സൗദി അറേബ്യയില്‍ കൂടുതല്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്

ആവശ്യകതയ്ക്ക വിരുദ്ധമായി സൗദി അറേബ്യയില്‍ പങ്കാളിത്ത തൊഴിലിടങ്ങളുടെ എണ്ണം വളരെ കുറവ്
റിയാദ്: സമ്പദ് വ്യവസ്ഥയില്‍ വരുന്ന മാറ്റത്തിനനുസൃതമായി സൗദി തൊഴില്‍ മേഖലയുടെ ആവശ്യങ്ങളിലും മാറ്റമുണ്ടാകുന്നുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കപ്പെടുകയും സമൂലമാറ്റത്തിന് വിധേയമാകുകയും ചെയ്യുന്നതോടെ തൊഴില്‍രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമായ മൊന്ഷാഅതും പിഡബ്ല്യുസി ശൃംഖലയുടെ ഭാഗമായ സ്ട്രാറ്റെജി ആന്‍ഡ് മിഡില്‍ഈസ്റ്റും ചേര്‍ന്ന് നടത്തിയ സംയുക്ത ഗവേഷണത്തില്‍ പറയുന്നു.
ദീര്‍ഘകാല പ്രവര്‍ത്തനം ലക്ഷ്യമിട്ട് കൊണ്ടുള്ള പരമ്പരാഗത ഓഫീസ് ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായി പങ്കാളിത്ത തൊഴിലിടങ്ങള്‍ പോലെയുള്ള കൂടുതല്‍ സൗകര്യപ്രദവും വഴക്കമുള്ളതുമായ തൊഴിലിടങ്ങളാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്കും (ഫ്രീലാന്‍സര്‍) സംരംഭകര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും, ഓഫീസ് ഇടവും അവിടുത്തെ സേവനങ്ങളും പങ്കുവെക്കാന്‍ അവസരം നല്കുന്ന ഇത്തരം തൊഴിലിടങ്ങള്‍ക്കുള്ള ആവശ്യകത രാജ്യത്ത് വര്‍ധിച്ചുവരുന്നത് നിക്ഷേപകര്‍ക്കും ഗുണകരമാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളെ എല്ലാ വലുപ്പത്തിലുമുള്ള കമ്പനികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള പരിതസ്ഥിതിയിലേക്ക് രൂപമാറ്റം വരുത്താന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കുന്നു.
പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കുള്ള ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടെങ്കിലും സൗദി അറേബ്യയില്‍ ഇത്തരം തൊഴിലിടങ്ങള്‍ വളരെ കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള പങ്കാളിത്ത തൊഴിലിടങ്ങളിലാകട്ടെ, വാടക താങ്ങാവുന്നതിലും അധികമാണുതാനും. ആഗോള പങ്കാളിത്ത തൊഴിലിട വിപണിയിലെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പങ്കാളിത്ത തൊഴിലിടങ്ങളുടെ വളര്‍ച്ചയില്‍ സൗദിയില്‍ തീര്‍ത്തും വൈരുദ്ധ്യാത്മകമായ സ്ഥിതിവിശേഷമാണുള്ളത്. ആഗോളതലത്തില്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അത്ഭുതകരമായ വളര്‍ച്ചയാണുണ്ടായത്. ഇപ്പോഴും ആ വളര്‍ച്ച പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. എന്നാല്‍ സൗദിയില്‍ പങ്കാളിത്ത തൊഴിലിടങ്ങളുടെ എണ്ണത്തില്‍ വളരെ മന്ദഗതിയിലുള്ള വളര്‍ച്ചയാണുള്ളത്.
പങ്കാളിത്ത തൊഴിലിടങ്ങളുടെ വളര്‍ച്ച
നൂതന സാങ്കേതിക വിദ്യ, സാമ്പത്തിക താല്‍പ്പര്യം, മെച്ചപ്പെട്ട ഇന്റെര്‍നെറ്റ് കണക്ടിവിറ്റി, ആശ്രതത്വം, വേഗത, ക്ലൗഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് സാമ്പ്രദായിക രീതിയിലുള്ള ഓഫീസുകളില്‍ നിന്നും തൊഴില്‍ മേഖലയെ പങ്കാളിത്ത തൊഴിലിടങ്ങളിലേക്ക് അടുപ്പിച്ചത്. ഈ ഘടകങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം പങ്കാളിത്ത തൊഴിലിടങ്ങളും വളര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോകത്തില്‍ പങ്കാളിത്ത തൊഴിലിടങ്ങളുടെ എണ്ണം ഇരട്ടിയായെന്നും ഇത്തരം തൊഴിലിടങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നും സ്ട്രാറ്റെജി ആന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ പാര്‍ട്ണര്‍ ആയ ഹിലാല്‍ ഹലൗയി പറയുന്നു.
