വിമാനത്താവള ബിസിനസിനായി അദാനി ഗ്രൂപ്പ് പുതിയ കമ്പനി രൂപീകരിച്ചു

വിമാനത്താവള ബിസിനസിനായി അദാനി ഗ്രൂപ്പ് പുതിയ കമ്പനി രൂപീകരിച്ചു

ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം കമ്പനി സ്വന്തമാക്കിയിട്ടുണ്ട്

ന്യൂഡെല്‍ഹി: തങ്ങളുടെ വിമാനത്താവള ബിസിനസിന്റെ നടത്തിപ്പിനായി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ വിമാനത്താവള കമ്പനി ആരംഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് രാജ്യത്തിനകത്തും വിദേശത്തും വിമാനത്താവളങ്ങളുടെ നടത്തിപ്പ് നിര്‍വഹിക്കാനാണ് പുതിയ കമ്പനിയിലൂടെ ലക്ഷ്യംവെക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാബിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഓഗസ്റ്റ് 2നാണ് പുതിയ കമ്പനിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും തുടക്കമായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. സ്വകാര്യവത്കരണത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അവകാശം ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം, മാംഗ്ലൂര്‍ എന്നീ വിമാനത്താവഷളങ്ങളുടെ നടത്തിപ്പ് അവകാശം 50 വര്‍ഷത്തേക്കാണ് കമ്പനി സ്വന്തമാക്കിയതി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ആറ് വിമാനത്താവളങ്ങളും മൊത്തം 30 മില്യണോളം യാത്രികരെയാണ് കൈകാര്യം ചെയ്തത്. ഇതില്‍ 23.6 മില്യണ്‍ ആഭ്യന്തര യാത്രികരും 6.4 മില്യണ്‍ രാജ്യാന്തര യാത്രികരുമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനയാണ് യാത്രികരുടെ എണ്ണത്തില്‍ ഉണ്ടായത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന 6 വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സ്വകാര്യവത്കരിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ന്യൂഡെല്‍ഹി വിമാനത്താവളം കൈകാര്യം ചെയ്യുന്ന ജിഎംആര്‍ ഗ്രൂപ്പ് 65.69 മില്യണ്‍ യാത്രികരെയും മുംബൈ വിമാനത്താവളം കൈകാര്യം ചെയ്യുന്ന ജിവികെ ഗ്രൂപ്പ് 48.5 മില്യണ്‍ യാത്രികരെയുമാണ് കൈകാര്യം ചെയ്തിരുന്നത്.

Comments

comments

Categories: Business & Economy
Tags: Adani group