‘ഇന്റേണ്‍സ്’ എന്ന പേരില്‍ ചൈനയില്‍ തൊഴില്‍ ചൂഷണം

‘ഇന്റേണ്‍സ്’ എന്ന പേരില്‍ ചൈനയില്‍ തൊഴില്‍ ചൂഷണം

ചൈനയിലെ ആമസോണിന്റെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ഇന്റേണ്‍സ് എന്ന പേരില്‍ വിദ്യാര്‍ഥികളെ തൊഴിലിടങ്ങളില്‍ ചൂഷണം ചെയ്‌തെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍. ആമസോണിന്റെ സ്മാര്‍ട്ട് സ്പീക്കറായ അലക്‌സ നിര്‍മിക്കാനാണു വിദ്യാര്‍ഥികളെ ഇന്റേണ്‍സായി കമ്പനിയില്‍ നിയോഗിച്ചത്. ആഴ്ചയില്‍ ആറ് ദിവസവും, ഒരു ദിവസം പത്ത് മണിക്കൂര്‍ എന്ന കണക്കില്‍ പണി ചെയ്യിപ്പിച്ചിരുന്നെന്നു കണ്ടെത്തിയിരിക്കുന്നു. തുച്ഛമായ പ്രതിഫലമാണ് നല്‍കിയതും.

ആമസോണ്‍ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ചൈനയിലെ ആയിരക്കണക്കിനു സ്‌കൂള്‍ കുട്ടികള്‍ രാത്രിയിലും ജോലി ചെയ്തിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഉല്‍പാദന ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ആമസോണിന്റെ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കുട്ടികളെ നിയോഗിച്ചത്. ആമസോണിന്റെ ചൈനയിലെ വിതരണക്കാരായ ഫോക്‌സ്‌കോണാണു കുട്ടികളെ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നു വിദഗ്ധര്‍ പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആമസോണ്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട് സ്പീക്കറാണ് അലക്‌സ. ആമസോണിന്റെ അലക്‌സ എന്ന ഉപകരണത്തിനു യുഎസില്‍ 50 ഡോളറും, യുകെയില്‍ 50 പൗണ്ടും, ഓസ്‌ട്രേലിയയില്‍ 79 ഓസ്‌ട്രേലിയന്‍ ഡോളറുമാണ് ഈടാക്കുന്നത്. വിപണിയില്‍ ഗൂഗിള്‍ ഹോമിന്റെ എതിരാളിയാണ് ആമസോണ്‍ അലക്‌സ. ആമസോണിന്റെ ചൈനയിലെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ആപ്പിളിന്റെ ഐ ഫോണും കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. ഫാക്ടറിയിലേക്കു 15 പുതിയ ഉല്‍പാദന നിര (production line) കൂട്ടിച്ചേര്‍ക്കുന്നതിനും ആയിരക്കണക്കിനു പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും ആമസോണ്‍ 2017-ല്‍ ഫോക്‌സ്‌കോണുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട്, കിന്‍ഡില്‍ ഇ-റീഡര്‍ എന്നിവയുടെ ഉല്‍പാദന തോത് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഫോക്‌സ്‌കോണില്‍നിന്നുള്ള തൊഴിലാളികളുമായുള്ള അഭിമുഖങ്ങളും, ഫോക്‌സ്‌കോണില്‍നിന്നും ചൈന ലേബര്‍ വാച്ച് എന്ന തൊഴിലവകാശ ഗ്രൂപ്പിന് ലഭിച്ച രേഖകളും വെളിപ്പെടുത്തുന്നത്, സ്മാര്‍ട്ട് സ്പീക്കര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനു കുട്ടികളില്‍ പലരും രാത്രിയും ഓവര്‍ ടൈമും ജോലി ചെയ്തിരുന്നെന്നാണ്. ഇത് ചൈനയിലെ തൊഴില്‍നിയമങ്ങളുടെ ലംഘനം കൂടിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 16നും 18നു ഇടയിലുള്ള 1000-ത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ ജോലി ചെയ്തിരുന്നതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ചൈനയില്‍ ഫാക്ടറികള്‍ക്ക് 16 വയസും അതില്‍ കൂടുതലുമുള്ള വിദ്യാര്‍ത്ഥികളെ തൊഴിലിനായി നിയമിക്കാന്‍ അനുമതിയുണ്ട്, എന്നാല്‍ ഈ കുട്ടികള്‍ക്ക് രാത്രിയോ ഓവര്‍ടൈമോ ജോലി ചെയ്യാന്‍ അനുവാദമില്ലെന്നാണു തൊഴില്‍നിയമം പറയുന്നത്. ഇപ്പോള്‍ കുട്ടികളെ അനധികൃതമായി തൊഴിലിനു നിയോഗിച്ചെന്ന ആരോപണം നേരിടുന്ന ഫോക്‌സ്‌കോണ്‍ അക്കാര്യം സമ്മതിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിരിക്കുകയാണ്. ചൈനയുടെ സെന്‍ട്രല്‍ സതേണ്‍ സിറ്റിയായ ഹെങ്‌യാങിലുള്ള സ്‌കൂളുകളിലും, ടെക്‌നിക്കല്‍ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളെയാണു കമ്പനിയില്‍ പരീശലനത്തിന് അഥവാ ഇന്റേണ്‍സ് (interns) എന്ന പേരില്‍ ആമസോണിന്റെ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ നിയോഗിച്ചത്. ജോലി സ്ഥലത്ത് വിദ്യാര്‍ഥികളോടൊപ്പമെത്തിയ അധ്യാപകര്‍ക്കു കമ്പനി പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു. ജോലിക്കിടെ ഓവര്‍ ടൈം ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ അതുമായി സഹകരിക്കാതിരുന്ന വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ കമ്പനി അധ്യാപകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