ലോകത്തില്‍ മറ്റിടങ്ങളെ പോലെ തന്നെ സൗദിയിലും അത്യാധുനിക തൊഴിടങ്ങള്ക്കുള്ള ആവശ്യമേറുന്നുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഓഫീസുകളെ അപേക്ഷിച്ച് കൂടുതല്‍ നൂതനവും ആധുനികവുമായ ഓഫീസുകളാണ് ഇന്ന് ആളുകള്‍ തേടുന്നത്. സൗദിയില്‍ പക്ഷേ ഇത്തരം ഓഫീസ് ഇടങ്ങള്‍ ദുര്‍ലഭമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ ദശലക്ഷം ആളുകള്‍ക്കും 3.4 പങ്കാളിത്ത തൊഴിലിടങ്ങള്‍ എന്ന കണക്കിലേ സൗദിയില്‍ ഇവയുടെ സാന്നിധ്യമുള്ളു. അതേസമയം അമേരിക്കയിലിത് ഓരോ ദശലക്ഷം ആളുകള്‍ക്കും 32 എന്ന കണക്കിലാണ്. പങ്കാളിത്ത തൊഴിലിടങ്ങള്‍ കുറവാണെങ്കിലും വാണിജ്യ റിയല്‍ എസ്റ്റേറ്റ് വില നിലവാരങ്ങള്‍ക്ക് വിരുദ്ധമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ ആഗോളനിരക്കിനേക്കാളും കൂടുതലായി പങ്കാളിത്ത തൊഴിലിടങ്ങള്‍ ഉണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പങ്കാളിത്ത തൊഴിലിടം ഉപയോഗിക്കുന്നത് യുവാക്കള്‍
ആഗോളതലത്തില്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ട് വിഭാഗം ആളുകളും നാല്പത് വയസില്‍ താഴെയുള്ളവരാണ്. സൗദി അറേബ്യയുടെ ജനസംഖ്യയില്‍ പകുതിയിലധികം ആളുകളും നാല്പത് വയസില്‍ താഴെയുള്ളവരാണ്. രാജ്യത്ത് പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണമാണിത്.
പ്രതീക്ഷ നിക്ഷേപകരില്‍
ആധുനിക തൊഴിലിടങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ട് രാജ്യത്ത് കൂടുതല്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ഒരുക്കാന്‍ സൗദി അറേബ്യ മുന്നിട്ടിറങ്ങിയാല്‍ അത് നിക്ഷേപകര്‍ക്ക് പ്രചോദനമാകും. ബന്ധപ്പെട്ട ഓഹരി ഉടമകളുമായി ചേര്‍ന്ന് പങ്കാളിത്തങ്ങളിലൂടെ ഇത്തരം തൊഴിലിടങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ നിക്ഷേപകര്‍ തയാറാകും.
പങ്കാളിത്ത തൊഴിലിടങ്ങളുടെ അപര്യാപ്തതയെന്ന വെല്ലുവിളി പരിഹരിക്കുന്നതിന് വേണ്ടിയാണ് ചെറുകിട, ഇടത്തരം മേഖലയുടെ വികസനവും ഉന്നമനവും ലക്ഷ്യമിട്ട് കൊണ്ടുള്ള സര്‍ക്കാര്‍ സംവിധാനമായ മൊന്ഷാഅത് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സംഘാടകരുമായി ചേര്‍ന്ന് നിരവധി മേഖലകളില്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം നടത്തുന്നത്.
അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള കെര്ടെന് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച ഔസ്പേസ് എന്ന പേരിലുള്ള ആധുനിക തൊഴിലിട പദ്ധതി അവതരിപ്പിച്ചിരുന്നു. ഭാവിയില്‍ ജിദ്ദയിലും റിയാദിലും അതിനൂതന ഓഫീസിടങ്ങള് ആരംഭിക്കാനാണ് കെര്ടെന് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
മാനേ്ജ്മെന്റ് യോഗ്യതകള്‍, ഡിസൈന്‍, സേവന നിലവാരം, അവബോധം, ഫണ്ടിംഗ് എന്നിവയാണ് സൗദിയില്‍ പങ്കാളിത്ത തൊഴിലിടങ്ങള്‍ ആരംഭിക്കുന്നതിനുള്ള വെല്ലുവിളികള്‍. ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് രാജ്യത്ത് നിലനില്‍ക്കുന്ന പങ്കാളിത്ത തൊഴിലിടങ്ങള്‍ക്കുള്ള അടിയന്തര ആവശ്യമെന്ന പ്രശ്നത്തെ നേരിടാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സാധിക്കുമെന്ന് മൊന്ഷാഅതിലെ സംരംഭകത്വ ആസൂത്രണ വിഭാഗം ജനറല്‍ മാനേജര്‍ ആയ മുഹമ്മദ് അല്‍ അലറെയ്ഫി പറയുന്നു.