സംരംഭം വിജയകരമാക്കാന്‍ 12 വഴികള്‍

സംരംഭം വിജയകരമാക്കാന്‍ 12 വഴികള്‍

മികച്ച ആസൂത്രണ പദ്ധതികളാണ് ഓരോ സ്ഥാപനത്തിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം. ബിസിനസിന്റെ തുടക്കം ചിലപ്പോള്‍ എളുപ്പമാകാം, എന്നാല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടിയറിയാനും അവ അതിജീവിക്കാനും കഴിയുന്നിടത്താണ് ഒരു മികച്ച സംരംഭകന്റെ ഉദയം

ലോകത്തെവിടെയും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിവരുന്നു. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ കടന്നു ചെല്ലാത്ത മേഖലകളില്ല. ഒരു ബിസിനസ് തുടങ്ങുന്നതിനാവശ്യമായ എന്തു സംശയങ്ങളും പരിഹരിക്കാന്‍ ഇന്ന് വളരെ എളുപ്പമായിരിക്കുന്നു, കാരണം നാം ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. ഡിജിറ്റല്‍ യുഗം വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതിനൊപ്പം മേഖലയില്‍ അതിന് ആനുപാതികമായ മല്‍സരവീര്യം സൃഷ്ടിച്ചെടുക്കാനും വഴിവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിപണിയില്‍ പിടിച്ചുനിന്ന് വെല്ലുവിളികള്‍ അതിജീവിക്കേണ്ടത് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ആസൂത്രിതമായി ചെയ്യേണ്ട ഒരു കാര്യമായി മാറി. മികച്ച ആസൂത്രണ പദ്ധതികളാണ് ഓരോ സ്ഥാപനത്തിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം. ചിലപ്പോള്‍ ബിസിനസിന്റെ തുടക്കം വളരെ എളുപ്പമാകാം, പ്രവര്‍ത്തനനിരതമാകുമ്പോഴാകും പല ഭാഗത്തു നിന്നും വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരിക.

നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍, സ്വന്തം ഉല്‍പ്പന്ന, സേവനങ്ങള്‍ക്ക് മികച്ച വിപണി നേടിക്കൊടുക്കുന്ന തരത്തില്‍ വെല്ലുവിളികള്‍ അതിജീവിക്കുന്നവര്‍ക്കു മാത്രമേ മികച്ച സംരംഭകനാകാന്‍ കഴിയൂ. വെല്ലുവിളികളില്‍ പിന്‍മാറാതെ സംരംഭത്തെ വിജയകരമാക്കാന്‍ ചില വഴികള്‍ അറിഞ്ഞിരിക്കേണ്ടത് ഓരോ സംരംഭകനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയമാണ്. നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിനെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുന്ന 12 ടിപ്‌സുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

1. സ്വയം വിലയിരുത്തുക, പാഷന്‍ അറിയുക

ഒരു ബിസിനസ് തുടങ്ങും മുമ്പ് ആത്മപരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ പാഷന്‍ എന്താണ്, ഈ ബിസിനസ് ആശയം വളര്‍ത്തിയെടുത്ത് വിജയിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? ഇത്തരം ആത്മപരിശോധനകള്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ബിസിനസ് ആശയം നിങ്ങളുടെ സ്വഭാവത്തിന് യോജിച്ചതാണോ എന്നറിയാന്‍ ഏറെ സഹായിക്കും. സ്വന്തം ലക്ഷ്യങ്ങളും നേട്ടങ്ങളും വിലയിരുത്തി വേണം ബിസിനസിനു മുന്നിട്ടിറങ്ങേണ്ടത്. മികച്ച ആസൂത്രണം നിങ്ങളെ ബിസിനസില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ഉളവരാക്കാന്‍ സഹായിക്കും. ചില ബിസിനസ് ആശയങ്ങള്‍ അപകടസാധ്യത നിറഞ്ഞതാകും. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് അവ ഏറ്റെടുക്കാന്‍ കഴിയുമോ, തരണം ചെയ്യാന്‍ കഴിയുമോ എന്നതെല്ലാം സ്വയം വിലയിരുത്തിയാവണം ബിസിനസിന് തുടക്കം കുറിക്കേണ്ടത്.

2. തുടക്കം ലളിതമായ ബിസിനസ് പദ്ധതികളില്‍

ഒരു ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ വമ്പന്‍ ആസൂത്രണ പരിപാടികളിലേക്ക് കടക്കാതെ, ലളിതമായ എന്നാല്‍ കൃത്യതയാര്‍ന്ന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിങ്ങളെ ബിസിനസില്‍ മാത്രമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. ചിട്ടകളോടുകൂടിയ ചെറു പദ്ധതികളാണ് തുടക്കത്തില്‍ വിജയിക്കുക, വിപണിയുടെ പള്‍സ് മനസിലാക്കാന്‍ ഇത് സഹായിക്കും.

