വാഹന വിപണിയില്‍ ചരിത്രത്തിലെ വലിയ മാന്ദ്യം

വാഹന വിപണിയില്‍ ചരിത്രത്തിലെ വലിയ മാന്ദ്യം
  • ഉല്‍പാദനം വീണ്ടും ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ ഓട്ടോമൊബീല്‍ നിര്‍മാതാക്കള്‍
  • വാഹന വില്‍പ്പന രംഗത്ത് മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് രണ്ട് ലക്ഷം പേര്‍ക്ക്
  • യാത്രാ വാഹന വിപണി തുടര്‍ച്ചയായ എട്ടാം മാസവും കൂപ്പുകുത്തി; ജൂലൈയിലെ ഇടിവ് 30% വരെ

ന്യൂഡെല്‍ഹി: ആഭ്യന്തര വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്നെന്ന് റിപ്പോര്‍ട്ട്. വില്‍പ്പന മോശമായതോടെ ഉല്‍പ്പാദനത്തിലും നിര്‍മാതാക്കള്‍ ഗണ്യമായി കുറവ് വരുത്തി. വാഹന വില്‍പ്പന രംഗത്തു മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കടക്കെണിയുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വായ്പകളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തയാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചത്. വായ്പാ ലഭ്യത ആയാസകരമായതോടെ ഉപഭോക്താക്കള്‍ വിപണിയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ഇത് ഉല്‍പ്പാദന ശാലകള്‍ മുതല്‍ വാഹന ഷോറൂമുകള്‍ വരെയുള്ള വാഹന ശൃംഖലയെ കടുത്ത മാന്ദ്യത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഉയര്‍ന്ന ജിഎസ്ടി നിരക്കുകള്‍, കാര്‍ഷിക പ്രതിസന്ധി, യുബര്‍, ഒല തുടങ്ങിയ ടാക്‌സി സേവനങ്ങളുടെ ലഭ്യത, ബിഎസ് VI മാനഡണ്ഡങ്ങളിലേക്കുള്ള പരിവര്‍ത്തനം എന്നിവയും വാഹന വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.

വായ്പയില്ല

മേയ് മാസത്തില്‍ യാത്രാ വാഹന വില്‍പ്പന 20.55 ശതമാനമാണ് ഇടിഞ്ഞത്. 18 വര്‍ഷത്തിനിടെയുള്ള ഏറഅറവും വലിയ ഇടിവാണിത്. ജൂലൈ മാസത്തില്‍ വില്‍പ്പന 30 ശതമാനം വരെ ഇടിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. വാഹനങ്ങള്‍ വാങ്ങാനുള്ള വായ്പകള്‍ ലഭ്യമല്ലാത്തതാണ് ഈ പ്രതിസന്ധിയുടെ പ്രഥമ കാരണം. 60 ശതമാനം വാണിജ്യ വാഹനങ്ങള്‍ക്കും 65 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും 30 ശതമാനം യാത്രാ വാഹനങ്ങള്‍ക്കും വായ്പകള്‍ ലഭ്യമാക്കിയിരുന്നത് എന്‍ബിഎഫ്‌സികളായിരുന്നു. 2018 ഒടുവില്‍ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായ ഐഎല്‍&എഫ്എസിന്റെ തകര്‍ച്ചയോടെ എന്‍ബിഎഫ്‌സികള്‍ പ്രതിസന്ധിയിലായി. വായ്പാ ലക്ഷ്യങ്ങള്‍ വെട്ടിക്കുറക്കുകയും മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെ മേഖലയെ മുന്നോട്ടു നയിച്ചിരുന്ന ഫണ്ടിംഗ് ഇല്ലാതായി. കാര്‍ മേഖലയില്‍ ഷോറൂമുകളില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന എന്‍ബിഎഫ്‌സി ഏജന്റുമാരാണ് 75 ശതമാനത്തോളം വായ്പകള്‍ ലഭ്യമാക്കിയിരുന്നത്. നിലവില്‍ ഇത് 50 ശതമാനമായി കുറഞ്ഞെന്ന് വാഹന കച്ചവടക്കാര്‍ പറയുന്നു.

ഉല്‍പ്പാദനവും വില്‍പ്പനയുമില്ല

വാഹനങ്ങള്‍ വിറ്റുപോകാതെ ഉല്‍പ്പാദന ശാലകളിലും ഡീലര്‍മാരുടെ ഗോഡൗണുകളിലും കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് പ്രമുഖ കമ്പനികളുടെ തീരുമാനം. ജൂണ്‍ മാസത്തില്‍ യാത്രാ കാര്‍ വില്‍പ്പന 24.07 ശതമാനം താഴ്ന്ന് 1,39,628 യൂണിറ്റിലെത്തിയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ (സിയാം) കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂട്ടറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ മോപ്പെഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 11.69 ശതമാനം കുറഞ്ഞ് 16,49,477 യൂണിറ്റായി. ഇന്ത്യന്‍ വാഹന മേഖലയിലെ മൊത്തം വില്‍പ്പന 2019 ജൂണില്‍ 12.34 ശതമാനം 19,97,952 യൂണിറ്റായി. വാഹനമേഖലയിലെ മൊത്തം ഉല്‍പ്പാദനം ജൂണ്‍ മാസത്തില്‍ 12.98 ശതമാനം കുറഞ്ഞ് 23,36,138 യൂണിറ്റിലുമെത്തി. ബിഎസ് IV ല്‍ നിന്ന് ബിഎസ് VI ലേക്ക് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതിനാല്‍ നാലാം ശ്രേണിയിലെ വാഹനങ്ങള്‍ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നതാണ് യഥാര്‍ത്ഥ തലവേദനയായി മാറിയിരിക്കുന്നത്.

തൊഴിലുമില്ല

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിലെ ഓട്ടോമൊബീല്‍ ഡീലര്‍ഷിപ്പ് മേഖലയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാന്ദ്യം നിലനിന്നാല്‍ തൊഴില്‍ നഷ്ടം ദശലക്ഷം വരെ ഉയരാം. വിപണിയില്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ തുടരേണ്ടി വരുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) ആശങ്കപ്പെടുന്നു. നിലവില്‍ ഫ്രണ്ട് ആന്റ് സെയില്‍സ് മേഖലകളിലാണ് ജോലികള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. മാന്ദ്യം തുടരുകയാണെങ്കില്‍ ഇത് സാങ്കേതിക ജോലികളെപ്പോലും ബാധിക്കുമെന്ന് എഫ്എഡിഎ പ്രസിഡന്റ് ആഷിഷ് ഹര്‍ഷരാജ് പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ 271 നഗരങ്ങളിലായി 286 വില്‍പ്പനക്കാര്‍ ഡീലര്‍ഷിപ്പ് അവസാനിപ്പിച്ചിട്ടുണ്ട്.

Categories: FK News, Slider