സൗദി അറേബ്യയിലെ അല്‍ സൗദ് കുടുംബം ലോകത്തിലെ നാലാമത്തെ ധനിക കുടുബം

സൗദി അറേബ്യയിലെ അല്‍ സൗദ് കുടുംബം ലോകത്തിലെ നാലാമത്തെ ധനിക കുടുബം

സൗദി രാജാവിന്റെ സ്വകാര്യ ഓഫീസ് കുടുുംബാംഗങ്ങള്‍ക്കായി വിതരണം ചെയ്യുന്ന പ്രതിമാസ റോയല്‍ സ്‌റ്റൈഫന്‍ഡ് പ്രകാരം 15,000 സൗദ് കുടുംബാംഗങ്ങളുടെ ആകെ ആസ്തി 100 ബില്യണ്‍ ഡോളറിലധികമാണ്

2017 നവംബറിലാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടല്‍ ഒരു തടവറയാക്കി മാറ്റിക്കൊണ്ട് നൂറുകണക്കിന് ആളുകളെ തടങ്കലില്‍ വെച്ചത്. ഒരു കാലത്ത് അധികാരം കൊണ്ട് പ്രബലരായിരുന്നവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ നടപടി. അഴിമതി തുടച്ചുനീക്കാനെന്ന പേരില്‍ എംബിഎസ് നടത്തിയ നാടകീയ നടപടിയിലൂടെ 107 ബില്യണ്‍ ഡോളറിന്റെ സ്വത്തുവകകളാണ് അല്‍ സൗദ് കുടുംബം നിയന്ത്രിക്കുന്ന സര്‍ക്കാരിലേക്ക് വന്നുചേര്‍ന്നത്. ഭൂമിയും പണവും ഓഹരി ഉടമസ്ഥാവകാശവും ഉള്‍പ്പടെയുള്ള ആസ്തികള്‍ സര്‍ക്കാരിന്റെ പേരില്‍ എഴുതി കൊടുത്തതിന് ശേഷമാണ് പലരും തടങ്കലില്‍ നിന്നും മോചിതരായത്.

ഒറ്റയടിക്ക് സൗദ് രാജ കുടുബത്തിലെ ദശാബ്ദങ്ങളായുള്ള അലിഖിത നിയമങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതും സൗദി കിരീടാവകാശിയുടെ എതിരാളികളെ നിശബ്ദരാക്കുകയും ചെയ്ത അധികാര പ്രകടനമായിരുന്നു അത്. രാജ്യത്തിന്റെ കിരീടാവകാശിയായി ഉയര്‍ന്നുവന്നതോടെ എണ്ണ സമ്പന്ന രാഷ്ട്രത്തിന്റെ ഭരണചക്രം തിരിക്കുന്നയാളെന്ന സ്ഥാനം മാത്രമല്ല, ഭൂമിയില്‍ മറ്റൊരു രാജകുടുംബത്തിനും ഇല്ലാത്തത്ര സ്വത്തുക്കളുള്ള പരന്നുകിടക്കുന്ന കുടുംബ ബിസിനസ് സാമ്രാജ്യത്തിന്റെ ശതകോടീശ്വരനായ അധിപനെന്ന നേട്ടവും എംബിഎസിനെ തേടിയെത്തി.

ഇളംപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ അല്‍ സൗദ് കുടുംബത്തില്‍ ആകെ 15,000 ആളുകള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകന്മാരും അക്കാദമിക് വിദഗ്ധരും പറയുന്നത്. അവരുടെ ആകെയുള്ള സ്വത്ത് വകകള്‍ 100 ബില്യണ്‍ ഡോളറിലും അധികമാണെന്നാണ് ബ്ലൂംബര്‍ഗ്‌സ് ബില്യണയഴേസ് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നത്. ലോകത്തില്‍ ഏറ്റവും ധനികരായ കുടുംബങ്ങളുടെ പട്ടികയില്‍ അല്‍ സൗദ് കുടുംബത്തെ നാലാംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശേഷിയുണ്ട് ഈ ആസ്തിക്ക്. അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ട്‌സിന്റെ ഉടമസ്ഥരായ വാള്‍ട്ടന്‍ കുടുംബമാണ് പട്ടികയില്‍ ഒന്നാമത്.

