കൃത്രിമ ബുദ്ധിയും കളികളും പഠനവും; കാത്തിരിക്കുന്ന കാഴ്ച്ചകള്‍ അതിഗംഭീരം

കൃത്രിമ ബുദ്ധിയും കളികളും പഠനവും; കാത്തിരിക്കുന്ന കാഴ്ച്ചകള്‍ അതിഗംഭീരം

ബൈജൂസ് ആപ്പെന്ന ഉല്‍പ്പന്നത്തിന്റെ ശേഷിയും കാര്യക്ഷമതയും നിലവിലുള്ളതിനേക്കാള്‍ സമഗ്രവും ഫലവത്തുമാക്കും കൃത്രിമ ബുദ്ധി. ഓരോ കുട്ടിയുടെയും പഠന രീതികളും നിലവാരവും ഉയര്‍ത്താന്‍ ഒരുങ്ങുന്നത് എഐ അധിഷ്ഠിത പദ്ധതികള്‍. കരുത്താകുന്നത് ഓസ്‌മോ

നിലവില്‍ ആഗോള വിപണിയില്‍ ബൈജൂസ് ആപ്പ് പോലൊരു ഉല്‍പ്പന്നമില്ല. ആ സാധ്യത മുതലെടുക്കുകയാണ് ലക്ഷ്യം. പഠനം കൂടുതല്‍ വ്യക്തിഗതവും രസകരവുമാക്കുകയാണ് ഉദ്ദേശ്യം-മൂന്ന് വര്‍ഷം മുമ്പ് ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജൂസ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഇതില്‍ പറഞ്ഞ രണ്ട് കാര്യങ്ങളിലും ശരിയായ ദിശയില്‍ തന്നെയാണ് ബൈജൂസിന്റെ യാത്രയെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വര്‍ഷം ജനുവരിയില്‍ യുഎസ് കമ്പനിയായ ഓസ്‌മോയെ ബൈജൂസ് ഏറ്റെടുത്തതായുള്ള വാര്‍ത്ത. അതിലേക്ക് പുറകെ വരാം.

ഏകദേശം 40,000 കോടി രൂപയുടെ മൂല്യമുള്ള ബൈജൂസ് ആപ്പ് ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സാങ്കേതികവിദ്യ (എജുടെക്) കമ്പനിയാണ്. ഇന്ത്യയിലെ പുതിയ ശതകോടീശ്വര സ്റ്റാര്‍ട്ടപ്പ് സംരംഭകനായി കണ്ണൂരിലെ അഴീക്കോട് നിന്നുള്ള ഈ 37-കാരന്‍ ആഗോളതലത്തില്‍ പോലും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അഞ്ച് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് പഠനം കൂടുതല്‍ രസകരമായ രീതിയില്‍ അനുഭവവേദ്യമാക്കുന്നതില്‍ അതിഗംഭീര മാതൃകയാണ് ബൈജൂസ് സൃഷ്ടിച്ചത്. വിഡിയോകളിലൂടെയും കളികളിലൂടെയും പ്രശ്‌നോത്തരകളിലൂടെയുമെല്ലാം പഠനം ഉല്ലാസപൂര്‍ണമാക്കുന്ന സമീപനമാണ് തന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭത്തിലൂടെ ബൈജൂസ് പ്രാവര്‍ത്തികമാക്കിയത്.

