എസ് വി രംഗനാഥ് കഫെ കോഫി ഡേ ഇടക്കാല ചെയര്‍മാന്‍

എസ് വി രംഗനാഥ് കഫെ കോഫി ഡേ ഇടക്കാല ചെയര്‍മാന്‍

കാണാതായ സ്ഥാപക ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്ന് കണ്ടെത്തി

മുംബൈ: സ്ഥാപക ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ കോഫി ഡേ എന്‍ര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥിനെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) നിതിന്‍ ബാഗ്മാനെയെയും നിയമിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഇവരെയും കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസറായ (സിഎഫ്ഒ) ആര്‍ രാം മോഹനെയും ഉള്‍പ്പെടുത്തി രൂപീകരിച്ച എക്‌സിക്യൂട്ടീവ് കമ്മറ്റി, സിദ്ധാര്‍ത്ഥയും കമ്പനിയുടെ ഭരണ സമിതിയും നിര്‍വഹിച്ചിരുന്ന കാര്യങ്ങള്‍ തല്‍ക്കാലം നോക്കിനടത്തുമെന്നും കമ്പനി ബോര്‍ഡ് വ്യക്തമാക്കി. കോഫി ഡേ ഗ്രൂപ്പിനെ കടക്കെണിയില്‍ നിന്നും മോഡിപ്പിക്കാനുള്ള പരിശ്രമവും സമിതി നടത്തും. സിദ്ധാര്‍ത്ഥ മരിക്കുന്നതിന് മുന്‍പ് എഴുതിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കത്തില്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിനോ അറിവുണ്ടായിരുന്നില്ലെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മൃതദേഹം സംസ്‌കരിച്ചു

ചിക്കമംഗലൂരു: ഇന്ത്യയുടെ കോഫി കിംഗ് എന്നറിയപ്പെട്ട, കഫോ കോഫി ഡേ ചെയ്‌നിന്റെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം ചിക്കമംഗലൂരുവില്‍ സംസ്‌കരിച്ചു. വെന്‍ലോക്ക് ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരുന്നു സംസ്‌കാരം. മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനായ അദ്ദേഹത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തിങ്കളാഴ്ച നേത്രാവതി നദിയുടെ അഴിമുഖത്തിന് സമീപമുള്ള പാലത്തില്‍ നിന്ന് ചാടിയ അദ്ദേഹത്തിന്റെ ജീവനറ്റ ദേഹം ഇന്നലെ രാവിലെ കായല്‍ പ്രദേശത്ത് ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.

Categories: FK News, Slider