അതിവേഗ ‘കേരള റെയില്‍’; അറിയേണ്ടതെല്ലാം…

അതിവേഗ ‘കേരള റെയില്‍’; അറിയേണ്ടതെല്ലാം…

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ ‘കേരള റെയില്‍’ പാതയ്ക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഗതാഗതരംഗത്ത് വലിയ മാറ്റമാണ് സംഭവിക്കാനിരിക്കുന്നത്

  • തിരുവനന്തപുരം-കാസര്‍കോട് ‘കേരള റെയില്‍’ യാത്ര നാലു മണിക്കൂറില്‍
  • തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറില്‍ എത്താം
  • ഭൂമി ഏറ്റെടുക്കുന്നതിനടക്കം 66,079 കോടി രൂപയാണ് പദ്ധതി ചെലവ്
  • ആകെ 1200 ഹെക്ടര്‍ മാത്രമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്നത്
  • ആദ്യഘട്ടത്തില്‍ ഒന്‍പതു ബോഗികളുണ്ടാവും. പിന്നീടിത് 12 വരെയാക്കും
  • 11 ജില്ലകളിലൂടെ കടന്നുപോകുന്ന കേരള റെയിലില്‍ പത്തു സ്റ്റേഷനുകളുണ്ടാകും

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ നാലുമണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

വിശദമായ സാധ്യതാപഠനത്തിനും ഗതാഗത പഠനത്തിനും ശേഷം ലാഭകരമായി നടപ്പാക്കാമെന്ന് കണ്ടെത്തിയ ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യപദ്ധതി 2024ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പാതയുടെ നിര്‍മാണചുമതല. ഭൂമി ഏറ്റെടുക്കുന്നതിനടക്കം 66,079 കോടി രൂപയാണ് പദ്ധതി ചെലവ്. ആറുവരി ദേശീയപാതയുടേതിനു തുല്യമായ എണ്ണം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇരട്ടവരി റെയില്‍ ഇടനാഴിക്കു കഴിയും. കേരളത്തിന്റെ തെക്കുനിന്ന് വടക്കുവരെ നീളുന്ന പാതയാണെങ്കിലും ആകെ 1200 ഹെക്ടര്‍ മാത്രമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്നത്.

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുന്നത്. ആദ്യഘട്ടത്തില്‍ ഒന്‍പതു ബോഗികളുണ്ടാവും. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന കേരള റെയിലില്‍ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് കേരള റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരംഎറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും.

റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടര്‍ച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിര്‍മിക്കുന്ന പാലങ്ങളില്‍ ഈ റോഡ് ഒഴിവാക്കും.

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയില്‍ ഗതാഗതം ഇപ്പോള്‍തന്നെ 115 ശതമാനമാണ്. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നിരവധി ജീവനുകള്‍ പൊലിയുന്ന തരത്തില്‍ റോഡുമാര്‍ഗമുള്ള ഗതാഗതം അതീവദുഷ്‌കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി കേരളം അതിവേഗ റെയില്‍ ഇടനാഴി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പാരീസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്.

പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രം ഒപ്പുവയ്ക്കും. സൗരോര്‍ജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോണ്‍ക്രീറ്റും പുനര്‍സംസ്‌കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും. നിര്‍മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കളും ഇങ്ങനെ സംസ്‌കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഹരിത നിര്‍മാണ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കുന്നത്.

റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനും അതിവേഗ റെയില്‍പാതയ്ക്കു കഴിയും. 2028ല്‍ കേരളത്തിലുണ്ടാകുമെന്നു കരുതപ്പെടുന്ന 2,37,663 ടണ്‍ കാര്‍ബണ്‍ മാലിന്യം ഈ പാതയിലൂടെയുള്ള ഗതാഗതം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും. 2051ല്‍ അതിവേഗ പാതയ്ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന കാര്‍ബണ്‍ നിര്‍മാര്‍ജനം 3,81,899 ടണ്‍ ആയിരിക്കും.

ആധുനിക സിഗ്‌നല്‍ സംവിധാനത്തിനുപുറമെ വിവര വിനിമയം, ടിക്കറ്റിംഗ്, യാത്രാസൗകര്യം, വൈദ്യുതിവിതരണം തുടങ്ങിയവയ്ക്കുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ കേരള റെയിലിന്റെ പ്രത്യേകതകളാണ്. പാതയിലൂടനീളവും സ്റ്റേഷനുകളടക്കമുള്ള കെട്ടിടങ്ങളിലും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സോളാര്‍ പാനലുകള്‍ സജ്ജീകരിക്കും.

വൈദ്യുതി ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേര്‍പ്പെടുത്തും.

ഒരു കിലോമീറ്റര്‍ കേരള റെയില്‍ യാത്രയ്ക്ക് 2.75 രൂപ ചെലവുമാത്രമാണ് വേണ്ടിവരുന്നത്. പ്രതിവര്‍ഷ വര്‍ധന 7.5 ശതമാനമായിരിക്കും. തുടക്കത്തില്‍ പ്രതിദിനം 67,740 യാത്രക്കാരുണ്ടായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. തിരക്കുള്ള സമയത്ത് ഒരു ദിശയില്‍ മാത്രം 1330 യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിദിന യാത്രക്കാര്‍ 2028ല്‍ 82,266, 2040ല്‍ 116,681, 2051ല്‍ 147,120 എന്നിങ്ങനെയായിരിക്കും.

പാതനിര്‍മാണത്തിനുള്ള ചെലവില്‍ 34454 കോടി രൂപ വായ്പയായിരിക്കും. 7720 കോടി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ഭൂമി ഏറ്റെടുത്തുനല്‍കുന്നതിനും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ 8656 കോടി രൂപ ചെലവിടും. ബാക്കി വരുന്ന ചെലവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇതര വായ്പകളിലൂടെയും മറ്റുമായിരിക്കും.

കെആര്‍ഡിസിഎല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനം. ഈ റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനു കൈമാറും. ഇതിനിടെ കെആര്‍ഡിസിഎല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നവംബറോടെ തയാറാക്കും.

സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വെയുടെയും സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തിരുവനന്തപുരം ആസ്ഥാനമായി 2017ലാണ് രൂപീകരിച്ചത്. റെയില്‍വെ പദ്ധതികള്‍ ചെലവ് പങ്കിട്ട് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍കോടും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക.

Comments

comments

Categories: Top Stories
Tags: Kerala rail