ഓരോ വിദ്യാര്‍ത്ഥിയുടെയും പശ്ചാത്തലത്തിനനുസരിച്ചുള്ള വ്യക്തിഗത പഠനരീതിയാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. ചോദ്യങ്ങള്‍ പരിഹരിക്കാന്‍ പരിശീലിപ്പിക്കുന്നതാണ് നമ്മുടെ ഇപ്പോഴത്തെ രീതി, ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. പരീക്ഷ കഴിഞ്ഞാല്‍ മറന്നുപോകുന്ന തരത്തില്‍ അറിവ് സമ്പാദിക്കുന്ന രീതി മാറിയാലേ അത് സാധ്യമാകൂ. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളോ മറ്റ് വേലിക്കെട്ടുകളോ ഇല്ലാതെ എല്ലാവരെയും അറിവിന്റെ പുതിയ തലങ്ങളിലേക്ക് നയിക്കാമെന്നതാണ് ഈ സംരംഭത്തിന്റെ ഭംഗി-മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും ടെന്‍സന്റിന്റെയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയുമെല്ലാം സാമ്പത്തിക പിന്തുണയുള്ള സംരംഭമാണ് കുട്ടികളുടെ പ്രധാന പഠനസഹായിയായ ഈ ആപ്പ്. നാളെയുടെ സംരംഭമെന്ന നിലയിലാണ് ചാന്‍-സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ് ഏഷ്യയിലെ തങ്ങളുടെ ആദ്യനിക്ഷേപത്തിന് ബൈജൂസിനെ തെരഞ്ഞെടുത്തതും. ബൈജുവിന്റെയും ബൈജൂസിന്റെയും ഇതുവരെയുളള കഥ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ ഇനിയങ്ങോട്ട് ബൈജൂസ് കൈവരിക്കാന്‍ പോകുന്ന മുന്നേറ്റം ഇതുവരെയുള്ളതിനേക്കാള്‍ കേമമാകാനാണ് സാധ്യത.

എഐ തേരിലേറി കുതിക്കും

തുടക്കത്തില്‍ പറഞ്ഞ ഓസ്‌മോ യുഎസിലെ സംരംഭക കേന്ദ്രമായ പാളോ ഓള്‍ട്ടോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ബൈജൂസിന്റെ മാതൃസ്ഥാപനം ഓസ്‌മോയെ ഏറ്റെടുത്തത് ഭാവി മുന്‍കൂട്ടിക്കണ്ടാണ്. ഒരു മലയാളി സംരംഭകന്‍ 826 കോടി രൂപ മുടക്കി ഒരു സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കുന്നത് ഒന്നും കാണാതെയായിരിക്കില്ലല്ലോ. കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാ(എഐ)ണ് കാരണം.

യുഎസില്‍ ചെറിയ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ഗെയിമുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് ഓസ്‌മോ. അമേരിക്കക്കാരനായ ജെറോം സ്‌കോളറും ഇന്ത്യക്കാരനായ പ്രമോദ് ശര്‍മയുമാണ് ഇതിന്റെ സ്ഥാപകര്‍. കൃത്രിമ ബുദ്ധിയിലും യന്ത്ര പഠന(മഷീന്‍ ലേണിംഗ്)ത്തിലും തനി ‘രാക്ഷസനാ’ണ് ശര്‍മ. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ഗൂഗിളിന്റെ കൃത്രിമ ബുദ്ധി വിഭാഗത്തില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് ഓസ്‌മോയുമായി രംഗത്തെത്തിയത്.

ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഓസ്‌മോയും ബൈജൂസും ചേര്‍ന്ന് പുതിയൊരു ആപ്പ് പുറത്തിറക്കി, പേര് ഡിസ്‌നി ബൈജൂസ് ഏര്‍ലി ലേണ്‍. വാള്‍ട്ട് ഡിസ്‌നി കമ്പനിയുമായുള്ള ബൈജൂസിന്റെ പങ്കാളിത്തത്തിന്റെ കൂടി ഫലമായിരുന്നു ഇത്. ഡിസ്‌നി കഥാപാത്രങ്ങളെ ബൈജൂസിന്റെ പഠന സഹായി വിഡിയോകളിലെല്ലാം ഉള്‍പ്പെടുത്താമെന്നതാണ് സഹകരണത്തിന്റെ പ്രധാന മെച്ചം.