സൗദി രാജാവിന്റെ സ്വകാര്യ ഓഫീസ് ദശാബ്ദങ്ങളായി രാജ കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്ന റോയല്‍ സ്‌റ്റൈഫന്‍ഡിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഏകദേശ കണക്കാണിത്. എല്ലാ മാസവും വിതരണം ചെയ്യുന്ന ഈ രാജ ധനം 800 ഡോളറിനും 270,000 ഡോളറിനും ഇടയില്‍ വരുമെന്നാണ് 1996ല്‍ യുഎസ് എംബസിക്ക് ലഭിച്ച വിവരമെന്ന് ഒരിക്കല്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളര്‍ വരുമിത്. ഇതും കൃത്യമാണെന്ന് പറയാന്‍ സാധിക്കില്ല, 1996ന് ശേഷം പ്രതിമാസ സ്റ്റൈഫന്‍ഡില്‍ മാറ്റമുണ്ടായിരിക്കാം.

ഇതില്‍ മാറ്റമുണ്ടായിട്ടുണ്ടാകില്ല എന്ന ഊഹത്തിലാണ് ബ്ലൂംബര്‍ഗ് ആസ്തി കണക്കാക്കിയത്. മാത്രമല്ല, സൗദ് കുടുംബാംഗങ്ങള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും ബ്ലൂംബര്‍ഗ് കണക്കാക്കിയിട്ടില്ല. പക്ഷേ, ഇന്ധന മേഖലയില്‍ നിന്നുള്ള വരുമാനമോ പണപ്പെരുപ്പമോ മൂലം സ്‌റ്റെഫന്‍ഡ് കൂടിയിട്ടുണ്ടെങ്കിലോ, ഈ സ്‌റ്റെഫന്‍ഡ് ഉപയോഗിച്ച് മൂലധന വിപണിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലോ സൗദ് കുടുംബത്തിന്റെ ആകെ ആസ്തി 1 ട്രില്യണ്‍ ഡോളറിനടുത്തെത്തും. അങ്ങനെ വന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ധനിക കുടുംബം സൗദി രാജകുടുംബമായ അല്‍ സൗദ് ആയിരിക്കും.

1932ല്‍ അബ്ദുള്‍ അസീസ് ബിന്‍ സൗദ് രാജാവ് ആധുനിക സൗദി അറേബ്യ സ്ഥാപിച്ചതിന് ശേഷം എങ്ങനെയാണ് ഈ രാജകുടുംബം സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതെന്നത് സംബന്ധിച്ച് പരിമിതമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. 1932ന് ശേഷമാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡേര്‍ഡ് ഓയിലുമായി സൗദി ആദ്യ കരാറില്‍ ഒപ്പുവെക്കുന്നത്.

അല്‍ സൗദ് കുടുംബത്തിന്റെ ആസ്തിക്ക് വിത്തുപാകിയത് എണ്ണയായിരിക്കുമെന്നത് തീര്‍ച്ചയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൗദി അറേബ്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ലോകത്തിലെ പെട്രോളിയം ശേഖരങ്ങളുടെ അഞ്ചില്‍ ഒരു ഭാഗം നിയന്ത്രിക്കുന്നത്. എന്നാല്‍ വെല്ലുവിളികളില്ലാതെ അധികാരത്തില്‍ തുടരാന്‍ കഴിയുന്ന സാഹചര്യവും രഹസ്യങ്ങളായ മറ്റ് സവിശേഷ അധികാരങ്ങളുമാണ് അല്‍ സൗദ് കുടുംബത്തിന്റെ ആസ്തി പെരുകാനുള്ള പ്രധാന കാരണം.

സമീപകാലം വരെ സൗദിയില്‍ ഉയര്‍ന്ന റാങ്കിലുള്ള രാജകുമാരന്മാര്‍് സര്‍ക്കാര്‍ മന്ത്രാലയങ്ങളെ തങ്ങളുടെ കുത്തക അധികാര മേഖലകളായാണ് കരുതിപ്പോന്നിരുന്നത്. എംബിഎസാണ് ആ പതിവ് അറുതിവരുത്തിയത്. ഏതാണ്ട് 1 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സ്വകാര്യ സ്വത്ത് എംബിഎസിനുണ്ടാകുമെന്നാണ് കണക്ക്. താനൊരു ധനികനാണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ എംബിഎസ് പറയുകയുണ്ടായി. നൂറുകണക്കിന് വര്‍ഷങ്ങള്‍ സൗദി ഭരിച്ച രാജകുടുംബാംഗമാകുമ്പോള്‍ ധനികനാകുന്നതില്‍ വലിയ അത്ഭുതമില്ലെന്നാണ് അന്ന് എംബിഎസ് സൂചിപ്പിച്ചത്.

