സിബിഎസ് നല്‍കി മഹീന്ദ്ര ഗസ്‌റ്റോ 110, ഗസ്‌റ്റോ 125 തിരികെയെത്തിച്ചു

സിബിഎസ് നല്‍കി മഹീന്ദ്ര ഗസ്‌റ്റോ 110, ഗസ്‌റ്റോ 125 തിരികെയെത്തിച്ചു

ഗസ്‌റ്റോ 110 ഡിഎക്‌സ് സിബിഎസ് വേരിയന്റിന് 50,996 രൂപയും ഗസ്റ്റോ 110 വിഎക്‌സ് സിബിഎസ് വേരിയന്റിന് 55,660 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മഹീന്ദ്ര ഗസ്‌റ്റോ 125 സിബിഎസ് സ്‌കൂട്ടറിന് 58,137 രൂപ വില വരും

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി മഹീന്ദ്ര ഗസ്റ്റോ 110, ഗസ്‌റ്റോ 125 സ്‌കൂട്ടറുകള്‍ വിപണിയിലെത്തിച്ചു. സിബിഎസ് നല്‍കിയതോടെ രണ്ട് മോഡലുകളുടെയും വില രണ്ടായിരം രൂപയോളം വര്‍ധിച്ചു. മഹീന്ദ്ര ഗസ്‌റ്റോ 110 ഡിഎക്‌സ് സിബിഎസ് വേരിയന്റിന് 50,996 രൂപയും ഗസ്റ്റോ 110 വിഎക്‌സ് സിബിഎസ് വേരിയന്റിന് 55,660 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മഹീന്ദ്ര ഗസ്‌റ്റോ 125 സിബിഎസ് സ്‌കൂട്ടറിന് 58,137 രൂപ വില വരും.

ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ എബിഎസ്/സിബിഎസ് നിര്‍ബന്ധമാക്കിയത്. ഇതേതുടര്‍ന്ന് മഹീന്ദ്ര ഗസ്റ്റോയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സിബിഎസ് നല്‍കി രണ്ട് മോഡലുകളും ഇപ്പോള്‍ തിരികെ എത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. 125 സിസി വരെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലുമാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ഫോളോ മീ ഹോം ഹെഡ്‌ലാംപ്, എല്‍ഇഡി ടോര്‍ച്ച് സഹിതം ഫഌപ്പ് കീ ഫോബ് എന്നിവ മഹീന്ദ്ര ഗസ്റ്റോയുടേത് മാത്രമായ ചില ഫീച്ചറുകളാണ്. ഫഌപ്പ് കീ ഫോബിലെ ബട്ടണുകള്‍ ഉപയോഗിച്ച് ടേണ്‍ ഇന്‍ഡിക്കേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലത്ത് സ്വന്തം ഗസ്റ്റോ കണ്ടെത്താന്‍ ടേണ്‍ ഇന്‍ഡിക്കേറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും.

109 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് മഹീന്ദ്ര ഗസ്റ്റോ 110 മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം, 124.6 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഗസ്റ്റോ 125 സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8.5 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto