മലമടക്കിലെ മനുഷ്യനായി മോദി വരുന്നു…

മലമടക്കിലെ മനുഷ്യനായി മോദി വരുന്നു…

ഡിസ്‌കവറി ചാനലിലെ സാഹസിക പരിപാടിക്കായി വള്ളം തുളഞ്ഞും ആയുധമുണ്ടാക്കിയും പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: എത്തിപ്പെടുന്നിടത്തൊക്കെ തനത് വേഷഭൂഷാധികളും സംസ്‌കാരങ്ങളുമായി ഇഴുകിച്ചേരാനും അതില്‍ ആഹ്ലാദം കണ്ടെത്താനും ഒട്ടും മടിക്കാത്ത വ്യക്തിത്വമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ജപ്പാനിലെ ചെണ്ട കൊട്ടല്‍ മുതല്‍ നാഗാലാന്റില്‍ ഹോണ്‍ബില്‍ തൊപ്പിവെച്ചുള്ള അമ്പെയ്ത്തില്‍ വരെ പങ്കെടുത്ത് അനുയായികള്‍ക്ക് വാഴ്ത്താനും എതിരാളികള്‍ക്ക് പരിഹസിക്കാനും മൂന്നാമതൊരു കൂട്ടരെ വിസ്മയിപ്പിക്കാനും പ്രചോദനം നല്‍കാനും അദ്ദേഹം അവസരം കണ്ടെത്തിയിട്ടുണ്ട്. സന്യസിക്കാനിറങ്ങി ഹിമാലയത്തിലെത്തുകയും കൊടുംതണുപ്പില്‍ വര്‍ഷങ്ങളോളം ജീവിക്കുകയും ചെയ്ത അനുഭവങ്ങള്‍ പ്രധാനമന്ത്രി മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ഏകരെയും വിസ്മയിപ്പിക്കുന്ന മറ്റൊരു അവതാരരൂപമെടുത്താണ് അദ്ദേഹത്തിന്റെ വരവ്; പര്‍വതനിരകളിലെ സാഹസികനായ മനുഷ്യനായി!

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുക. പ്രശസ്തനായ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പമാണ് മോദി പരിപാടിയില്‍ പങ്കെടുക്കുന്നത്. ഗ്രില്‍സിന്റെയും മോദിയുടെയും ട്വീറ്റുകളിലൂടെയാണ് പ്രത്യേക എപ്പിസോഡിനെക്കുറിച്ച് ലോകം അറിഞ്ഞത്. പ്രധാനമന്ത്രിയോടൊത്ത് നദിയില്‍ വള്ളം തുഴയുന്ന ചിത്രവും പ്രധാനമന്ത്രി മുളങ്കമ്പില്‍ കൊരുത്ത കത്തിയുമായി മലമുകളില്‍ നില്‍ക്കുന്ന ചിത്രവുമാണ് ഗ്രില്‍സ് ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് 12 ന് 180 ലോക രാജ്യങ്ങളില്‍ ഡിസ്‌കവറി ചാനല്‍ പരിപാടി സംപ്രേഷണം ചെയ്യും.

ഉത്തരാഘണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ഫെബ്രുവരി 14 നാണ് പരിപാടി ഷൂട്ട് ചെയ്തത്. അപരിചിത വനപ്രദേശത്തെത്തുന്ന സാഹസികരായ യാത്രികര്‍ പ്രകൃതിയോട് ഇണങ്ങിച്ചേരാനും അതിജീവിക്കാനും നടത്തുന്ന ഉദ്യമങ്ങളാണ് പരിപാടിയുടെ ഉള്ളടക്കം. പരിസ്ഥിതിയെയും മൃഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശമാണ് പരിപാടി നല്‍കുന്നത്. മുന്‍പ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖരും ഗ്രില്‍സിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

Categories: FK News, Slider