തകര്‍ന്നടിഞ്ഞ് ഓട്ടോ…ധനമന്ത്രി വിഷമവൃത്തത്തില്‍

തകര്‍ന്നടിഞ്ഞ് ഓട്ടോ…ധനമന്ത്രി വിഷമവൃത്തത്തില്‍

ഓട്ടോമേഖലയിലെ സ്ഥിതി നാള്‍ക്കുനാള്‍ വഷളാകുകയാണ്. ജൂലൈ മാസത്തിലെ ഉല്‍പ്പാദനത്തില്‍ തങ്ങള്‍ 25.15 ശതമാനം കുറവ് വരുത്തിയതായി മാരുതി ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് ലക്ഷത്തോളം തൊഴില്‍ നഷ്ടം മേഖലയില്‍ സംഭവിച്ചുകഴിഞ്ഞു. മേഖലയെ എങ്ങനെ പുനരുജ്ജീവിപ്പിക്കും സര്‍ക്കാര്‍

ഏതാനും ഹ്രസ്വകാല നടപടികളിലൂടെ വാഹന നിര്‍മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നത് രാഷ്ട്രത്തിനാകെ ഗുണം ചെയ്യും. ജിഎസ്ടി നിരക്കിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍ വേണം

-ആനന്ദ് മഹീന്ദ്ര, എം&എം ഗ്രൂപ്പ് ചെയര്‍മാന്‍

ഓട്ടോ മേഖല സമാനതകളില്ലാത്ത തകര്‍ച്ചയിലൂടെയാണ് പോകുന്നതെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാന്‍ ഇനി തരമില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി ഇന്നലെ പറഞ്ഞ കണക്കുകള്‍ ഒടുവിലത്തെ ഉദാഹരണം. ജൂലൈ മാസത്തിലും തങ്ങള്‍ നിര്‍മാണത്തില്‍ 25.15 ശതമാനം കുറവ് വരുത്തിയെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. തുടര്‍ച്ചയായി ആറാം മാസമാണ് മാരുതി വാഹന നിര്‍മാണത്തില്‍ കുറവ് വരുത്തുന്നത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 1,33,625 യൂണിറ്റുകളാണ് മാരുതി നിര്‍മിച്ചത്. പോയ വര്‍ഷം ജൂലൈയില്‍ ഇത് 1,78,533 വാഹനങ്ങളായിരുന്നു. യാത്രാ വാഹന മേഖലയില്‍ 1,30,541 യൂണിറ്റാണ് ജൂലൈയിലെ കണക്ക്.

ഓട്ടോമൊബീല്‍ വ്യവസായ മേഖലയില്‍ ഇടിവ് തുടരുകയാണെങ്കില്‍ അത് ഏകദേശം പത്ത് ലക്ഷം തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന് വ്യവസായ സംഘടനയായ അക്മ (ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നല്‍കിയത് രാഷ്ട്രീയവൃത്തങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള നിശബ്ദത അപകടകരമാണെന്നുള്ള ആക്ഷേപവുമായി പ്രിയങ്ക ഗാന്ധി വരെ രംഗത്തെത്തുകയും ചെയ്തു.

മേഖലയിലെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിന് ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അക്മ ആവശ്യപ്പെട്ടിട്ടുള്ളത്. വാഹന ഘടക വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് അക്മ. ഈ രംഗത്ത് മാത്രം ഏകദേശം 50 ലക്ഷം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തുടങ്ങിയത് മുതല്‍ ഇതുവരെ ഓട്ടോമൊബീല്‍ രംഗത്തെ 350,000 തൊഴിലുകള്‍ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോമൊബീല്‍ വ്യവസായ മേഖലയ്ക്ക് മുഴുവനായി ജിഎസ്ടിക്കുകീഴില്‍ 18 ശതമാനം നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. മേഖലയിലെ വളര്‍ച്ച വീണ്ടെടുക്കാന്‍ ഇത് സഹായിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് മാസമായി തുടര്‍ച്ചയായി ഓട്ടോമൊബീല്‍ മേഖലയിലെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ പ്രളയമുണ്ടായ ഓഗസ്റ്റ് മുതല്‍. മാരുതി സുസുക്കിയും ഐഷര്‍ മോട്ടോഴ്‌സും ഉള്‍പ്പടെയുള്ള വമ്പന്മാരുടെ വില്‍പ്പന ഗ്രാഫിനെ താറുമാറാക്കിയ സംഭവമായിരുന്നു പ്രളയം. അതിന് പിന്നാലെ സാമ്പത്തികരംഗത്തെ മന്ദതയും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവും ബാങ്ക് ഇതര ധനകാര്യ മേഖലയില്‍ വന്ന പണപ്രതിസന്ധിയുമെല്ലാം വാഹനനിര്‍മാണ രംഗത്തെ അസാധാരണ പ്രതിസന്ധിയിലാക്കി. വില്‍ക്കപ്പെടുന്ന പുതിയ കാറുകളില്‍ 80 ശതമാനത്തോളവും വായ്പാ അധിഷ്ഠിതമാകയാല്‍ വിപണിയിലെ പണപ്രതിസന്ധി പ്രധാന വില്ലനായി എത്തുന്നു.

