പ്ലാസ്റ്റിക്ക് മാലിന്യം ടൈല്‍ ആക്കി സ്വച്ഛ ഇക്കോ സൊല്യൂഷന്‍സ്

പ്ലാസ്റ്റിക്ക് മാലിന്യം ടൈല്‍ ആക്കി സ്വച്ഛ ഇക്കോ സൊല്യൂഷന്‍സ്

ഒട്ടുമിക്ക വികസ്വര രാജ്യങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ സ്ഥാനം. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷത്തിനും ഓസോണ്‍ പാളിക്കും കേട് സംഭവിക്കും, കുഴിച്ചിട്ടാല്‍ മണ്ണില്‍ അലിയുകയുമില്ല. ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള പ്ലാസ്റ്റിക്ക് പതിറ്റാണ്ടുകള്‍ ഭൂമിയില്‍ നശിക്കാതെ കിടക്കുകയും ചെയ്യും. പ്ലാസ്റ്റിക്ക് മാലിന്യസംസ്‌കരണത്തില്‍ ഒരിക്കലും പൂര്‍ണ വിജയം നേടിയ ഒരു മാതൃക കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. 2050 ആകുമ്പോഴേക്കും ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് 70 % മൂടപ്പെടും എന്നാണ് പ്ലാസ്റ്റിക്ക് മാലിന്യവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുക എന്നത് പ്രാവര്‍ത്തികമായ കാര്യമല്ല. അങ്ങനെ വരുമ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ എങ്ങനെ പുനരുപയോഗം ചെയ്യാം എന്ന് ചിന്തിക്കുന്നതാകും ഉത്തമം. ബെംഗളൂരു ആസ്ഥാനമായ സ്വച്ഛ ഇക്കോ സൊല്യൂഷന്‍സ് മുന്നോട്ട് വക്കുന്നതും ഇത്തരത്തില്‍ ഒരാശയമാണ്. മാലിന്യമായി പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് ശുദ്ധീകരിച്ച് ടൈലുകളും ജലസേചന പൈപ്പുകളും നിര്‍മിക്കാമെന്ന ആശയമാണ് സ്വച്ഛ മുന്നോട്ട് വയ്ക്കുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് മുക്ത ബെംഗളൂരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം.

മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ അഞ്ചു കണ്ടുപിടുത്തങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ പ്ലാസ്റ്റിക്ക് സ്ഥാനം പിടിച്ചിരിക്കും. ഏത് രൂപത്തിലേക്കും രൂപമാറ്റം വരുത്താന്‍ കഴിയുന്ന ഉല്‍പ്പന്നം എന്ന നിലക്ക് പ്ലാസ്റ്റിക്ക് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ട് കാലങ്ങളേറെയായി. പ്ലാസ്റ്റിക് കടന്നു ചെല്ലാത്ത മേഖലകള്‍ ഇന്ന് വളരെ വിരളമാണ്. അത്രകണ്ട് ജനകീയമായിക്കഴിഞ്ഞിരിക്കുന്നു ഈ ഉല്‍പ്പന്നം. എന്നാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് എന്നും മനുഷ്യരാശിക്ക് ഒരു തലവേദനയാണ്. മണ്ണില്‍ അലിഞ്ഞു ചേരുകയോ വെള്ളത്തില്‍ ലയിക്കുകയോ ചെയ്യാതെ, കത്തിച്ചാല്‍ വിഷപ്പുക പടര്‍ത്തി നില്‍ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അക്ഷരാത്ഥത്തില്‍ മനുഷ്യരാശിക്ക് മുന്നിലെ വലിയൊരു ചോദ്യചിഹ്നമാണ്. അങ്ങനെ വരുമ്പോള്‍ മനുഷ്യരാശിയുടെ ഏറ്റവും ഉപയോഗപ്രദവും എന്നാല്‍ വിനാശകരവുമായ കണ്ടുപിടുത്തം എന്ന് തന്നെ പ്ലാസ്റ്റിക്കിനെ വിശേഷിപ്പിക്കേണ്ടി വരും. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിനൊപ്പം കടുത്ത അന്തരീക്ഷ മലിനീകരണത്തിനും പ്ലാസ്റ്റിക്ക് ഹേതുവാകുന്നു. ഇന്ന് ഒട്ടുമിക്ക ലോകരാജ്യങ്ങളും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ കൊച്ചി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുള്ളത്.1,00,000 കോടി രൂപയുടെ വലുപ്പമാണ് ഇന്ത്യയിലെ പ്ലാസ്റ്റിക്ക് വ്യവസായത്തിനുള്ളത്. ഈ മേഖലയില്‍ ചെറുതും വലുതുമായി 33000 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് 13 മെട്രിക് ടണ്‍ പ്ലാസ്റ്റിക് ആണ് ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ നിന്നും 9 മെട്രിക് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

