ക്രൂയ്‌സ് കപ്പലുകളെ വഴി മാറ്റിവിടാന്‍ വെനീസ് തീരുമാനിച്ചു

ക്രൂയ്‌സ് കപ്പലുകളെ വഴി മാറ്റിവിടാന്‍ വെനീസ് തീരുമാനിച്ചു

വെനീസ്: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ ക്രൂയ്‌സ് കപ്പലുകള്‍ ഡോക്ക് ചെയ്യുന്നത് (കപ്പല്‍ത്തുറയില്‍ ഇടുന്നത്) ഒഴിവാക്കി, അവയെ വഴി മാറ്റിവാടന്‍ നിയമനിര്‍മാതാക്കള്‍ ഓഗസ്റ്റ് എട്ടാം തീയതി തീരുമാനിച്ചു. നഗരവാസികളുടെ ഒരു വലിയ വിജയമായിട്ടാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. സെപ്റ്റംബര്‍ മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് ട്രാവല്‍ പള്‍സ് റിപ്പോര്‍ട്ട് ചെയ്തു. വെനീസില്‍നിന്നും മാറി സ്ഥിതി ചെയ്യുന്ന ഫുസീന, ലൊമ്പാര്‍ഡിയ എന്നീ ടെര്‍മിനലുകളില്‍ അടുത്ത മാസം മുതല്‍ കപ്പലുകള്‍ ഡോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ഇറ്റലിയുടെ ഗതാഗതമന്ത്രി ഡാനിലോ ടോണിനെല്ലി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ രണ്ടിന് ഒരു ക്രൂയ്‌സ് കപ്പല്‍ വെനീസ് തുറമുഖത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ അവിടെ ഡോക്ക് ചെയ്തിരുന്ന ഒരു ടൂറിസ്റ്റ് ബോട്ടിനെ ഇടിച്ചിരുന്നു. ഈ സംഭവം വലിയ വിവാദങ്ങള്‍ക്കും കാരണമായി. ഇതേ തുടര്‍ന്നാണ് ക്രൂയ്‌സ് കപ്പലുകള്‍ക്കു നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നത്.

ഇറ്റലിയുടെ വടക്ക് കിഴക്കന്‍ നഗരമാണ് വെനീസ്. ചരിത്ര പ്രാധാന്യമുള്ള ഈ നഗരം വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. വേനല്‍ക്കാലത്ത് ഇവിടെ നിരവധി ക്രൂയ്‌സ് കപ്പലുകളാണു വിനോദസഞ്ചാരികളുമായെത്തുന്നത്. പ്രതിവര്‍ഷം 30 ദശലക്ഷം വിനോദസഞ്ചാരികള്‍ വെനീസിലെത്തുന്നതായിട്ടാണു കണക്കുകള്‍ പറയുന്നത്. വെനീസിലെ ജനസംഖ്യയാകട്ടെ വെറും 55,000-ും. വിനോദസഞ്ചാരികളുമായി എത്തുന്ന ക്രൂയ്‌സ് കപ്പലുകള്‍ പ്രദേശവാസികള്‍ക്ക് അലോസരം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതേ തുടര്‍ന്നു വന്‍തോതില്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഓരോ ദിവസവും വെനീസില്‍ ചുരുങ്ങിയത് 32,000 വിനോദസഞ്ചാരികള്‍ ക്രൂയ്‌സ് കപ്പലില്‍ വന്നിറങ്ങുന്നതായിട്ടാണു വെനീസിലെ പോര്‍ട്ട് അധികാരികള്‍ പറയുന്നത്. ഇത്രയും വലിയ തോതില്‍ സഞ്ചാരികളെത്തുന്നത് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തുന്നുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. അതിനു പുറമേ പാരിസ്ഥിതിക പ്രശ്‌നവുമുണ്ടെന്ന് പറയപ്പെടുന്നു. ചരിത്രപ്രസിദ്ധമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണു വെനീസ്.

Comments

comments

Categories: FK News