പരാതിപ്പെട്ട് വ്യവസായികള്‍

നികുതി ഇളവുകള്‍ വേണമെന്നും ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ വായ്പ കിട്ടണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച്ചയാണ് ഓട്ടോ മേഖലയിലെ വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരെ പോയി കണ്ടത്. പഴയ വാഹനങ്ങള്‍ നശിപ്പിക്കുന്നതിന് ആനുകൂല്യങ്ങളും അവര്‍ ആവശ്യപ്പെട്ടു. അതിനോടൊപ്പം പരമ്പരാഗത ഇന്ധനത്തിലോടുന്ന വാഹനങ്ങളുടെ റെജിസ്‌ട്രേഷന്‍ നിരക്കുകള്‍ ഉയര്‍ത്തിയ കരട് നിയമം പുനപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ തുക കുത്തനെ കൂട്ടിയുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയം പുറത്തിറക്കിയത് കടുത്ത നിരാശയോടെയാണ് ഉപഭോക്താക്കളും വാഹനനിര്‍മാതാക്കളും സ്വീകരിച്ചത്. ഇരുചക്ര വാഹന റജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയില്‍ നിന്ന് 1000 രൂപയിലേക്കാണ് ഉയരുന്നത്. റജിസ്‌ട്രേഷന്‍ പുതുക്കലിനാകട്ടെ 2,000 രൂപയും. മുച്ചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 300 രൂപയില്‍ നിന്ന് 5,000 രൂപയിലേക്ക് ഉയര്‍ത്തി. പുതുക്കുന്നതിന് 10,000 രൂപയും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്ക് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നതിന് പകരം ആറ് മാസത്തിലൊരിക്കല്‍ പുതുക്കണം. ഇതിനായുള്ള ഫീസിലും വന്‍വര്‍ധനയുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കാറുകളുടെയും മറ്റ് എല്‍എംവികളുടെയും രജിസ്‌ട്രേഷന്‍ നിരക്ക് നിലവിലെ 1,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പുതുക്കലിന് 20,000 രൂപയും. ഇതിനോടകം തന്നെ പ്രതിസന്ധിക്കയത്തിലായ വാഹന നിര്‍മാണ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് റെജിസ്‌ട്രേഷന്‍ നിരക്കുമായി ബന്ധപ്പെട്ട വര്‍ധനയെന്നാണ് പൊതുവെയുള്ള ആക്ഷേപം.

ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലായിരുന്നു ഓട്ടോ മേഖലയിലെ പ്രതിനിധികളുമായുള്ള യോഗം നടന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍, ടൊയോട്ട മോട്ടോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഓട്ടോ പാര്‍ട്‌സ് നിര്‍മാതാക്കളായ മിന്‍ഡ ഇന്‍ഡസ്ട്രീസ്, ഇന്ത്യ പിസ്റ്റണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഓട്ടോ മേഖലയുടെ കാര്യത്തില്‍ ധനമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് വ്യവസായലോകം ഉറ്റുനോക്കുന്നത്. ജിഎസ്ടി നിരക്ക് കുറയ്ക്കുന്ന വിഷയം ജിഎസ്ടി കൗണ്‍സിലില്‍ അവതരിപ്പിക്കാമെന്ന് നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയതായാണ് സൂചന. ധനകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ജിഎസ്ടി വിഷയം വരുന്നതെന്നത്. ജിഎസ്ടി സമിതിയുടെ അംഗീകാരമുണ്ടെങ്കിലേ നിരക്കിളവ് സാധ്യമാകൂ.

