ഡി പി വേള്‍ഡിന്റെ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി

ഡി പി വേള്‍ഡിന്റെ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി

ഡിപി വേള്‍ഡിനെയും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിനെയും പദ്ധതി നടത്തിപ്പുകാരായി പ്രഖ്യാപിച്ചു

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി പി വേള്‍ഡിന്റെ നേതൃത്വത്തിലുള്ള ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. മുംബൈയ്ക്കും പൂനൈയ്ക്കുമിടയില്‍ പദ്ധതിയിട്ടിരിക്കുന്ന അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ യഥാര്‍ത്ഥ പദ്ധതി നടത്തിപ്പുകാരായി(ഒറിജിനല്‍ പ്രോജക്ട് പ്രൊപ്പണന്റ്‌സ്, ഒപിപി) ഡി പി വേള്‍ഡ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എന്നിവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നാമകരണം ചെയ്തു.

കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിയെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.മുംബൈയ്ക്കും പൂനൈയ്ക്കുമിടയിലെ യാത്രാസമയം 35 മിനിറ്റാക്കി കുറയ്ക്കുന്നതായാണ് പ്രസ്തുത ഹൈപ്പര്‍ലൂപ്പ് പദ്ധതി. നിലവില്‍ 3.5 മണിക്കൂറാണ് മുംബൈ-പൂനൈ യാത്രയ്ക്ക് വേണ്ടത്. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി 500 മില്യണ്‍ ഡോളര്‍ മുടക്കാനാണ് ഡിപി വേള്‍ഡ് ആലോചിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപവും പദ്ധതിക്ക് വേണ്ടി പ്രതീക്ഷിക്കുന്നുണ്ട്.

പദ്ധതി പൂര്‍ത്തിയാകുന്നതിന് ഏഴ് വര്‍ഷം സമയമെടുക്കുമെന്നാണ് കരുതുന്നത്. പക്ഷേ അതിന് മുമ്പ് 11.8 കി.മീ ദൈര്‍ഘ്യത്തില്‍ പൂനൈയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ലൂപ്പ് സംവിധാനം നിര്‍മിക്കും. പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷം അവസാനം ആരംഭിക്കും. 2023ഓടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പൂര്‍ണതോതിലുള്ള ഗതാഗത നീക്കം അടുത്ത ദശാബ്ദത്തിന്റെ മധ്യത്തിലായിരിക്കും സാധ്യമാകുക.

പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ഹൈടെക്ക് തൊഴിലവസരങ്ങളും 36 ബില്യണ്‍ ഡോളറിന്റെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, ഹൈപ്പര്‍ലൂപ്പ് ഘടകങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മാണ, കയറ്റുമതി അവസരങ്ങളും ഇതോടെ മഹാരാഷ്ട്രയില്‍ ഉയര്‍ന്നുവരും.

ഹൈപ്പര്‍ലൂപ്പ് സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ലോകത്തില്‍ ഇന്ത്യയും മഹാരാഷ്ട്രയും മുന്‍നിരയിലാണെന്നും ഇന്ത്യക്കാര്‍ക്കിത് അഭിമാന നിമിഷമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ലോകത്തില്‍ ആദ്യമായി ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം നിര്‍മിക്കുക മഹാരാഷ്ട്രയില്‍ ആയിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൂനൈയില്‍ ഹൈപ്പര്‍ലൂപ്പിന്റെ ആഗോള വിതരണ ശൃംഖല ആരംഭിക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്കായുള്ള തയാറെടുപ്പിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിയുടെ ഒപിപി ആയി ഡിപി വേള്‍ഡിനെ നാമകരണം ചെയ്തത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ അതിനൂതന സാങ്കേതികവിദ്യ അനുഭവവേദ്യമാക്കി കൊടുക്കാനുള്ള തങ്ങളുടെ കഴിവിനുള്ള അംഗീകാരമാണെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലെയം പറഞ്ഞു.ലോകത്തില്‍ ആര് ആദ്യം ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം കൊണ്ടുവരുമെന്നതിനുള്ള മത്സരം ആരംഭിച്ചുകഴിഞ്ഞെന്നും ഡിപി വേള്‍ഡിനെ ഒപിപി ആയി നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം നല്‍കിക്കൊടുക്കുന്നതാണെന്നും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സിഇഒ ജെയ് വാള്‍ഡര്‍ പറഞ്ഞു.

ഒരു വര്‍ഷം ഏകദേശം 75 ദശലക്ഷം ആളുകളാണ് മുംബൈയ്ക്കും പൂനൈയ്ക്കുമിടയില്‍ യാത്ര നടത്തുന്നത്. 2026 ആകുമ്പോഴേക്കും ഈ സ്ഥലങ്ങള്‍ക്കിടയിലെ യാത്രികരുടെ എണ്ണം 130 ദശലക്ഷമായി ഉയരുമെന്നാണ് കണക്ക്. പ്രതിവര്‍ഷം 200 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സംവിധാനം യാത്രക്കാരുടെ എണ്ണം, യാത്രാസമയം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായിരിക്കുമെന്ന് അധികാരികള്‍ വിശ്വസിക്കുന്നു. അന്തരീക്ഷ മലിനീകരണം തീരെ കുറവാണെന്നതും ഈ ഗതാഗത സംവിധാനത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.

പൂര്‍ണതോതില്‍ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മിച്ചിട്ടുള്ള ലോകത്തിലെ ഏക ഹൈപ്പര്‍ലൂപ്പ് കമ്പനിയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍. ഇതിനോടകം തന്നെ നൂറുകണക്കിന് പരീക്ഷണ ഓട്ടങ്ങള്‍ ഈ കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ തന്നെ ലോകത്തില്‍ ഹൈപ്പര്‍ലൂപ്പ് യാത്രാ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിരവധി സര്‍ക്കാരുകളുമായും നിക്ഷേപകരുമാരും പങ്കാളികളുമായും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സഹകരിക്കുന്നുണ്ട്. മിസ്സൂറി, ടെക്‌സാസ്, കൊളോറാഡോ, വടക്കന്‍ കാലിഫോര്‍ണിയ, ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുടെ ചുമതല വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിനാണ്.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന് പുറമേ ലോസ് ഏഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, ടൊറന്‍ഡോയില്‍ ഉള്ള ട്രാന്‍സ്‌പോഡ് എന്നീ കമ്പനികളും ഹൈപ്പര്‍ലൂപ്പ് യാത്രാസംവിധാനം വികസിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തോടെ ഇവരും ഹൈപ്പര്‍ലൂപ്പ് സംവിധാനം പരീക്ഷിക്കുമെന്നാണ് സൂചന.

ഹൈപ്പര്‍ലൂപ്പ്

ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സമാനമായുള്ള അതിവേഗ യാത്രാ സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്‌ല, സ്‌പെയ്‌സ്എക്‌സ് എന്നിവയുടെ സിഇഒ ആയ ഇലോണ്‍ മസ്‌കാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. കാന്തികശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്‌സൂളുകളില്‍ യാത്രക്കാരെയോ ചരക്കുകളെയോ വഹിക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനം മണിക്കൂറില്‍ 1,000 കി.മീ വേഗതയിലാണ് സഞ്ചരിക്കുക.ബ്രിട്ടനിലെ പ്രമുഖ നിക്ഷേപകനും വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനുമായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയാണ് ലോകത്തില്‍ ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ മേയിലായിരുന്നു ഇത്.

Comments

comments

Categories: Arabia

Related Articles