‘ഒറ്റക്കൊമ്പന്‍മാ’രുടെ ഇന്ത്യ…

‘ഒറ്റക്കൊമ്പന്‍മാ’രുടെ ഇന്ത്യ…

2024 ആകുമ്പോഴേക്കും ‘ഒറ്റക്കൊമ്പന്‍ കുതിര’കളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ 84 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുണ്ടാകും. ടെക് സംരംഭങ്ങളാണ് അതിവേഗവളര്‍ച്ച കൈവരിക്കുന്നത്. ഇ-കൊമേഴ്‌സും പുറകിലല്ല. ഒറ്റക്കൊമ്പന്മാരുടെ ലോകത്തിലേക്ക്…

യുനികോണ്‍. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ജീവിയെകുറിച്ച് ആദ്യമായി പരാമര്‍ശിക്കപ്പെടുന്നതെന്ന് പല ചരിത്രകാരന്മാരും പറയുന്നു. പിന്നീട് പ്രാചീന ഗ്രീക്ക് കഥകളും കെട്ടുകഥകളുമെല്ലാം ഈ കാല്‍പ്പനിക കൗതുകം പങ്കുവെച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ പുരാതനസൃഷ്ടികളിലും മുത്തശ്ശി കഥകളിലുമെല്ലാം യുനികോണ്‍ എന്ന ജീവി പ്രധാനിയായിരുന്നു.

നെറ്റിയില്‍ പിരിയുള്ള ഒറ്റ കൊമ്പുള്ള വെളുത്ത കുതിരയാണിവന്‍. നാട്ടിലോ കാട്ടിലോ ഒന്നും ഇതിനെ അങ്ങനെ ആരും കണ്ടിരുന്നില്ലെങ്കിലും യുനികോണ്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നു എന്ന് തന്നെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പലരുടെയും ചിന്ത. അതിവിശിഷ്ടമായ ഒന്നാണ് ഇതെന്നും കരുതിപ്പോന്നു. ഇതാണ് പഴങ്കഥ.

ബിസിനസും യുണികോണും തമ്മിലെന്താ?

എന്നാല്‍ ഇന്ന് യുനികോണ്‍ സംരംഭകലോകത്ത് ഏറെ പ്രചാരം നേടിയ വാക്കായി മാറിക്കഴിഞ്ഞു. ഒറ്റ കൊമ്പുള്ള, മിത്തുകളുടെ ഭാഗമായ ഈ കുതിരയും ബിസിനസും തമ്മിലെന്ത് ബന്ധമെന്ന് പല സംരംഭകരും ആശ്ചര്യപ്പെടാറുമുണ്ട്. അതിനുത്തരം തരേണ്ടത് ഐലീന്‍ ലീയാണ്. അമേരിക്കയിലെ ഒരു പ്രധാന നിക്ഷേപകയാണ് കക്ഷി. കൗബോയ് വെഞ്ച്വേഴ്സ് എന്ന സംരംഭത്തിന്റെ സ്ഥാപക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം നല്‍കുകയാണ് പ്രധാന പരിപാടി.

പ്രമുഖ ടെക്നോളജി വെബ്സൈറ്റായ ടെക് ക്രഞ്ചിന് വേണ്ടി ലീ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ചില സ്റ്റാര്‍ട്ടപ്പുകളെ യുനികോണുകളെന്ന് വിശേഷിപ്പിച്ചത്. പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷം തികയാത്തതും എന്നാല്‍ ഒരു ബില്യണ്‍ ഡോളറോ (ഏകദേശം 7,000 കോടി രൂപ) അതിലധികമോ മൂല്യം കൈവരിച്ചതുമായ ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ കുറിച്ചുള്ളതായിരുന്നു ലേഖനം.

ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന നിലയില്‍ 10 വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുകയെന്നത് അത്യപൂര്‍വമായ കാര്യമായിരുന്നു അന്ന്, ഇന്നത് അത്ര അപൂര്‍വമല്ലാതായി മാറിയിട്ടുണ്ടെന്നത് വേറെക്കാര്യം. സംരംഭങ്ങള്‍ തുടങ്ങുന്നതും പൂട്ടിപ്പോകുന്നതും ശരവേഗത്തിലായിരുന്ന കാലത്ത്, പ്രവര്‍ത്തനം തുടങ്ങി വളരെ ചെറിയ സമയത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമെന്നെല്ലാം പറയുന്നത് അനന്യസാധാരണമായിരുന്നു.

