നാശം വിതച്ച് ദുരിതമഴ; വേണ്ടത് ഒത്തൊരുമ

നാശം വിതച്ച് ദുരിതമഴ; വേണ്ടത് ഒത്തൊരുമ

കൊടും മഴയില്‍ കേരളം വീണ്ടും പകച്ചുനില്‍ക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെ, ഒത്തൊരുമിച്ച് അതിജീവിക്കേണ്ടിയിരിക്കുന്നു ഈ ദുരിതപ്പെയ്ത്തിനെയും

കൊടും മഴയില്‍ കേരളം വീണ്ടും സ്തംഭിച്ചുനില്‍ക്കുകയാണ്. വയനാട്ടിലെ മേപ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലുമെല്ലാം കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ജീവനാശവും സാമ്പത്തികനാശവും കൃഷിനാശവുമെല്ലാം ദുരിതമഴയുടെ വരവിലുണ്ടായി. വയനാട് മേപ്പാടിയിലെ പുത്തുമലയിലെ ദുരന്തം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. നഷ്ടത്തിന്റെ ആഘാതം എത്രമാത്രമുണ്ടെന്ന് പോലും ഇതുവരെ വിലയിരുത്താന്‍ സാധിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ ഉരുള്‍പൊട്ടി മലയൊന്നാകെ കോളനിക്ക് മുകളിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായ ദയനീയാവസ്ഥയില്‍ വിറങ്ങലിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണ് അവിടുത്തെ ജനങ്ങള്‍.
ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ ദുരിതം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി, ജനങ്ങളെ സഹകരിപ്പിച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളമൊട്ടാകെ 24 ഇടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തു മിക്കയിടത്തും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, മധ്യകേരളത്തിലെ 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്ക്ക് ശക്തി കൂടിയതോടെ ട്രെയ്ന്‍ ഗതാഗതം വലിയ തോതില്‍ താറുമാറായി. പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ മണ്ണിടിഞ്ഞു. ആലപ്പുഴ വഴിയുള്ള ട്രെയ്‌നുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കേണ്ടിയും വന്നു. റോഡ് ഗതാഗതവും തടസപ്പെട്ടും. താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തെയും മഴക്കെടുതി സാരമായി ബാധിച്ചു. നിരവധി ഇടങ്ങളില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്, ദിവസങ്ങളോളമായി.

അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കളക്റ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മാറിത്താമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍പെടാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം എല്ലാവരും ഉള്‍ക്കൊള്ളണം.

മഴക്കെടുതി നേരിടുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനായി പൊലീസിലെ എല്ലാ വിഭാഗങ്ങളെയും സംസ്ഥാനമൊട്ടും നിയോഗിച്ചിട്ടുണ്ട്. സേവന സന്നദ്ധരായ വളണ്ടിയര്‍മാരുടെ റജിസ്‌ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് കേരള റെസ്‌ക്യൂ വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പോയ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. മുന്‍പ്രളയത്തിന്റെ സാമൂഹ്യ, സാമ്പത്തിക ആഘാതത്തില്‍ നിന്ന് കേരളം ഇതുവരെ പൂര്‍ണായും മുക്തി നേടിയിട്ടില്ല. അപ്പോഴാണ് ദുരന്തം വിതച്ചുള്ള കൊടുംമഴയില്‍ സംസ്ഥാനം വീണ്ടും ഉലയുന്നത്.

300ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. 25,000ത്തോളം പേര്‍ ഇവിടങ്ങളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളക്റ്റര്‍മാരുടെ ഏകോപനത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എത്തിക്കാനാകുന്നവര്‍ പരമാവധി സഹായിക്കാനുള്ള മനസ്ഥിതിയാണ് പ്രകടമാക്കേണ്ടത്. പല തലങ്ങളിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആവശ്യം. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ചയൊന്നുമുണ്ടാകരുത്.

മഴയ്ക്ക് ശമനമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും തിങ്കളാഴ്ച്ച മുതല്‍ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്ര വിലയിരുത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് കാരണം. അതുകൊണ്ടുതന്നെ വളരെ കരുതലോടെ, ഒരുമയോടെ, കൃത്യമായ ആസൂത്രണത്തോടെ വരും ദിവസങ്ങളിലെ കെടുതിയെ നേരിടാനുള്ള ആര്‍ജവമാണ് നാം കാണിക്കേണ്ടത്.

Categories: Editorial, Slider