കയ്യടി നേടിയ വിദേശ മാതൃകകള്‍

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വളരെ മികച്ച രീതിയില്‍ സംസ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്പറഞ്ഞു വരുന്നത്. പ്ലാസ്റ്റിക്ക് ഭൂമിക്ക് ഭാരമാകാതെ പുനരുപയോഗം ചെയ്യുക എന്നതാണ് പ്രധാനം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും മനുഷ്യന് ഉപകാരപ്രദമായ വസ്തുക്കള്‍ നിര്‍മിക്കുക എന്ന ആശയത്തിനാണ് ഇപ്പോള്‍ പ്രാധാന്യം. വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളും മുന്‍തൂക്കം നല്‍കുന്നത് ഇത്തരം കണ്ടു പിടുത്തങ്ങള്‍ക്കാണ്. തായ്‌ലന്‍ഡില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ട് ബോട്ടുകള്‍ നിര്‍മിക്കുന്നു.ഫ്രാന്‍സില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വീടുകള്‍ നിര്‍മിക്കുന്നു, ചൈനയില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് റോഡ് നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നു. ഇങ്ങനെ എത്രയെയത്ര മാതൃകകളാണ് ലോകരാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. കൂട്ടത്തില്‍ ഒന്നായി, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇന്ത്യയും. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച ഗവേഷണങ്ങള്‍ നടക്കുന്നത് ബെംഗളൂരു നഗരത്തിലാണ്. ഇലക്ട്രോണിക് സിറ്റിയായ ബെംഗളൂരു.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്നും ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വച്ഛ് ഇക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനം നിര്‍മിക്കുന്നത് ടൈലുകളും ജലസേചനത്തിനാവശ്യമായ പൈപ്പുകളുമാണ്. മുന്നോട്ട് വച്ച ആശയം പ്രവര്‍ത്തിപടത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു സംഘം യുവാക്കള്‍ നേതൃത്വം നല്‍കുന്ന ഈ സ്ഥാപനം.

പ്ലാസ്റ്റിക്ക് മാലിന്യത്തിന് ബൈ പറയാന്‍ ബെംഗളൂരു

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ബെംഗളുരുവിന്റെ സ്ഥാനം. പ്രതിദിനം ടണ്‍ കണക്കിന് മാലിന്യതമാണ് ഈ നഗരം പുറന്തള്ളുന്നത്. ത്തരത്തില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ബെംഗളുരുവിന്റെ ഭാവി ജീവിതത്തെ ബാധിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക എന്ന പദ്ധതിക്ക് കീഴില്‍ ബെംഗളൂരുവിലെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടന്നത്. ഈ പദ്ധതി പ്രകാരം ബെംഗളൂരു നഗരത്തെ വിവിധ ക്ലസ്റ്ററുകളായി തരാം തിരിക്കുകയും വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് അതില്‍ നിന്നും പ്ലാസ്റ്റിയ്ക്, ജൈവ, അജൈവ മാലിന്യങ്ങള്‍ വെവ്വേറെ സംസ്‌കരിക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രതിദിനം 4000 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് ബെംഗളൂരുവില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ഏറെ അഭിമാനിക്കാന്‍ സാധിക്കുന്ന ഒരു നേട്ടമാണ് ഈ പദ്ധതിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെട്ടപ്പോള്‍ , ജൈവ മാലിന്യങ്ങളെ വളമായി രൂപമാറ്റം ചെയ്യുകയും കര്‍ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യം എങ്ങനെ സംസ്‌കരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് സ്വച്ഛ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ രംഗത്തുവന്നത്.