ലീ ലേഖനമെഴുതുന്ന സമയത്ത്, 2013ല്‍, ആകെ .07 ശതമാനം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചത്. 39 സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ഇതുപോലുള്ള കിടിലന്‍ സംരംഭങ്ങളെ എന്തുവിളിക്കുമെന്ന് ആ വനിതാസംരംഭക കുറേയേറെ ചിന്തിച്ചു. പല പേരുകളും അവരുടെ മനസിലേക്ക് വന്നെങ്കിലും ഒടുവിലെത്തിയത് യുനികോണ്‍ എന്ന കാല്‍പ്പനിക, മിത്തിക്കല്‍ ജീവിയിലേക്കാണ്. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ അപൂര്‍വമാണെന്നതിനാലായിരുന്നു യുനികോണ്‍ എന്ന പേരെന്ന് ലീ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് സ്റ്റാര്‍ട്ടപ്പ് ലോകത്ത് യുനികോണ്‍ ക്ലബ്ബുണ്ടാകുന്നത്.

യുനികോണുകളുടെ കാലം

ടിക് ടോക് ആപ്പിന്റെ ഉടമസ്ഥരായ ബൈറ്റ്ഡന്‍സ്, ആപ്പ് അധിഷ്ഠിത ടാക്സി സംരംഭമായ ഉബര്‍, ലിഫ്റ്റ് തുടങ്ങി 343 (2019, ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച്) യുനികോണ്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ഏറ്റവുമധികം യുനികോണുകളുള്ളത് യുഎസിലാണ്, 151 എണ്ണം. രണ്ടാം സ്ഥാനത്താണ് ചൈന, 86 യുനികോണുകളാണ് ചുവന്ന വ്യാളിയുടെ നാട്ടിലുള്ളത്. ലോകത്തെ യുനികോണ്‍ തലസ്ഥാനമാവുകയാണ് ചൈനയുടെ ഇപ്പോഴത്തെ ഉദ്ദേശ്യം. സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയില്‍ നിന്ന് കൂടുതല്‍ യുനികോണുകള്‍ പിറക്കാന്‍ തുടങ്ങിയതോടെ ഈ പേരിന് ഇനി സാംഗത്യമുണ്ടോയെന്ന ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ യുനികോണുകള്‍

മൊബീല്‍ ഡിവൈസുകളിലെ പരസ്യരംഗത്തെ മാറ്റി മറിച്ച ഇന്‍മൊബി എന്ന സ്റ്റാര്‍ട്ടപ്പാണ് ഇന്ത്യയിലെ ആദ്യത്തെ യുനികോണ്‍. നവീന്‍ തിവാരിയെന്ന സംരംഭകനാണ് ഇതിന് പിന്നില്‍. ആകെ 29 യുനികോണുകളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. പോയ വര്‍ഷം മാത്രം ഈ സവിശേഷ ക്ലബ്ബിലെത്തിയത് എട്ട് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ്.

മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്, ഇന്‍ഷുറന്‍സ് മേഖലയിലുള്ള പോളിസി ബസാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റായ പേടിഎം മാള്‍, ഹോട്ടല്‍ മേഖലയില്‍ വിപ്ലവം തീര്‍ത്ത ഒല, ആപ്പ് അധിഷ്ഠിത ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയാണ് പോയ വര്‍ഷം യുനികോണ്‍ പട്ടികയിലിടം പിടിച്ചത്.

2019, തുടക്കം ശുഭം

ഈ വര്‍ഷം ഇതിനോടകം തന്നെ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യുനികോണുകളായി രൂപാന്താരപ്പെട്ടു. ഈ മാസമാദ്യമാണ് ഓണ്‍ലൈന്‍ ഗ്രോസറി മേഖലയിലെ പ്രമുഖ സംരംഭമായ ബിഗ് ബാസ്‌ക്കറ്റ് 1040 കോടി രൂപ സമാഹരിച്ച് ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ചത്. ഇവര്‍ കൊച്ചിയിലും പ്രവര്‍ത്തനം തുടങ്ങി.

ഏപ്രില്‍ മാസത്തിലായിരുന്നു ഫാന്റസി സ്പോര്‍ട്സ് ഗെയ്മിംഗ് പ്ലാറ്റ്ഫോമായ ഡ്രീം11 യുനികോണ്‍ ക്ലബ്ബിലെത്തിയത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ഒഴുകുന്നുവെന്നതിന്റെ സാധൂകരണം കൂടിയാണ് യുനികോണ്‍ ക്ലബ്ബിലേക്ക് കൂടുതല്‍ കമ്പനികള്‍ ചേര്‍ക്കപ്പെടുന്നതിലൂടെ വ്യക്തമാകുന്നത്.

എന്താണ് മെച്ചം?

