3 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം

3 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രം
  • വൈദ്യുതി വിതരണം, ടെലികോം ടവറുകള്‍, ഗ്യാസ് പൈപ്പ്‌ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവയില്‍ സ്വകാര്യവല്‍ക്കരണം
  • പവര്‍ ഗ്രിഡ്, ബിഎസ്എല്‍എല്‍, എംടിഎന്‍എല്‍, ഗെയ്ല്‍ ഇന്ത്യ എന്നീ പൊതുമേഖലാ കമ്പനികള്‍ പട്ടികയില്‍
  • നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് എന്നിവയുടെ ഭൂമി കൈമാറും

ന്യൂഡെല്‍ഹി: രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ സമഗ്ര ഓഹരി വിറ്റഴിക്കല്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെയും ഭൂമിയടക്കമുള്ള ആസ്തികള്‍ കൈമാറുന്നതിലൂടെയും മൂന്ന് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഓഹരിവിറ്റഴിക്കലിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ തുകയുടെ മൂന്നിരട്ടിയാവും സമഗ്ര ഓഹരി വിറ്റഴിക്കല്‍ പദ്ധതിയിലൂടെ സമാഹരിക്കുകയെന്നാണ് സൂചന. ഓഹരി വിറ്റഴിക്കലും ആസ്തി കൈമാറ്റവും നടത്തേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദമായ പട്ടിക സര്‍ക്കാരിന്റെ പദ്ധതി ആസൂത്രണ വിഭാഗമായ നിതി ആയോഗ് തയാറാക്കിക്കഴിഞ്ഞു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയാണ് സര്‍ക്കാരിന് നല്‍കാനുള്ള പട്ടിക തയാറാക്കിയിരിക്കുന്നത്.

നഷ്ടത്തിലായ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും വികസനത്തിനാവശ്യമായ പണം കണ്ടെത്താനുമാണ് വമ്പന്‍ സ്വകാര്യവല്‍ക്കരണ പരിപാടിക്ക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണം, ടെലികോം ടവറുകള്‍, ഗ്യാസ് പൈപ്പ്‌ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നീ മേഖലകളിലെല്ലാം സ്വകാര്യവല്‍ക്കരണം വന്നേക്കും വൈദ്യുത വിതരണ ലൈനുകള്‍ കൈകാര്യം ചെയ്യുന്ന പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ശൃംഖലകള്‍, ടെലികോം വമ്പന്‍മാരായ ബിഎസ്എല്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ടവറുകളക്കം ആസ്തികള്‍, ഗെയ്ല്‍ ഇന്ത്യയുടെ കീഴിലുള്ള ഗ്യാസ് വിതരണ പൈപ്പ്‌ലൈനുകള്‍ എന്നിവയെല്ലാമാണ് സ്വകാര്യവല്‍ക്കരണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ചില നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറും. നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് എന്നിവയടക്കം ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശ്യമുള്ള വിപണന സാധ്യതയുള്ള സ്ഥലങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറി ധനസമാഹരണം നടത്താനാണ് പരിപാടി.

കനത്ത നഷ്ടം വരുത്തിവെക്കുന്ന ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും ടവറുകള്‍ പാട്ടത്തിന് നല്‍കാനോ വിറ്റഴിക്കാനോ ആലോചനയുണ്ട്. നിലവില്‍ 13,501 ടവറുകള്‍ ബിഎസ്എന്‍എലും 392 ടവറുകള്‍ എംടിഎന്‍എലും പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഗെയ്ല്‍ ഇന്ത്യയില്‍ നിന്ന് വാതക പൈപ്പ് ലൈനുകള്‍ പ്രത്യേക കമ്പനിയാക്കി വേര്‍പെടുത്തി ശേഷം നിക്ഷേപക താല്‍പ്പര്യം കൂടി പരിശോധിച്ച് കൈമാറ്റ രീതി തീരുമാനിക്കും. 11,500 കിലോ മീറ്റര്‍ പൈപ്പ്‌ലൈനാണ് ഗെയ്‌ലിന് സ്വന്തമായുള്ളത്. ഭൂമി ആസ്തികള്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് മുഖേന (ആര്‍ഇഐടി) വില്‍പ്പന നടത്താനാണ് പരിപാടി. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, കുഷ്മാന്‍ & വേക്ക്ഫീല്‍ഡ്, കോളിയേഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഈ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 23 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

Categories: FK News, Slider