2016 നു മുന്‍പ് പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്ബാ പ്രകാരം കാരി ബാഗുകള്‍ ഫ്‌ലെക്‌സുകള്‍ ബാനറുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വേണ്ടെന്നു വയ്ക്കുക തുടങ്ങി പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വന്നു. എന്നാല്‍ ജനങ്ങളുടെ സഹകരണക്കുറവിനെ തുടര്‍ന്ന് ഇക്കൂട്ടത്തില്‍ പലപദ്ധതികളും ഉപേക്ഷിക്കേണ്ടതായി വന്നു. ഈ സമയത്താണ് പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത രീതിയിലുള്ള എക്കോ ഫ്രണ്ട്‌ലി ഫ്‌ലെക്‌സുകള്‍ ,ബാനറുകള്‍ എന്നിവ വിപണി പിടിച്ചത്. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും തലവേദനയായി അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് സ്വച്ഛ മുന്നോട്ട് വന്നത്.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വച്ഛയുടെ പ്രധാനലക്ഷ്യം പ്രകൃതി സംരക്ഷണമാണ്. അതിനാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് സ്വച്ഛ് പ്രധാനമായും ശ്രമിക്കുന്നത്.

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ മുന്നേറ്റമാണ് സ്വച്ഛ മുന്നോട്ട് വക്കുന്നത്. ഇത് പ്രകാരം, വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും മറ്റുമായി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിങ്ങളില്‍ നിന്നും ടൈലുകളും കൃഷിക്കും ജലസേചനത്തിനും ആവശ്യമായ പൈപ്പുകളും നിര്‍മിക്കുകയാണ് സ്വച്ഛ. തുടക്കത്തില്‍ മാലിന്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യം മാത്രമേ സ്ഥാപനത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ സാങ്കേതിക വിദ്യയും മാലിന്യസംസ്‌കരണം എന്ന ആശയവും കൈകോര്‍ത്തപ്പോള്‍ സ്വച്ഛക്ക് മികച്ച മുന്നേറ്റം നേടാനായി. ഇന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും ടൈലുകളും പൈപ്പുകളും നിര്‍മിച്ചുകൊണ്ട് മികച്ച വരുമാനം നേടാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നു.

ഗുണമേന്മയില്‍ വിട്ടു വീഴ്ചയില്ലാത്ത ടൈലുകള്‍

പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും ടൈലുകള്‍ നിര്‍മിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ ഗുണനിലവാരത്തെക്കുറിച്ചായിരിക്കും നാം ആദ്യം ചിന്തിക്കുക. എന്നാല്‍ സ്വച്ഛ വിപണിയില്‍ ഇറക്കുന്ന ടൈലുകള്‍ വിട്രിഫൈഡ് ടൈലുകള്‍ക്ക് സമാനമായ ഗുണമേന്മയുള്ളവയാണ്. തുടക്കം എന്ന നിലക്ക് പൊതു സ്ഥലങ്ങളിലാണ് സ്വച്ഛ ടൈലുകള്‍ പരീക്ഷിച്ചത്. ഇത് ഉപയോഗിച്ച് നിര്‍മിച്ച പാര്‍ക്കുകള്‍, ഫുട്പാത്തുകള്‍ എന്നിവ മികച്ച പ്രതികരണം നല്‍കി. 150 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് തടയുന്നതിനുള്ള ശേഷി ഇവയ്ക്കുണ്ട്. മാത്രമല്ല, 35 ടണ്‍ ഭാരം താങ്ങാനും ഇവയാകുന്നു. ഇതിനെല്ലാം പുറമെ, തീപിടുത്തം, വെള്ളപ്പൊക്കം എന്നിവയെ ചെറുക്കനും ഈ ടൈലുകള്‍ക്ക് കഴിയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം യാതൊരു വിധ കേടുപാടുകളും ഈ ഉല്‍പ്പനനത്തിനു ഉണ്ടാകുന്നില്ല. ആളുകള്‍ നടക്കുന്നത് മൂലമുണ്ടാകുന്ന കേടുപാടുകളെയും ഇത് ഫലപ്രദമായി ചെറുക്കുന്നു.