ആമസോണിന്റെ ഇ-റീഡറായ കിന്‍ഡില്‍, സ്മാര്‍ട്ട് സ്പീക്കറായ അലക്‌സാ, എക്കോ-ഡോട്ട് തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസക്കാലം കമ്പനിയില്‍ ചെലവഴിക്കേണ്ടതായി വന്നു. കമ്പനിയിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദന കാലയളവിലാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കു തൊഴിലിടത്തു ചെലവഴിക്കേണ്ടി വന്നത്. കഴിഞ്ഞ മാസം ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ നിര്‍മാണത്തിനായി കമ്പനിയില്‍ ജോലി ചെയ്യേണ്ടി വന്ന സിയോ ഫാങ് എന്ന 17-കാരി പറഞ്ഞത്, എക്കോ ഡോട്ട് എന്ന ആമസോണ്‍ ഉപകരണത്തിന്മേല്‍ പ്രൊട്ടക്റ്റീവ് ഫിലിം ഒട്ടിക്കുന്ന ജോലി ഏല്‍പ്പിച്ചെന്നാണ്. ഇത്തരത്തില്‍ ഒരു ദിവസം 3,000-ത്തോളം ഫിലിം ഒട്ടിക്കുമായിരുന്നെന്നും സിയോ ഫാങ് പറഞ്ഞു.

ആഴ്ചയില്‍ അഞ്ച് ദിവസം, ദിവസം എട്ട് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്നാണ് ടീച്ചര്‍ സിയോ ഫാങിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഇതു മാറി. ആഴ്ചയില്‍ ആറ് ദിവസം, ഓരോ ദിവസവും പത്ത് മണിക്കൂര്‍ എന്ന നിലയിലേക്കും തൊഴിലിന്റെ സ്വഭാവം മാറിയെന്നു സിയോ ഫാങ് പറയുന്നു. ഫോക്‌സ്‌കോണില്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ തനിക്കു സാധിക്കില്ലെന്നു സിയോ ഫാങ് ടീച്ചറിനോടു പറഞ്ഞപ്പോള്‍, ഓവര്‍ ടൈം ജോലി ചെയ്തില്ലെങ്കില്‍ അത് ബിരുദത്തെയും സ്‌കൂളിലെ സ്‌കോളര്‍ഷിപ്പ് ആപ്ലിക്കേഷനുകളെയും ബാധിക്കുമെന്നാണു ടീച്ചര്‍ മറുപടി നല്‍കിയതെന്നു സിയോ ഫാങ് പറഞ്ഞു. ചൈന ലേബര്‍ വാച്ച് എന്ന തൊഴിലവകാശ സംഘടനയ്ക്ക് ലഭിച്ച രേഖകള്‍ വെളിപ്പെടുത്തുന്നത്, ഫോക്‌സ്‌കോണ്‍ എന്ന സ്ഥാപനം സ്ഥിര ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് ഈ ഒഴിവ് നികത്താന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്കു തിരിഞ്ഞതെന്നാണ്. വിദ്യാര്‍ഥികളെ നിയോഗിച്ചതിലൂടെ കമ്പനിയിലെ തൊഴില്‍സേനയുടെ കുറവ് പരിഹരിക്കാനും നിയമനച്ചെലവ് (labour recruitment cost) കുറയ്ക്കുന്നതിനും സാധിച്ചു. രേഖകള്‍ കാണിക്കുന്നത്, ഫോക്‌സ്‌കോണ്‍ ഇന്റണ്‍ഷിപ്പ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഓവര്‍ടൈം, അനുബന്ധ വേതനം ഉള്‍പ്പെടെ മണിക്കൂറിന് 16.54 യുവാന്‍ പ്രതിഫലമായി നല്‍കിയെന്നാണ്.

ഒരു തൊഴിലാളിക്ക് മണിക്കൂറില്‍ 20.18 യുവാന്‍ പ്രതിഫലം ലഭിക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് 16.54 യുവാന്‍ നല്‍കിയത്. ഓരോ വിദ്യാര്‍ഥികളെയും പരിശീലനത്തിനായി ലഭ്യമാക്കുന്ന സ്‌കൂളിന് കമ്പനി പ്രതിഫലമായി മാസം 500 യുവാനാണു നല്‍കിയിരുന്നത്. ചൈനയിലെ നാല് സ്‌കൂളുകള്‍ കമ്പനിക്ക് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികളെ നല്‍കാമെന്നു സമ്മതിച്ചതിന്റെ കരാര്‍ ഉള്‍പ്പെടുന്ന തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും കൂടിയ ഉല്‍പാദനം നടക്കുന്ന കാലയളവില്‍ കമ്പനി സ്ഥിര ജീവനക്കാര്‍ക്കു പുറമേ ഏജന്‍സി വര്‍ക്കര്‍ എന്ന കരാര്‍ ജീവനക്കാരെയും നിയമിക്കാറുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളെ ഇന്റേണ്‍സായി നിയമിക്കുകയാണെങ്കില്‍ കരാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന പോലെ വേതനം നല്‍കേണ്ടതായി വരില്ല. ഇത് കമ്പനിക്ക് ലാഭകരവുമാണ്. ഇതാണു വിദ്യാര്‍ഥികളെ ജോലിയില്‍ നിയോഗിക്കാന്‍ കാരണമെന്നും ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട ഒരു രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Top Stories
Tags: Amazon