എംസിഎഫില്‍ 4 മാസത്തിനിടെ നിര്‍മിച്ചത് 554 കോച്ചുകള്‍

എംസിഎഫില്‍ 4 മാസത്തിനിടെ നിര്‍മിച്ചത് 554 കോച്ചുകള്‍

നിര്‍മാണ ശേഷിയില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 50 ശതമാനം വര്‍ധനവ്

റായ്ബറേലി: നിര്‍മാണ ശേഷിയില്‍ പുതിയ അധ്യായമെഴുതി റെയ്ല്‍വേയുടെ റായ്ബറേലി മോഡേണ്‍ കോച്ച് ഫാക്റ്ററി (എംസിഎഫ്). ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാലു മാസങ്ങളില്‍ 554 എല്‍എച്ച്ബി (ലിങ്ക്് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. നിര്‍മാണ ശേഷിയില്‍ മുന്‍ വര്‍ഷത്തെ സമാന സമയത്തേക്കാള്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 368 എല്‍എച്ച്ബി കോച്ചുകളാണ് നിര്‍മിച്ചിരുന്നത്. ട്രെയ്‌നുകളിലെ നിലവിലെ എല്ലാ കോച്ചുകളും മാറ്റി പകരം ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ വിന്യസിക്കാനുള്ള റെയ്ല്‍വേ പദ്ധതിക്ക് കരുത്തു പകരുന്നതാണ് നേട്ടം.

കഴിഞ്ഞ മാസം മാത്രം ഫാക്റ്ററിയില്‍ 142 എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മിക്കപ്പെട്ടു. കോച്ചുകളുടെ വശങ്ങളുടെയും അടിയിലെ ചട്ടക്കൂടിന്റെയും നിര്‍മാണം, ഷെല്‍ അസംബ്ലി, വിതരണ ശൃംഖല കൈകാര്യം ചെയ്യല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സ്ഥിരമായ നിരീക്ഷണവും ഏകോപനവും എന്നീ ജോലികള്‍ക്കായി റോബോട്ടിക് നിര്‍മാണ രീതികള്‍ നടപ്പിലാക്കിയത് നിര്‍മാണശേഷി ഉയരാന്‍ സഹായകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1,425 എല്‍എച്ച്ബി കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. നടപ്പ് വര്‍ഷം 1,458 കോച്ചുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിര്‍മാണ പുരോഗതി കണക്കിലെടുത്ത് ഈ വര്‍ഷത്തെ നിര്‍മാണ ലക്ഷ്യം 2,158 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

പ്രാരംഭഘട്ടത്തില്‍ പ്രതിവര്‍ഷം 1,000 എല്‍എച്ച്ബി കോച്ചുകളാണ് ആധുനിക കോച്ച് ഫാക്റ്ററിയില്‍ നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി 2,000 എല്‍എച്ച്ബി കോച്ചുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. നിര്‍മാണ സൗകര്യങ്ങളുടെ വികസനത്തിനായി 480 കോടി രൂപയുടെ വികസന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: coaches, MCF