ടെസ്‌ല കാറുകളില്‍ അധികം വൈകാതെ നെറ്റ്ഫ്ലിക്സ്, യൂട്യൂബ് കാണാന്‍ കഴിയുമെന്ന് ഇലോണ്‍ മസ്‌ക്

ടെസ്‌ല കാറുകളില്‍ അധികം വൈകാതെ നെറ്റ്ഫ്ലിക്സ്, യൂട്യൂബ് കാണാന്‍ കഴിയുമെന്ന് ഇലോണ്‍ മസ്‌ക്

സുഖപ്രദമായ സീറ്റുകളും സറൗണ്ട് സൗണ്ട് ഓഡിയോയും കൂടിയാകുമ്പോള്‍ കാറിനകത്ത് സിനിമാറ്റിക് അനുഭവം ആസ്വദിക്കാമെന്ന് മസ്‌ക്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : പാര്‍ക്ക് ചെയ്തിരിക്കുന്ന ടെസ്‌ല ഇലക്ട്രിക് കാറുകളില്‍ നെറ്റ്ഫഌക്‌സ്, യൂട്യൂബ് എന്നിവ കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. അധികം വൈകാതെ ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍ കാണാന്‍ കഴിയുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിങ്ങളുടെ ടെസ്‌ല നിര്‍ത്തിയിടുന്ന വേളകളില്‍ യൂട്യൂബ്, നെറ്റ്ഫഌക്‌സ് എന്നിവ സ്ട്രീം ചെയ്യാന്‍ കഴിയുന്ന സംവിധാനം ഉടന്‍ വരുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

സുഖപ്രദമായ സീറ്റുകളും സറൗണ്ട് സൗണ്ട് ഓഡിയോയും കൂടിയാകുമ്പോള്‍ കാറിനകത്ത് സിനിമാറ്റിക് അനുഭവം ആസ്വദിക്കാമെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. പൂര്‍ണ്ണ സെല്‍ഫ് ഡ്രൈവിംഗ് അനുമതി ലഭിക്കുമ്പോള്‍, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴും വീഡിയോ കാണാന്‍ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്‌ല കാറുകളില്‍ യൂട്യൂബ് കാണുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ഇലക്ട്രോണിക് എന്റര്‍ടെയ്ന്‍മെന്റ് എക്‌സ്‌പോയില്‍ (ഇ3) ഇലോണ്‍ മസ്‌ക് സൂചിപ്പിച്ചിരുന്നു. ഡ്രൈവറെയും യാത്രക്കാരെയും വീഡിയോ കാണാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം അതുകൊണ്ടുതന്നെ അപ്രതീക്ഷിതമല്ല.

ടെസ്‌ല കാറുകളിലെ ഡിസ്‌പ്ലേകളില്‍ ഗെയിമുകള്‍ കളിക്കാനുള്ള സൗകര്യം നേരത്തെ ഒരുക്കിയിരുന്നു. കാര്‍ നിര്‍ത്തിയിടുമ്പോള്‍ മാത്രമേ ഗെയിം കളിക്കാന്‍ കഴിയൂ. ഗെയിമുകള്‍ കളിക്കുന്നതിന് സ്റ്റിയറിംഗ് വീലാണ് കണ്‍ട്രോളറായി ഉപയോഗിക്കുന്നത്. ഇന്‍-കാര്‍ ഗെയ്മിംഗ് ആപ്പായ ടെസ്‌ല ആര്‍ക്കേഡില്‍ ചെസ് ഗെയിം വൈകാതെ നല്‍കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ടെസ്‌ല പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto