിരിക്കും സമ്മേളനം നീണ്ടു നില്‍ക്കുന്നത്. യുകെയിലെ ഏറ്റവും സുസ്ഥിര നഗരമെന്ന പേരുള്ള ഗ്ലാസ്‌കോയുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള മികവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കാലാവസ്ഥ ഉച്ചകോടി നടത്താന്‍ ഗ്ലാസ്‌കോയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് പരിസ്ഥിതിയോടു യുകെയുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ശരിയായ അവസരം കൂടിയായിരിക്കുമെന്നു ക്ലെയര്‍ പെറി പറഞ്ഞു. കാലാവസ്ഥ ഉച്ചകോടിക്കു വേണ്ടി ബ്രിട്ടന്‍ സമീപകാലത്തു നാമനിര്‍ദേശം ചെയ്ത പ്രസിഡന്റാണു ക്ലെയര്‍ പെറി. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ അടുത്ത നിര്‍ണായക ഘട്ടമായിട്ടാണ് COP26 നെ കണക്കാക്കുന്നത്.

Comments

comments

Categories: FK News