യുബര്‍, സ്വിഗ്ഗി, സൊമാറ്റോ, ഒല തുടങ്ങി നമ്മളിന്ന് കാണുന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പുകളൊന്നും തന്നെ ലാഭമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലാഭമില്ലെന്ന് മാത്രമല്ല നഷ്ടത്തിന്റെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ് താനും. പിന്നെങ്ങനെയാണ് നമുക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കാന്‍ യുബര്‍ ഈറ്റ്സിനും സ്വഗ്ഗിക്കുമെല്ലാം പറ്റുന്നത്. 50 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ഞെട്ടിയവരെല്ലാം ധാരാളമുണ്ട് കൊച്ചിയില്‍. ഡിസ്‌ക്കൗണ്ട് നല്‍കുന്ന ഈ പണമൊന്നും ഹോട്ടലുകാര്‍ക്കല്ല നഷ്ടം വരുന്നത്. മറിച്ച് ഈ ആപ്പുകള്‍ക്കാണ്. നല്ല ഓഫര്‍ നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ കൂടും. ഇതാണ് ഇവരുടെ വളര്‍ച്ചയും മൂല്യവുമെല്ലാം നിശ്ചയിക്കപ്പെടുന്നതില്‍ നിര്‍ണായകമാകുന്നത്.

വന്‍ ഉപയോക്താക്കളുള്ള ടെക് സംരംഭങ്ങളിലേക്ക് ഭാവിയിലെ സാധ്യതകള്‍ കണക്കിലെടുത്ത് കൈമെയ് മറന്ന് നിക്ഷേപമൊഴുക്കാന്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനികള്‍ എത്തും. നിക്ഷേപസമാഹരണത്തോടെ ഈ സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യം കുതിച്ചുയരും. അങ്ങനെ

ഉയര്‍ന്നുയര്‍ന്നാണ് യുനികോണുകളായി ഈ സ്വിഗ്ഗിയും സൊമാറ്റോയുമെല്ലാം മാറിയത്.

2024ല്‍ 54 യുനികോണുകള്‍…

2024 ആകുമ്പോഴേക്കും ഇന്ത്യയില്‍ 54 യുനികോണുകളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇ-കൊമേഴ്‌സ് രംഗത്തും ബിസിനസ് റ്റു ബിസിനസ് രംഗത്തും 10 വീതം യുനികോണുകളുണ്ടാകും. പേമെന്റ് രംഗത്തും കണ്ടന്റ്/സോഷ്യല്‍ രംഗത്തും എട്ട് വീതം ഒറ്റ കൊമ്പന്മാര്‍ തല ഉയര്‍ത്തി നില്‍ക്കും. മൊബിലിറ്റി, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് രംഗങ്ങളില്‍ അഞ്ച് യുനികോണുകളുണ്ടാകും. ഭക്ഷ്യവിതരണ രംഗത്ത് മൂന്ന് യുനികോണുകളും.

ലോകത്തെ പ്രധാന യുനികോണുകളും അവരുടെ മൂല്യവും

ബൈറ്റ്ഡന്‍സ്, ചൈന
75 ബില്യണ്‍ ഡോളര്‍

യുബര്‍, യുഎസ്
73 ബില്യണ്‍ ഡോളര്‍

ദിദി ചക്ഷിംഗ്, ചൈന
56 ബില്യണ്‍ ഡോളര്‍

വീവര്‍ക്ക്, യുഎസ്
47 ബില്യണ്‍ ഡോളര്‍

ജൂള്‍ ലാബ്‌സ്, യുഎസ്
38 ബില്യണ്‍ ഡോളര്‍

എയര്‍ ബിഎന്‍ബി, യുഎസ്
29.3 ബില്യണ്‍ ഡോളര്‍

* ടിക് ടോക് ആപ്പിന്റെ ഉടമസ്ഥരാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള യുനികോണായ ബൈറ്റ്ഡന്‍സ്

2024 ആകുമ്പോഴേക്കും ഇന്ത്യയില്‍ 54 യുനികോണുകള്‍

  • അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നത് ടെക് യുനികോണുകള്‍
  • യുനികോണുകളുടെ മൊത്തം മൂല്യം
  • യുനികോണ്‍ തലത്തിലേക്ക് എത്താനുള്ള ശരാശരി സമയം 8.6 വര്‍ഷത്തില്‍ നിന്ന് 3.4 വര്‍ഷങ്ങളായി കുറഞ്ഞു

യുനികോണ്‍ ക്ലബിലെത്തുന്നതിനുള്ള ശരാശരി സമയം

2011ന് മുമ്പ്: 8.6 വര്‍ഷം
2011ന് ശേഷം: 3.4 വര്‍ഷം

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special
Tags: Unicorn