ആര്‍ട്ടിക് പ്രദേശത്തെ 200 കലമാനുകളുടെ പട്ടിണിമരണം കാലാവസ്ഥ വ്യതിയാനം മൂലമെന്നു ഗവേഷകര്‍

ആര്‍ട്ടിക് പ്രദേശത്തെ 200 കലമാനുകളുടെ പട്ടിണിമരണം കാലാവസ്ഥ വ്യതിയാനം മൂലമെന്നു ഗവേഷകര്‍

ലണ്ടന്‍: സ്വാല്‍ബാര്‍ഡ് എന്ന ആര്‍ട്ടിക് പ്രദേശത്തുള്ള ദ്വീപസമൂഹത്തില്‍ ഏകദേശം 200-ാളം കലമാനുകള്‍ പട്ടിണിമരണത്തിനു വിധേയരായത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നു നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറഞ്ഞു. ഉത്തരധ്രുവത്തില്‍നിന്നും 1,200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്വാല്‍ബാര്‍ഡില്‍ കഴിഞ്ഞ ശീതകാലത്ത് കലമാനുകളുടെ എണ്ണമെടുക്കാന്‍ വാര്‍ഷിക തലത്തില്‍ നടത്താറുള്ള സെന്‍സസ് നടത്തിയപ്പോഴാണ് 200-ാളം കലമാനുകള്‍ കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കലമാനുകള്‍ കൊല്ലപ്പെട്ടതു കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലമായിട്ടാണെന്നു ഗവേഷകരാണ് അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കാലാവസ്ഥ വ്യതിയാനം ആര്‍ട്ടിക് പ്രദേശത്തും ഇരട്ടി വേഗത്തിലാണു സംഭവിക്കുന്നതെന്നു സെന്‍സസ് സംഘത്തിന്റെ തലവന്‍ ആഷില്‍ഡ് ഒന്‍വിക് പെഡേഴ്‌സണ്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ മഴ പെയ്യാന്‍ കാരണമാകുന്നു. ഉത്തരധ്രുവ മേഖലയിലുള്ള വൃക്ഷങ്ങളില്ലാത്ത മഞ്ഞ് മാത്രമുള്ള സമതല മൈതാനത്ത് മഴ പെയ്യുന്നതോടെ, ഒരു മഞ്ഞു പാളി രൂപപ്പെടുന്നു. ഇതാകട്ടെ, മൃഗങ്ങള്‍ക്കു പുല്ലുമേയല്‍ അസാദ്ധ്യമാക്കുകയും ചെയ്യുന്നു. ശീതകാലത്ത്, സ്വാല്‍ബാര്‍ഡില്‍ കലമാനുകള്‍ അവയുടെ കുളമ്പ് ഉപയോഗിച്ചാണ് മഞ്ഞ് നിറഞ്ഞ പ്രദേശത്തുനിന്നും പുല്ല് തിരഞ്ഞെടുത്ത് ഭക്ഷിക്കുന്നത്. എന്നാല്‍ മഞ്ഞു നിറഞ്ഞ പ്രദേശത്ത് മഴ പെയ്യുന്നതോടെ അതിശൈത്യം രൂപപ്പെടും. ഭക്ഷണം ലഭിക്കാത്ത സാഹചര്യവും വരും. ഇത് പട്ടിണിമരണത്തിലേക്കു നയിക്കുകയും ചെയ്യും. നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്പ്രകാരം, സ്വാല്‍ബാര്‍ഡില്‍ ഇപ്പോള്‍ 22,000 കലമാനുകള്‍ ഉണ്ട്.

Comments

comments

Categories: World