ആപ്പിലേക്ക് വരാം. വര്‍ക്ക്ഷീറ്റുകള്‍ ഉള്‍പ്പടെയുള്ള ഭൗതിക സഹായികളുടെ അടിസ്ഥാനത്തിലുള്ള ഓഫ്‌ലൈന്‍ പഠനവും ഓണ്‍ലൈന്‍ ആശയവിനിമയവും മൂല്യനിര്‍ണയവും തല്‍സമയ പ്രതികരണവുമെല്ലാം സമന്വയിപ്പിക്കുന്നു എന്നതാണ് ആപ്പിന്റെ പ്രത്യേകത. ഓസ്‌മോയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വര്‍ക്ക്ഷീറ്റില്‍ കുട്ടികള്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളുടെയും മറ്റും തല്‍സമയ പ്രതികരണം ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കയ്യിലുള്ള വര്‍ക്ക്ഷീറ്റില്‍ ഒരു പ്രശ്‌നോത്തരിക്കോ മറ്റോ കുട്ടി തെറ്റായ സൂചികയിലാണ് മാര്‍ക്ക് ചെയ്തതെങ്കില്‍ അത് ചൂണ്ടിക്കാട്ടി ശരിയായ ഉത്തരത്തിലേക്ക് എത്തിക്കുന്ന സംവിധാനമുണ്ട്. വര്‍ക്ക്ഷീറ്റ് ഇമേജ് ഒപ്പിയെടുത്ത് തല്‍സമയം തന്നെ ഇത് സാധ്യമാക്കുന്നു എന്നതാണ് സവിശേഷത.

ഒരു മാസികയ്ക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ ശര്‍മ ചൂണ്ടിക്കാണിച്ചത് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭിരുചികളിലെ വ്യത്യാസങ്ങളാണ്. കുട്ടികള്‍ക്ക് ഡിജിറ്റലായി പഠിക്കുന്നതാണിഷ്ടം. അതേസമയം മാതാപിതാക്കള്‍ക്ക് വര്‍ക്ക്ഷീറ്റ് പോലുള്ള ഓഫ്‌ലൈന്‍ രീതിയും. ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. തങ്ങളുടെ ഒരൊറ്റ ഉല്‍പ്പന്നത്തിലും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകരുതെന്ന ബോധ്യമാണ് ഇത്തരമൊരു ശൈലിയിലേക്ക് ഓസ്‌മോയെ നയിച്ചത്. ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ സമന്വയത്തിലൂടെ പഠനത്തെ പുതിയ തലത്തിലെത്തിക്കുകയാണ് ഉദ്ദേശ്യം.

യുഎസില്‍ 15ലധികം ഗെയിമുകളും ഉല്‍പ്പന്നങ്ങളും ഓസ്‌മോ അവതരിപ്പിച്ചിട്ടുണ്ട്. സയന്‍സും ഗണിതവുമാണ് അതിന്റെ ഫോക്കസ്. മൂന്ന് വയസിനും ഒമ്പത് വയസിനും ഇടയിലുള്ള ഏകദേശം ഒരു ദശലക്ഷത്തിലധികം കുട്ടികള്‍ അതുപയോഗപ്പെടുത്തുവെന്ന് കണക്കുകള്‍. ഇന്ത്യയില്‍ ബൈജൂസുമായി സഹകരിച്ചാണ് ആദ്യ ഉല്‍പന്നം പുറത്തിറക്കിയത്. ഇംഗ്ലീഷ്, കണക്ക് തുടങ്ങിയവയില്‍ ശ്രദ്ധ കൊടുക്കാനാണ് പദ്ധതി.

കുട്ടികള്‍ക്കപ്പുറം ഏത് പ്രായത്തിലുള്ളവരെയും ഉന്നമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കൃത്രിമ ബുദ്ധിയിലും മെഷീന്‍ ലേണിംഗിലും അധിഷ്ഠിതമായി പുറത്തിറക്കാനാണ് ബൈജൂസ്-ഓസ്‌മോ ടീമിന്റെ ലക്ഷ്യം.

പഠനം കൂടുതല്‍ വ്യക്ത്യാധിഷ്ഠിതമാകും

കൂടുതല്‍ ഡാറ്റ അല്ലെങ്കില്‍ വിവരങ്ങള്‍ സംസ്‌കരിക്കാനുണ്ടെങ്കില്‍ അതുപയോഗപ്പെടുത്തി പെട്ടെന്ന് പുതിയ ശൈലികള്‍ വികസിപ്പിക്കാന്‍ കൃത്രിമ ബുദ്ധി സങ്കേതങ്ങള്‍ക്ക് സാധിക്കും. ഏകദേശം 35 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ബൈജൂസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ഏതെല്ലാം തരത്തിലാണ് ഇവര്‍ ആപ്പില്‍ ഇടപെടുന്നതെന്ന ഡാറ്റ ഉപയോഗപ്പെടുത്തി ഓരോ വിദ്യാര്‍ത്ഥിയുടെയും വ്യത്യസ്ത പഠനശൈലി മനസിലാക്കാനും അവരുടെ താല്‍പ്പര്യങ്ങള്‍ ക്രിയാത്മകമായി വ്യക്തിഗത വളര്‍ച്ചയില്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതിനും ബൈജൂസിന് സാധിക്കും. ഇതിനോടകം തന്നെ വ്യക്തിഗത പഠനസഹായി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസിന് കൃത്രിമ ബുദ്ധിയുടെ വിന്യാസം കൂടുതല്‍ കരുത്ത് പകരുമെന്നുറപ്പ്. വ്യക്ത്യാധിഷ്ഠിത പഠനത്തിന്റെ പുതുതലങ്ങളിലേക്കെത്തുമെന്നാണ് ശര്‍മ സൂചിപ്പിച്ചത്.