പെട്ടെന്നുള്ള പരിഹാരം മേഖലയുടെ പ്രശ്‌നങ്ങള്‍ക്കായി ഞങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. അവരെ കേള്‍ക്കുകയായിരുന്നു ഞങ്ങള്‍-യോഗത്തില്‍ പങ്കെടുത്ത മന്ത്രി അരവിന്ദ് സാവന്ത് പറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഏഴ് ശതമാനത്തിലധികം സംഭാവന ചെയ്യുന്ന ഓട്ടോ മേഖല 2001ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക ചൂണ്ടിക്കാണിച്ചിരുന്നു. വലിയ അപകടമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ട്രക്കുകളും ടിപ്പറുകളും നിര്‍മിക്കുന്ന വിഭാഗം രേഖപ്പെടുത്തിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും മേശം വളര്‍ച്ചയാണ്.

ഏതാനും ഹ്രസ്വകാല നടപടികളിലൂടെ വാഹന നിര്‍മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നത് രാഷ്ട്രത്തിനാകെ ഗുണം ചെയ്യുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ദീര്‍ഘകാല നടപടികള്‍ക്കൊപ്പം തന്നെ ഹ്രസ്വകാല നടപടികളും മേഖലയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഓട്ടോ മേഖല വീണ്ടും ട്രാക്കിലായാല്‍ സാമ്പത്തിക രംഗത്ത് മൊത്തം അഥ് പ്രതിഫലിക്കുമെന്നും ആനന്ദ് മഹീന്ദ്ര. ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത് ജിഎസ്ടി നിരക്കിലെ നവീകരണമാണെന്നും അദ്ദേഹം. റെജിസ്‌ട്രേഷന്‍ നിരക്കിന്റെ കാര്യവും ആനന്ദ് മഹീന്ദ്ര സൂചിപ്പിച്ചു.

തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടായാല്‍ അത് സ്വാഭാവികമായും ഉപഭോഗത്തിലും വര്‍ധനയുണ്ടാക്കും. സമ്പദ് വ്യവസ്ഥയെ ഒന്നാകെ അത് പോസിറ്റീവായി മാറ്റും.

വാഹന നിര്‍മാണ മേഖലയുടെ പ്രസക്തി

 • തൊഴില്‍ ഭീമന്‍
 • ഓട്ടോമൊബീല്‍ ഷോറൂമുകള്‍ വഴി നേരിട്ട് ഈ മേഖല തൊഴില്‍ നല്‍കുന്നത് 2.5 ദശലക്ഷം പേര്‍ക്ക്
 • ഡീലര്‍ഷിപ്പ് രംഗത്തുള്ള പരോക്ഷ തൊഴിലുകള്‍ 2.5 മില്യണ്‍
 • വാഹനഘടകനിര്‍മാണ മേഖലയില്‍ മാത്രം 50 ലക്ഷം തൊഴിലുകള്‍

തൊഴില്‍ നഷ്ടം

 • കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡീലര്‍ഷിപ്പുകളില്‍ മാത്രം രണ്ട് ലക്ഷം തൊഴില്‍ നഷ്ടം
 • വാഹനഘടക നിര്‍മാണ മേഖലയില്‍ 10 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

ജിഡിപി

 • രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഓട്ടോ മേഖലയുടെ സംഭാവന 7.5
 • ഉല്‍പ്പാദന ജിഡിപിയിലേക്ക് 40 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഓട്ടോരംഗം

ഷോറൂമുകള്‍ പൂട്ടുന്നു

 • ഏപ്രില്‍ വരെയുള്ള 18 മാസങ്ങളില്‍ പൂട്ടിപ്പോയത് 286 ഷോറൂമുകള്‍. 271 നഗരങ്ങളിലായാണിത്

ഇടിവിന്റെ കണക്കുകള്‍

 • ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വില്‍പ്പനയിലുണ്ടായത് 12.3 ശതമാനം ഇടിവ്
 • പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 18.4 % ഇടിവ്
 • വാണിജ്യ വാഹന വില്‍പ്പനയിലല്‍ 16.6 ശതമാനം ഇടിവ്
Categories: Top Stories