ഗ്രാബില്‍ 14,000 കോടി നിക്ഷേപിക്കും സോഫ്റ്റ്ബാങ്ക്!

ഗ്രാബില്‍ 14,000 കോടി നിക്ഷേപിക്കും സോഫ്റ്റ്ബാങ്ക്!

മസയോഷി സണിന്റെ വിഷന്‍ ഫണ്ടില്‍ നിന്ന് ഗ്രാബിന് പുതിയ നിക്ഷേപം. ജക്കാര്‍ത്തയില്‍ കമ്പനിയുടെ രണ്ടാം ആസ്ഥാനം വരും. ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്ത് കൂടുതല്‍ കരുത്തനായി മാറുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്

  • നിലവില്‍ 14 ബില്യണ്‍ ഡോളറാണ് ഗ്രാബിന്റെ മൂല്യം
  • ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 6.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി
  • മലേഷ്യയില്‍ ടാന്‍ അന്തോണിയെന്ന യുവസംരംഭകനാണ് ഗ്രാബിന് തുടക്കമിട്ടത്
  • ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം, ഡിജിറ്റല്‍ പേമെന്റ്, സൂക്ഷ വായ്പ തുടങ്ങിയ രംഗങ്ങളിലും കമ്പനി സജീവമാണ്
  • മൈക്രോസോഫ്റ്റിനെ പോലുള്ള വമ്പന്‍മാരും ഗ്രാബില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്‌

സിംഗപ്പൂര്‍: ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ പ്രമുഖ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഗ്രാബില്‍ ജാപ്പനീസ് ബിസിനസ് ഭീമനായ സോഫ്റ്റ്ബാങ്ക് 14,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ലോകത്തങ്ങോളമിങ്ങോളമുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത് ആവേശമാക്കിയ ശതകോടീശ്വര സംരംഭകന്‍ മസയോഷി സണ്ണിന്റെ കമ്പനിയാണ് സോഫ്റ്റ്ബാങ്ക്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഗ്രാബ് തങ്ങളുടെ രണ്ടാം ആസ്ഥാനമെന്ന നിലയില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ പുതിയ കേന്ദ്രം തുറക്കും. മസയോഷി സണ്ണിന്റെ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്ന് 1.46 ബില്യണ്‍ ഡോളര്‍ പുതിയതായി സമാഹരിച്ചുവെന്ന് ഗ്രാബ് ഈ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. ഇന്തോനേഷ്യന്‍ വിപണിക്ക് വലിയ പ്രാധാന്യം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

ടൊയോട്ട, ഹ്യുണ്ടായ് മോട്ടോര്‍, മൈക്രോസോഫ്റ്റ്, ചൈനയിലെ പിംഗ് ആന്‍ കാപ്പിറ്റല്‍, യുഎസിലെ ഓപ്പന്‍ഹെയ്മര്‍ ഫണ്ട്‌സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഗ്രാബ് നിക്ഷേപം സമാഹരിച്ചിരുന്നു. അതേസമയം മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.46 ബില്യണ്‍ ഡോളര്‍ നിക്ഷേപം കൂടി ചേര്‍ത്തുള്ളതാണോ ഇപ്പോഴത്തെ 14,000 കോടി രൂപയെന്നത് വ്യക്തമല്ല.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചതായും ഗ്രാബ് പറഞ്ഞിരുന്നു. ഇന്‍വെസ്‌കോയില്‍ നിന്നായിരുന്നു കമ്പനി ധനസമാഹരണം നടത്തിയത്.

നിലവില്‍ 14 ബില്യണ്‍ ഡോളറാണ് ഗ്രാബിന്റെ വിപണി മൂല്യമായി കണക്കാക്കുന്നത്. മലേഷ്യയില്‍ തുടക്കം കുറിച്ച ഈ സംരംഭം ഇപ്പോള്‍ സിംഗപ്പൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ വിതരണം, ഡിജിറ്റല്‍ പേമെന്റ്‌സ്, പാര്‍സെല്‍ വിതരണം, ഇ-സ്‌കൂട്ടര്‍ ഷെയറിംഗ് സേവനം തുടങ്ങിയ മേഖലകളിലും കമ്പനി സജീവമാണ്. സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, കംബോഡിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഗ്രാബിന് സാന്നിധ്യമുണ്ട്. ഗതാഗത സേവനങ്ങള്‍ക്ക് പുറമെ ചില രാജ്യങ്ങളില്‍ സൂക്ഷ വായ്പാ രംഗത്തേക്കും ഗ്രാബ് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ ചില മേഖലകളിലുള്ളവര്‍ക്കാണ് ഗ്രാബ് സൂക്ഷമ വായ്പകള്‍ നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി 6.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ മുന്‍നിരസ്റ്റാര്‍ട്ടപ്പിന്റെ പദ്ധതി.

മലേഷ്യയില്‍ നിസാന്‍ കാറുകളുടെ ഔദ്യോഗിക വിതരണക്കാരായ ടാന്‍ ചംഗ് മോട്ടോഴ്‌സിന്റെ ഉടമസ്ഥാവകാശം കൈയാളുന്ന മൂന്ന് സഹോദരങ്ങളില്‍ ഇളയവന്‍ അന്തോണി ടാനാണ് ഗ്രാബ് എന്ന സംരംഭത്തിന് പിന്നില്‍. ആപ്പ് അധിഷ്ഠിത ടാക്‌സി രംഗത്തെ ആദ്യ സംരംഭമെന്ന് കരുതപ്പെടുന്ന അമേരിക്കയിലെ യുബറിനെ മാതൃകയാക്കി തന്നെയായിരുന്നു ടാന്‍ തന്റെ സ്റ്റാര്‍ട്ടപ്പും തുടങ്ങിയത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ടാന്‍ ഈ ആശയം അവതരിപ്പിച്ചത്.

പഠനത്തിന് ശേഷം കുടുംബ ബിസിനസില്‍ ചേര്‍ന്ന ടാന്‍ എന്നാല്‍ 2012ല്‍ ജോലി രാജിവെച്ചു. അങ്ങനെയാണ് കുലാ ലംപൂരില്‍ മൈ ടാക്‌സി ആപ്പിന് തുടക്കമിട്ടത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ഗ്രാന്റായി ലഭിച്ച 25,000 ഡോളറും തന്റെ വ്യക്തിഗത നിക്ഷേപവും പ്രാഥമിക മൂലധനമായി ചെലവഴിച്ചാണ് കമ്പനി തുടങ്ങിയത്. ബിസിനസ് വികസനത്തിന്റെ ഭാഗമായാണ് മൈ ടാക്‌സി ആപ്പ് പിന്നീട് ഗ്രാബ് ആയി മാറിയത്.

Comments

comments

Categories: FK News
Tags: SoftBank

Related Articles