സഹായിക്കാന്‍ വൈമനസ്യമരുത്

സഹായിക്കാന്‍ വൈമനസ്യമരുത്

പ്രളയക്കെടുതി അനുഭവിക്കുന്നവരിലേക്ക് വേണ്ടത്ര സഹായങ്ങള്‍ എത്തുന്നില്ലെന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ദുരിതത്തിന് ഇരയായവരെ സഹായിക്കേണ്ടത് ഔദാര്യമല്ല, ഉത്തരവാദിത്തമാണെന്ന ബോധ്യം നമ്മള്‍ ഓരോരുത്തരിലും ഉണ്ടാകണം

കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണ്. പ്രകൃതി ദുരന്തത്തിന് കാരണങ്ങള്‍ എന്തൊക്കെയായാലും ദുരന്തം സംഭവിച്ചുകഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട്, ദുരിതത്തിന് ഇരയായവരിലേക്ക് പരമാവധി സഹായമെത്തിക്കേണ്ടത്, അവരെ നമ്മില്‍ ഒരാളായി കാണേണ്ടത് മനുഷ്യനെന്ന നിലയില്‍ നാം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തേണ്ട സാഹചര്യം വരുകയെന്നത് തന്നെ ദൗര്‍ഭാഗ്യകരമാണ്.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി രണ്ടേകാല്‍ ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. 65ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 1526 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളിലേക്കൊന്നും വേണ്ടത്ര സഹായമെത്തുന്നില്ല എന്നത് ദുഖകരമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കളക്ഷന്‍ സെന്ററുകള്‍ വിവിധയിടങ്ങളില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലേക്കും ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ല. ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും എല്ലാം അഭാവമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോയ പ്രളയകാലത്ത് കേരളം ഒത്തൊരുമിച്ച് നിന്നപ്പോള്‍ അതിജീവനം സുഗമമായിരുന്നു. ലോകം മുഴുവനും അതിനെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അത്തരമൊരു ആവേശം കാണാനില്ലെന്ന പരിഭവങ്ങള്‍ ഇതിനോടകം തന്നെ സമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അതിനിടെയാണ് പ്രളയ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായങ്ങളെത്തിക്കരുതെന്ന തരത്തിലുള്ള ദുഷ്പ്രചരണങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കേണ്ടെന്ന തരത്തിലും പ്രചരണങ്ങള്‍ സജീവമാണ്. അത്യന്തം ഹീനമാണിത്. നാടും ജനങ്ങളും പ്രതിസന്ധിക്കയത്തില്‍ നില്‍ക്കുമ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നെല്ലാം പറയുന്നവരുടെ ഉദ്ദേശ്യം എന്തായാലും ദേശതാല്‍പ്പര്യത്തിന് യോജിച്ചതല്ല. ക്യാമ്പുകള്‍ നല്ല രീതിയില്‍ നടക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ സഹായങ്ങളും ഇടപെടലുകളും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറയുകയുണ്ടായി. തെറ്റായ പ്രചരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആക്ഷേപങ്ങള്‍ പറയേണ്ട സമയമല്ലിത്. അത്തരത്തിലുള്ള പ്രചരണങ്ങള്‍ ആളുകളുടെ സഹായ മനോഭാവത്തില്‍ വിള്ളലുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച സംഭാവനകളില്‍ നിന്ന് ഒരു പൈസ പോലും മറ്റൊരു കാര്യത്തിന് വിനിയോഗിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ വ്യക്തമാക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമര്‍ശനകളും ചര്‍ച്ചകളും കെടുതിയുടെ കാലം കഴിഞ്ഞ ശേഷമാണ് നടക്കേണ്ടത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സമൂഹവും ഒരുമിച്ച് നിന്നാല്‍ മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുകയുള്ളൂ. നാളെ ആര്‍ക്കും സംഭവിക്കാവുന്നതാണിതൊക്കെ. അതുകൊണ്ടു തന്നെ 1,500ലധികം ക്യാമ്പുകളിലുള്ളവരോട് താദാത്മ്യം പ്രാപിച്ചുള്ള സമീപനമാണ് നാം കൈക്കൊള്ളേണ്ടത്. മറിച്ച് പ്രചരണം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ് വേണ്ടത്. പ്രകൃതി ദുരന്ത സാഹചര്യങ്ങള്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നതിനേക്കാള്‍ ഹീനമായ കാര്യമില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. 100 കൈകള്‍ കൊണ്ട് സമാഹരിച്ച് ആയിരം കൈകളിലേക്ക് പകരുകയെന്ന സന്ദേശം പകര്‍ന്ന ഋഷിവര്യന്മാരുടെ നാടാണിത്. അവിടെ സേവനത്തിലും സഹജീവിസ്‌നേഹത്തിലും പിശുക്ക് കാണിക്കരുത്.

Categories: Editorial, Slider