സൗദി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് എംബിഎസാണ്. സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണയിലുള്ള ആശ്രയത്വം കുറയ്ക്കുക, രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുക എന്നിവയാണ് വിഷന്‍ 2030യുടെ പ്രധാന ലക്ഷ്യങ്ങള്‍. സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം, വാഹനമോടിക്കാനുള്ള അനുമതി, സൗദിയില്‍ സിനിമാപ്രദര്‍ശനത്തിന് അനുമതി തുടങ്ങിയ ഉദാരവല്‍ക്കരണ നടപടികള്‍ നടത്തുമ്പോഴും തനിക്കെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ അടക്കമുള്ള ആക്ടിവിസ്റ്റുകളെയും ഉദ്യോഗസ്ഥരെയും എംബിഎസ് ജയിലിലിട്ടു. യെമന്‍ യുദ്ധത്തിന് നേതൃത്വം നല്‍കി. തനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ, നിരന്തര ഭീഷണിയായ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് എംബിഎസാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒപ്പം നിര്‍ത്താന്‍ എംബിഎസിനായി. ഖഷോഗി വധത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടപ്പോഴും സൗദിയില്‍ എംബിഎസിനുള്ള അധികാരത്ത തൊടാനോ കുടുംബ ആസ്തിക്ക് മേലുള്ള നിയന്ത്രണത്തെ തടയാനും ആ വിമര്‍ശനങ്ങള്‍ക്കായില്ല.

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായ സൗദി അരാംകോ 162.9 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം സൗദി സര്‍ക്കാരിന് റോയല്‍റ്റി നല്‍കിയത്. ഇത് സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. ഇതില്‍ നിന്നും രാജകുടുംബത്തിലേക്ക് എത്രയെങ്കിലും തുക പോകുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.രാജകുടുംബാംഗങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളും ഉണ്ടായിരിക്കാം. സര്‍ക്കാരിന്റെ അന്താരാഷ്ട്ര ഇടപാടുകളില്‍ ഇടനില വഹിക്കുന്നതിന് ചില രാജകുടുംബാംഗങ്ങള്‍ക്ക് ഫീസ് ലഭിക്കാറുണ്ട്. ഭൂമിയിടപാടുകളിലൂടെയും ബിസിനസുകളില്‍ നിശബ്ദ പങ്കാളിയായി ഇരുന്നുകൊണ്ടും അവര്‍ വരുമാനമുണ്ടാക്കുന്നുണ്ടാകാം. സൗദി കമ്പനികളില്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും പ്രാദേശിക പങ്കാളിത്തം ഉണ്ടാകണമെന്നുള്ള നിയമങ്ങള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് ഗുണകരമാണ്.2017ല്‍ എംബിഎസ് വരുത്തിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണിത്.

അല്‍ സൗദ് കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് ബിസിനസുകളിലും പങ്കാളിത്തമുണ്ട്. ഉദാഹരണത്തിന് രാജ്യത്തെ ഏറ്റവും വലിയ ഫുഡ്, ബീവറേജ് കമ്പനിയായ അല്‍മരായുടെ ചെയര്‍മാനും ശതകോടീശ്വരനുമായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കബീര്‍ അല്‍ സൗദ് കുടുംബാംഗമാണ്. ദനോന്‍, ഫിലിപ്‌സ് ഹെല്‍ത്ത്‌കെയര്‍, ആക്‌സെഞ്ചര്‍, സോണി കോര്‍പ് എ്ന്നീ കമ്പനികളുടെ പ്രാദേശിക പങ്കാളിയായ അല്‍ ഫൈസലാ ഗ്രൂപ്പ് നടത്തുന്നത് അന്തരിച്ച അബ്ദുള്ള ബിന്‍ ഫൈസല്‍ രാജകുമാരന്റെ മക്കളാണ്. കിംഗ്ഡം ഹോള്‍ഡിംഗ് എന്ന നിക്ഷേപക കമ്പനിയുടെ സ്ഥാപകന്‍ അല്‍വലീദ് രാജകുമാരനാണ്.

സല്‍മാന്‍ രാജാവിന്റെ മൂന്നാംഭാര്യയിലുള്ള മക്കളില്‍ മൂത്തയാളായ എംബിഎസ് പ്രതിരോധ മന്ത്രി, രാജകോടതിയുടെ മുഖ്യന്‍, രാജാവിന്റെ പ്രത്യേക ഉപദേശകന്‍ എന്നീ നിലകളില്‍ നിന്നുകൊണ്ടാണ് രാജ്യത്തിന്റെയും കുടുംബ ബിസിനസിന്റെയും ഭരണചക്രം തിരിക്കുന്നത്.

Comments

comments

Categories: Arabia