വാഹന റജിസ്‌ട്രേഷന്‍; ഇത്ര തിടുക്കം വേണോ

വാഹന റജിസ്‌ട്രേഷന്‍; ഇത്ര തിടുക്കം വേണോ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയെന്നതാണ് ഭാവിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരുപറഞ്ഞ് വാഹന റജിസ്‌ട്രേഷന്‍ കൈപൊള്ളുന്നതാക്കി തീര്‍ക്കുന്നതില്‍ ശരികേടുണ്ട്

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തിലേക്ക് 7.5 ശതമാനമാണ് ഓട്ടോമൊബീല്‍ രംഗത്തിന്റെ സംഭാവന. ഉല്‍പ്പാദന ജിഡിപിയിലേക്കാകട്ടെ 49 ശതമാനവും. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ രംഗം അഭിമുഖീകരിക്കുന്നത്. എങ്ങനെ കരകയറുമെന്നതിനെക്കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല. ഈ സാഹചര്യത്തിലാണ് വാഹന റജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധനയെകുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാകുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ കുത്തനെ കൂട്ടിയുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയം പുറത്തിറക്കിയത് ആശങ്കയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഇരുചക്ര വാഹന റജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയില്‍ നിന്ന് 1000 രൂപയിലേക്കാണ് ഉയരുന്നത്. റജിസ്‌ട്രേഷന്‍ പുതുക്കലിനാകട്ടെ 2,000 രൂപയും. മുച്ചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 300 രൂപയില്‍ നിന്ന് 5,000 രൂപയിലേക്ക് ഉയര്‍ത്തി. പുതുക്കുന്നതിന് 10,000 രൂപയും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്ക് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നതിന് പകരം ആറ് മാസത്തിലൊരിക്കല്‍ പുതുക്കണം. ഇതിനായുള്ള ഫീസിലും വന്‍വര്‍ധനയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കാറുകളുടെയും മറ്റ് എല്‍എംവികളുടെയും രജിസ്‌ട്രേഷന്‍ നിരക്ക് നിലവിലെ 1,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പുതുക്കലിന് 20,000 രൂപയും. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ മാത്രം 20,000 രൂപ നല്‍കണമെന്ന അവസ്ഥ സാധാരണക്കാരായവരെ എത്തരത്തില്‍ ബാധിക്കുമെന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഇറക്കുമതി ചെയ്ത കാറുകളുടെ റജിസ്‌ട്രേഷന്‍ തുക നിലവിലുള്ള 2,500 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.

പരമ്പരാഗത ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനും ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം. അതിന്റെ ഭാഗമായാണ് യുക്തിപരമല്ലാത്ത ഈ നിരക്ക് വര്‍ധനയെന്നും അനുമാനിക്കപ്പെടുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ നാം എവിടെയും എത്തിയിട്ടില്ല. അതുപോലും സാധ്യമാകാതെ നിലവിലുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്ന സമീപനം സര്‍ക്കാര്‍ കൈക്കൊള്ളാതിരിക്കുകയാണ് ഉചിതം. ഒരു പരിവര്‍ത്തനം സാധ്യമാക്കേണ്ടത് പരമാവധി മുന്‍കരുതലുകള്‍ എടുത്താണ്. ആ ബോധ്യം സര്‍ക്കാരിനുണ്ടാകണം. നോട്ട് അസാധുവാക്കല്‍ പോലുള്ള വിഷയങ്ങള്‍ ഏല്‍പ്പിച്ച ആഘാതം മറക്കുകയും അരുത്.

ഇതുപോലെ നിരക്ക് വര്‍ധന വരുത്തിയതുകൊണ്ട് ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയില്‍ അത്ര വേഗതയൊന്നുമുണ്ടാകില്ല. മറിച്ച് ജനങ്ങളില്‍ അതൃപ്തി കൂടാനാണ് സാധ്യത. സാമ്പത്തിക രംഗത്തെ നിലവിലെ മാന്ദ്യം കാരണം ഓട്ടോമൊബീല്‍ രംഗത്ത് വലിയ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ വാഹന ഘടക നിര്‍മാണരംഗത്ത് മാത്രം 10 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. റജിസ്‌ട്രേഷന്‍ തുകയുടെ കാര്യത്തില്‍ അന്തിമതീരുമായി കരട് വിജ്ഞാപനം മാറിയാല്‍ വാഹനനിര്‍മാണ മേഖലയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയുടെ നാളുകളായിരിക്കും.

Categories: Editorial, Slider