ഏത് തരം കെട്ടിടത്തില്‍ വേണമെങ്കിലും ഇത്തരം ടൈലുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മഴവെള്ളം മൂലം ഇവക്ക് കുഴപ്പൊഅമിന്നിത്തെ സംഭവിക്കില്ല. ആവശ്യമെങ്കില്‍ ഇവയ്ക്കു വീണ്ടും രൂപമാറ്റം വരുത്താന്‍ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.അതിനാല്‍ തന്നെ ഉപഭോക്താക്കളെ ആകര്ഷിക്കാനാകുമെന്ന വിശ്വാസത്തിലാണ് സ്വച്ഛ. ടൈല്‍ നിര്‍മാണത്തിനായി പ്രത്യേക വൈദഗ്ദ്യം നേടിയ തൊഴിലാളികള്‍ ഉണ്ട്. പ്രത്യേക രീതിയിലുള്ള അച്ചുകളില്‍ വിവിധ ആകൃതിയിലാണ് ടൈലുകളുടെ നിര്‍മാണം നടക്കുന്നത്. ഏറ്റവും ലളിതമായ ഡിസൈനുകളിലാണ് ടൈലുകള്‍ വിപണിയിലെത്തുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കളിമണ്ണില്‍ തീര്‍ത്ത ടൈലുകളാണെന്നേ തോന്നൂ. എല്ലാ നിറങ്ങളിലും ടൈലുകള്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സാങ്കേതിക മികവോടെയുള്ള നിര്‍മാണം

ഉപയോഗശേഷം നാം വലിച്ചെറിയുന്ന എല്ലാത്തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ച് അതില്‍ നിന്നും ശീതളപാനീയങ്ങളുടെയും ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെയും പാഴായ കുപ്പികള്‍ ത്രം തിരിച്ചെടുത്താണ് ടൈല്‍ നിര്‍മാണം. ഇത്തരത്തില്‍ ശേഖരിക്കുന്ന കുപ്പികള്‍ ഉന്നത മര്‍ദ്ധത്തിലുള്ള ടൈല്‍ നിര്‍മാണ മെഷീനിലേക്ക് കടത്തിവിടുന്നു. അനേകം ഘട്ടങ്ങളാണ് പ്ലാസ്റ്റിക്ക് ടൈല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യഘട്ടത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സ്വച്ഛയുടെ പ്ലാന്റുകളില്‍ എത്തിക്കുന്നു. അതിനുശേഷം ഒരേ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്നു. മൂന്നാം ഘട്ടത്തില്‍ ഉയര്‍ന്ന മര്‍ദ്ദം നല്‍കി ഇവക്ക് രൂപമാറ്റം വരുത്തുന്നു. തുടര്‍ന്ന് ടൈല്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ചേര്‍ത്ത് , വ്യത്യസ്ത ഡിസൈനുകളിലുള്ള അച്ചുകളില്‍ ടൈലുകള്‍ നിര്‍മിക്കുന്നു. റീസൈക്കിള്‍ ചെയ്ത പൊളി പ്രോപ്പലൈന്‍ രൂപത്തില്‍ നിന്നുമാണ് ടൈലിലേക്കുള്ള രൂപമാറ്റം. ഒരു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടൈല്‍ ഒന്നിന് 70 മുതല്‍ 90 രൂപവരെയാണ് വിലവരുന്നത്.15 ഡിസ്‌പോസിബിള്‍ ഫുഡ് കണ്ടൈനറുകളില്‍ നിന്നും ഒരു ടൈല്‍ നിര്‍മിക്കാന്‍ കഴിയും. അതുപോലെ തന്നെ 150 പോളിത്തീന്‍ ബാഗുകളില്‍ നിന്നും 150 ഡിസ്‌പോസിബിള്‍ സ്പൂണുകളില്‍ നിന്നും 15 കോസ്മറ്റിക് ബോട്ടിലുകളില്‍ നിന്നും ഓരോ ടൈലുകള്‍ വീതം നിര്‍മിക്കാനായി സാധിക്കും. നിലവില്‍ ബോധവത്കരണം എന്ന രീതിയിലാണ് ടൈല്‍ വിപണിയില്‍ എത്തുന്നത്. ചില സന്നദ്ധ സംഘടനകള്‍ ടൈലുകള്‍ പൊതുസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. അതിലൂടെ സ്വച്ഛ വരുമാനവും നേടുന്നുണ്ട്.വരും നാളുകളില്‍ വിപണി പിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് സ്ഥാപനം .