അവാര്‍ഡ് തിളക്കത്തോടെ ഡുകാറ്റി ഡിയാവല്‍ 1260 ഇന്ത്യയില്‍

അവാര്‍ഡ് തിളക്കത്തോടെ ഡുകാറ്റി ഡിയാവല്‍ 1260 ഇന്ത്യയില്‍

സ്റ്റാന്‍ഡേഡ് വേരിയന്റിന് 17.7 ലക്ഷം രൂപയും എസ് വേരിയന്റിന് 19.25 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഡുകാറ്റി ഡിയാവല്‍ 1260 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പവര്‍ ക്രൂസറിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 17.7 ലക്ഷം രൂപയും എസ് വേരിയന്റിന് 19.25 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മസ്‌കുലര്‍ മോട്ടോര്‍സൈക്കിളിന്റെ സെക്‌സ് അപ്പീലും ആകര്‍ഷകത്വവും ഇപ്പോള്‍ കൂടുതല്‍ വര്‍ധിച്ചിരിക്കുന്നു. ഉല്‍പ്പന്ന രൂപകല്‍പ്പന വിഭാഗത്തില്‍ ‘മികച്ചതില്‍ ഏറ്റവും മികച്ചതിന്’ ഈ വര്‍ഷത്തെ റെഡ് ഡോട്ട് അവാര്‍ഡ് കരസ്ഥമാക്കിയ ഉല്‍പ്പന്നമാണ് ഡുകാറ്റി ഡിയാവല്‍ 1260. ആകെ 5,500 ഉല്‍പ്പന്നങ്ങള്‍ മല്‍സരിച്ചവയില്‍നിന്നാണ് ഡുകാറ്റി ഡിയാവല്‍ 1260 വിജയശ്രീലാളിതനായത്.

കീലെസ് ഇഗ്നിഷന്‍, ക്രൂസ് കണ്‍ട്രോള്‍, ബാക്ക്‌ലിറ്റ് സ്വിച്ചുകള്‍, ലോഞ്ച് കണ്‍ട്രോള്‍, റിയല്‍ വീല്‍ ലിഫ്റ്റ് മിറ്റിഗേഷന്‍ സിസ്റ്റം എന്നിവ മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ബ്ലൂടൂത്ത് ഡുകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം, ഡുകാറ്റി ലിങ്ക് ആപ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്റ്റാന്‍ഡേഡ് അപ്പ്/ഡൗണ്‍ ക്വിക്ക്ഷിഫ്റ്റര്‍, ഒഹ്‌ലിന്‍സ് സസ്‌പെന്‍ഷന്‍, ബ്രെംബോ എം50 മോണോബ്ലോക്ക് ബ്രേക്ക് കാലിപറുകള്‍ എന്നിവ എസ് എന്ന ടോപ് സ്‌പെക് വേരിയന്റിലെ ഫീച്ചറുകളാണ്.

നിരവധി മാറ്റങ്ങളോടെയാണ് ഡുകാറ്റി ഡിയാവല്‍ 1260 വരുന്നത്. കൂടുതല്‍ വലുതും സാങ്കേതികമായി ഏറെ ആധുനികവുമായ ടെസ്റ്റസ്‌ട്രെറ്റ ഡിവിടി (ഡെസ്‌മോഡ്രോമിക് വാല്‍വ് ടൈമിംഗ്) 1262 എന്‍ജിനാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ മോട്ടോര്‍ 9,250 ആര്‍പിഎമ്മില്‍ 157 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 129 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

അര്‍ബന്‍, ടൂറിംഗ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് അടിസ്ഥാന റൈഡിംഗ് മോഡുകള്‍ സഹിതം സമഗ്രമായ ഇലക്ട്രോണിക്‌സ് പാക്കേജ് നല്‍കിയിരിക്കുന്നു. അര്‍ബന്‍ മോഡില്‍ കരുത്ത് 100 ബിഎച്ച്പി ആയി പരിമിതപ്പെടുത്തി. അര്‍ബന്‍, ടൂറിംഗ് മോഡുകളില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് സ്മൂത്ത് ആണെങ്കില്‍ സ്‌പോര്‍ട്ട് മോഡില്‍ അഗ്രസീവാണ്. കോര്‍ണറിംഗ് എബിഎസ് സഹിതം ബോഷിന്റെ പുതിയ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്. 6 ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) ലഭിച്ചു. കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വീലീ കണ്‍ട്രോള്‍ സിസ്റ്റം, സ്വയം നിര്‍ത്തുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെ ഐഎംയു സഹായിക്കും.

Comments

comments

Categories: Auto