അമേരിക്കയുടെ നാവികസഖ്യത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടനും

അമേരിക്കയുടെ നാവികസഖ്യത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടനും

അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമവും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക ലക്ഷ്യം

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവികസഖ്യത്തില്‍ ബ്രിട്ടനും പങ്കാളിയാകും. അറേബ്യന്‍ ഗള്‍ഫില്‍ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം അസാധ്യമായ സാഹചര്യത്തിലാണ് അമേരിക്കയ്‌ക്കൊപ്പം ചരക്ക് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബ്രിട്ടനും തീരുമാനിച്ചിരിക്കുന്നത്.

നാവിക സഖ്യത്തിന്റെ ഭാഗമായ ഒരു സംഘത്തെ നയിക്കാന്‍ ബ്രിട്ടന്‍ സന്നദ്ധത അറിയിച്ചു. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും തങ്ങളുടെ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് യുകെ പ്രതിജ്ഞാബദ്ധരാണെന്നും അതുെകാണ്ടാണ് ഗള്‍ഫിലെ പുതിയ സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കാളിയാകാന്‍ യുകെ തീരുമാനിച്ചതെന്നും ബ്രിട്ടനിലെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലെയ്‌സ് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ ഇന്ന് നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം നിയമത്തില്‍ അധിഷ്ഠിതമായ സമീപനം കാത്ത് സൂക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും യുകെ അറിയിച്ചു.

ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന യുകെ പതാകയിലുള്ള കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി എച്ച്എംസ് ഡണ്‍കന്‍, എച്ച്എംഎസ് മോണ്‍ട്രോസ് എന്നീ പടക്കപ്പലുകളെ നേരത്തെ തന്നെ ബ്രിട്ടന്‍ ഗള്‍ഫിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 47 ഓളം കപ്പലുകള്‍ക്ക് ഈ പടക്കപ്പലുകള്‍ അകമ്പടി നല്‍കിയതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ സെന്റിനലെന്ന സമുദ്ര സുരക്ഷാ ദൗത്യത്തില്‍ ഈ കപ്പലുകളും ഉപയോഗപ്പെടുത്തും.

കഴിഞ്ഞ ആഴ്ച ബഹ്‌റൈനില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ശേഷമാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സമുദ്ര സംരക്ഷണ ദൗത്യത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തത്. ഗള്‍ഫില്‍ യൂറോപ്പിന്റെ നേതൃത്വത്തിലുള്ള നാവിക സഖ്യത്തിന് രൂപം നല്‍കാന്‍ ബ്രിട്ടന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ വളരെ പെട്ടന്ന് പ്രതികരിക്കാന്‍ യൂറോപ്പിന് കഴിയില്ലെന്നും അമേരിക്കയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ കഴിവുള്ളവരെന്നും മനസിലാക്കിയാണ് അമേരിക്കന്‍ സഖ്യത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Comments

comments

Categories: Arabia