കേരളത്തിന് വന്‍ പ്രതീക്ഷയേകുന്ന സ്‌പേസ് പാര്‍ക്ക്

കേരളത്തിന് വന്‍ പ്രതീക്ഷയേകുന്ന സ്‌പേസ് പാര്‍ക്ക്

ഇന്ത്യയിലെ ആദ്യ സ്‌പേസ് പാര്‍ക്കിനായി കഴിഞ്ഞ ദിവസമാണ് കേരള സര്‍ക്കാരും വിഎസ്എസ്സിയും ധാരണാപത്രം ഒപ്പുവച്ചത്

ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളില്‍ ഏറെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതി സംസ്ഥാനത്തിന് നല്‍കുന്നത് വലിയ പ്രതീക്ഷകള്‍. സ്‌പേസ് പാര്‍ക്ക് നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ഐഎസ്ആര്‍ഒയുടെ മാതൃകേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (വിഎസ്എസ്സി) യും കഴിഞ്ഞ ദിവസമായിരുന്നു ഒപ്പുവച്ചത്.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടി സെക്രട്ടറി എം ശിവശങ്കറും വിഎസ്എസ്സി ഡയറക്ടര്‍ സോമനാഥുമാണ് ധാരണാപത്രം ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാരും വിഎസ്എസ്സിയും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍വരെ നേട്ടം ലഭ്യമാക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബഹിരാകാശ ഗവേഷണ മേഖലയില്‍ സംസ്ഥാനത്ത് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ പദ്ധതി വിപുലമായ സാധ്യതകളാണ് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹിരാകാശ ഗവേഷണത്തിലെ അതിനൂതനമായ ഉല്പാദന മേഖല ഏറെ അവസരങ്ങള്‍ നല്‍കുന്നതാണെന്നും കേരളത്തില്‍ ഇതിന് അനുയോജ്യമായ തൊഴില്‍ ശക്തിയുണ്ടെന്നും വിഎസ്എസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ഇത് പരമാവധി ഉപയോഗിക്കാന്‍ സ്‌പേസ് പാര്‍ക്കിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ നോളജ് സിറ്റിയില്‍ സ്ഥാപിക്കുന്ന സ്‌പേസ് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകള്‍, നൈപുണ്യ പരിശീലന സംവിധാനം, സ്‌പേസ് ടെക്‌നോളജി ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇക്കോ സിസ്റ്റം, ഉല്പാദന യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഭാഗങ്ങളാണ് സ്‌പേസ് പാര്‍ക്കിനുള്ളത്. സ്‌പേസ് ടെക്‌നോളജി ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇക്കോസിസ്റ്റം (സ്റ്റെയ്ഡ്), നാനോ സ്‌പേസ് പാര്‍ക്ക് എന്നിവ. ബഹിരാകാശ ശാസ്ത്രവും വ്യവസായവും കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായും ആഗോള വിമാനക്കമ്പനിയായ എയര്‍ബസുമായും സ്റ്റെയ്ഡ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

യശ:ശരീരനായ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി നിര്‍മിക്കുന്ന സ്‌പേസ് മ്യൂസിയവും ലൈബ്രറിയും പാര്‍ക്കിന്റെ ഭാഗമായിരിക്കും.

പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കുന്നത് ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഐസിടി അക്കാദമിയുടെ സിഇഒ സന്തോഷ് കുറുപ്പിനെ സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. സംസ്ഥാന ഇലക്ട്രോണിക്‌സ്‌ഐടി വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

പാര്‍ക്കിനുവേണ്ട 20.01 ഏക്കര്‍ നോളജ് സിറ്റിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെഎസ്‌ഐടിഐഎല്‍) പാട്ടത്തിനു നല്‍കിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.

Comments

comments

Categories: FK News
Tags: Space park