നൈപുണ്യമുള്ളവര്‍ക്ക് തൊഴിലില്ലാതാകരുത്

നൈപുണ്യമുള്ളവര്‍ക്ക് തൊഴിലില്ലാതാകരുത്

സ്‌കില്‍ ഇന്ത്യ’ പദ്ധതിക്ക് വളരെയേറെ ഊന്നല്‍ നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. എന്നാല്‍ നൈപുണ്യമുള്ളവര്‍ക്ക് പോലും തൊഴിലില്ലാത്ത അവസ്ഥ വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്

നൈപുണ്യ വിദ്യഭ്യാസ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിലും യുവജനങ്ങളെ കൂടുതല്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന്നതിലും പ്രത്യേക ഊന്നല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് പലപ്പോഴും കേന്ദ്രത്തിലിരിക്കുന്ന മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ദശലക്ഷക്കണക്കിന് പേരെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യപരിശീലനം നല്‍കി സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ബജറ്ര് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമാനും പറയുകയുണ്ടായി.

സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രി നല്‍കുന്നതും വലിയ പ്രാധാന്യം തന്നെ. എന്നാല്‍ അടുത്തിടെ പുറത്തുവന്ന പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരമുള്ള വിവരങ്ങള്‍ അത്ര ശുഭകരമല്ല. ഒരു ചെറിയ വിഭാഗം യുവജനങ്ങള്‍ക്ക് മാത്രമേ തൊഴില്‍ അധിഷ്ഠിത പരിശീലനം ലഭിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൈപുണ്യം സിദ്ധിച്ച ഇവരില്‍ നല്ലൊരു വിഹിതം പേരും ഒന്നുകില്‍ തൊഴിലില്ലാത്തവരോ അല്ലെങ്കില്‍ തൊഴില്‍ ശക്തിക്ക് പുറത്തുള്ളവരോ ആണത്രെ.

2017-18 വര്‍ഷത്തില്‍ ഔദ്യോഗികമായി തൊഴിലധിഷ്ഠിത/സാങ്കേതിക പരിശീലനം ലഭിച്ചത് ജനസംഖ്യയുടെ 1.8 ശതമാനം പേര്‍ക്കാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അനൗപചാരികമായ തൊഴിലധിഷ്ഠിത പരിശീലനം ലഭിച്ചത് 5.6 ശതമാനം പേര്‍ക്കാണ്. ഇതുവെച്ച് നോക്കിയാല്‍ ജനസംഖ്യയിലെ 93 ശതമാനത്തിനും ഔപചാരികമായോ അനൗപചാരികമായോ തൊഴിലധിഷ്ഠിത പരിശീലനം ലഭിക്കുന്നില്ല.

ഔപചാരികമായ സാങ്കേതിക പരിശീലനം ലഭിച്ച യുവാക്കളില്‍ (15-29 വയസ്) 42 ശതമാനവും തൊഴില്‍ ശക്തിക്ക് പുറത്താണ്. അവര്‍ ഒന്നുകില്‍ ജോലി ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ തൊഴിലവസരങ്ങള്‍ തേടാതിരിക്കുകയോ ചെയ്യുന്നതായും വിലയിരുത്തപ്പെടുത്തുന്നു. ലഭിച്ച നൈപുണ്യ പരിശീലനത്തിന് അനുസൃതമായ തൊഴില്‍ കണ്ടെത്തുന്നതിലുള്ള പരാജയവുമാകാം ഇതിന് കാരണം.

ഇലക്ട്രോണിക്‌സ്, ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, അപ്പാരല്‍സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലായാണ് കൂടുതലും പരിശീലനം നല്‍കുന്നത്. രാജ്യത്തെ നിലവിലെ തൊഴില്‍ ശക്തിയുടെ പത്ത് ശതമാനത്തിന് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നൈപുണ്യ വികസന പരിശീലനം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കൃത്രിമ ബുദ്ധിയുടെ വരവില്‍ നമ്മള്‍ പേടിക്കാനുള്ള പ്രധാന കാരണവും അത് തന്നെ. കാലത്തിനനുസരിച്ച് വൈദഗ്ധ്യത്തില്‍ നവീകരണം വരുത്തിയിരുന്നെങ്കില്‍ ഇനി കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

നൈപുണ്യവികസനത്തിനും സംരംഭകത്വത്തിനുമായി പ്രത്യേക വകുപ്പ് തന്നെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന എന്ന പേരില്‍ നൈപുണ്യവികസനത്തിനായി പ്രത്യേക പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നു. സൂപ്പര്‍ പവര്‍ പദവിയിലേക്ക് ഭാരതത്തിന് ഉയരണമെങ്കില്‍ ഈ പദ്ധതികള്‍ കൂടുതല്‍ ജനകീയമാവുകയും വ്യവസായ ലോകത്തെ കൂടി പങ്കെടുപ്പിച്ച് ഫലം തരുന്ന നീക്കങ്ങള്‍ നടത്തുകയും വേണം. 2022 ആകുമ്പോഴേക്കും വൈദഗ്ധ്യമാര്‍ജിച്ച 500 ദശലക്ഷം പേരുടെ തൊഴില്‍ ശക്തിയെന്ന മോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യ നൈപുണ്യവികസനത്തിന്റെ കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ സമീപനങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്.

Categories: Editorial, Slider