കുട്ടികള്‍ക്ക് നല്‍കുന്ന ഉള്ളടക്കത്തില്‍ എവിടെയാണ് വിടവ് വരുന്നതെന്ന് കണ്ടെത്തുകയും പ്രമേദ് ശര്‍മയുടെ ലക്ഷ്യമാണ്. ഓരോ കുട്ടിയുടെയും പഠനം വലിയ തോതില്‍ മെച്ചപ്പെടുത്തുന്നതിന് അതുപകരിക്കും. എന്നാല്‍ ഉള്ളടക്കത്തിലെ വിടവ് കണ്ടെത്തുകയെന്നത് അത്യന്തം ശ്രമകരമായ ദൗത്യമാണ് താനും. നിലവില്‍ ബൈജൂസിനെ എങ്ങനെയാണ് ദിനംപ്രതി ഓരോ കുട്ടിയും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച സ്പഷ്ടമായ ധരണ അതിനുവേണം. മാനുഷികമായി ഇത് വളരെ ശ്രമകരമായ ദൗത്യമാണ്. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ വിന്യാസത്തിലൂടെ അത്ര ശ്രമകരമല്ല താനും.

ഇക്കാര്യത്തില്‍ പൂര്‍ണമായും വിജയിച്ചാല്‍ ബൈജൂസ് ആപ്പിന് ഇന്നുള്ളതിന്റെ മൂന്നിരട്ടി ശക്തിയെങ്കിലും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കാരണം ഇന്ത്യയിലെ വിദ്യാഭ്യാസ വിപണി അത്രമാത്രം വലുതാണ്. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠനനിലവാരം അസാധാരണമാം വിധത്തില്‍, കളികളിലൂടെ ഉയര്‍ത്താവുന്ന ഉല്‍പ്പന്നമാണെന്ന് ബോധ്യപ്പെട്ടാല്‍ അതിന് ലഭിക്കുന്ന സ്വീകാര്യത സമാനതകളില്ലാത്തതാകും. ബൈജൂസിന്റെ ലാഭക്ഷമതയില്‍ വിപണി അധികം സംശയം പ്രകടിപ്പിക്കാത്തതിന് കാരണവും അതുതന്നെ.

ബോക്‌സ്

യുഎസില്‍ ചെറിയ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ഗെയിമുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് ഓസ്‌മോ. അമേരിക്കക്കാരനായ ജെറോം സ്‌കോളറും ഇന്ത്യക്കാരനായ പ്രമോദ് ശര്‍മയുമാണ് ഇതിന്റെ സ്ഥാപകര്‍. കൃത്രിമ ബുദ്ധിയിലും യന്ത്ര പഠന(മഷീന്‍ ലേണിംഗ്)ത്തിലും തനി ‘രാക്ഷസനാ’ണ് ശര്‍മ. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ഗൂഗിളിന്റെ കൃത്രിമ ബുദ്ധി വിഭാഗത്തില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷമാണ് ഓസ്‌മോയുമായി രംഗത്തെത്തിയത്. ബൈജൂസ് ഏറ്റെടുത്തതിന് ശേഷമാണ് ഇവര്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഉല്‍പ്പന്നം അവതരിപ്പിച്ചത്. യുഎസില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ ഓസ്‌മോയുടെ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമായ ഈ ആപ്പുകള്‍ ബൈജൂസിലൂടെ ഇന്ത്യയിലേക്കും ഇനി എത്തും.

Categories: FK Special, Slider

Related Articles