3. വിപണിയറിഞ്ഞ് ഉല്‍പ്പന്ന/ സേവന അവതരണം

വിപണി മനസിലാക്കി ആവശ്യക്കാരുള്ളതും, എന്നാല്‍ മാര്‍ക്കറ്റില്‍ ഒഴിവുമുള്ളതുമായ നവീന ഉല്‍പ്പന്നങ്ങള്‍ അഥവാ സേവനങ്ങള്‍ പുറത്തിറക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ ദൂരം കുറയ്ക്കാനാകും. വിപണിയില്‍ ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് ഭാവിയില്‍ മികച്ച ലാഭം നേടാന്‍ സഹായിക്കും.

4. ഉപഭോക്താക്കളുടെ ശ്രദ്ധ ഉറപ്പാക്കുക

നിങ്ങള്‍ക്കിഷ്ടമായ, അല്ലെങ്കില്‍ കുടുംബത്തിന് ഇഷ്ടമായ ഉല്‍പ്പന്ന അഥവാ സേവനമായും ഓരോരുത്തരും സംരംഭത്തിനായി തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഈ ആശയം ഉറപ്പാക്കുന്നതിന് മുമ്പായി വിപണിയില്‍ ഒരു ചെറു ഗവേഷണം നടത്തേണ്ടതാണ്. ആളുകള്‍ നിങ്ങളുടെ ഉല്‍പ്പന്ന/സേവനങ്ങള്‍ക്കായി പണം മുടക്കാന്‍ തയാറാകുമോ? സമാന ഉല്‍പ്പന്ന/സേവനങ്ങള്‍ മറ്റാരെങ്കിലും നല്‍കുന്നുണ്ടോ? അഥവാ ഉണ്ടെങ്കില്‍ വിപണി പിടിക്കാന്‍ നിങ്ങള്‍ക്കു കഴിവുണ്ടോ എന്നതെല്ലാം ആലോചിച്ചിരിക്കണം. വമ്പന്‍ കമ്പനികള്‍ പിടിമുറുക്കിയ ഇടങ്ങളില്‍ നിന്നും മാറിയുള്ള പ്രദേശങ്ങളില്‍ ബിസിനസ് സാന്നിധ്യം വ്യാപിപ്പിക്കണോ എന്നതും ആലോചനാ വിഷയങ്ങളാണ്.

5. അപകടസാധ്യത മനസിലാക്കി നിക്ഷേപമിറക്കുക

”നദിയുടെ ആഴം രണ്ടുകാലുകളും കൊണ്ട് അളക്കരുത്”, പ്രമുഖ വൃവസായിയായ വാരന്‍ ബഫറ്റിന്റെ ഈ വാക്കുകള്‍ എല്ലാ പുതുസംരംഭകര്‍ക്കും ഉത്തമ പാഠമായിരിക്കണം. ഭാവിയില്‍ വരാന്‍ പോകുന്ന ലാഭ, നഷ്ടങ്ങളെ മുന്‍കൂട്ടിയറിഞ്ഞുവേണം ബിസിനസില്‍ നിക്ഷേപിക്കേണ്ടത്. നിക്ഷേപത്തിന്റെ തുടക്കം ലളിതമായിരിക്കുന്നത് നഷ്ടമുണ്ടായാല്‍ ആ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

6. തെറ്റുകള്‍ തിരുത്തി മുന്നേറുക

ബിസിനസിലായാലും ജീവിതത്തിലായാലും തെറ്റുകള്‍ പറ്റാത്തവരില്ല. എന്നാല്‍ ആ തെറ്റുകളിലൂടെ അറിയപ്പെടാതെ അവ നിങ്ങളെ സംശുദ്ധമാക്കുന്ന രീതിയിലാകണം മുന്നേറ്റം. ബിസിനസില്‍ തെറ്റ് പറ്റിയാല്‍ പിന്തിരിയുകയല്ല, മറിച്ച് ശരിയായ വശം പഠിക്കാനുള്ള അവസരമായി കണ്ട് ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠമാണ് അതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. പരാജയഭീതിയില്‍ പിന്തിരിഞ്ഞ ഒരാള്‍ക്കും ഇന്നുവരെ ഒരു നല്ല സംരംഭകനാകാന്‍ കഴിഞ്ഞിട്ടില്ല. ശ്രമം പാതിയില്‍ ഉപേക്ഷിക്കാതെ മുന്നേറുക.

ഒരു നല്ല സംരംഭകന്‍ ഒരിക്കലും തങ്ങളുടെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ പഴിചാരാറില്ല. മറിച്ച് വെല്ലുവിളി അതിജീവിക്കാനുള്ള ശ്രമത്തിനാകും മുന്‍തൂക്കം നല്‍കുക. ഒടുവില്‍ ആ തെറ്റുകളാകും നിങ്ങളെ ഒരു നല്ല സംരംഭകനാക്കി തീര്‍ക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്.

7. മേഖലയിലെ പ്രമുഖരില്‍ നിന്നും പാഠമുള്‍ക്കൊള്ളുക

സംരംഭക രംഗത്ത് വിജയം കൈവരിച്ച പ്രമുഖരില്‍ നിന്നും, അവരുടെ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളണം. മികച്ച ബിസിനസ് പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ വഴി മേഖലയിലെ നൂതന വിഷയങ്ങള്‍ മനസിലാക്കണം. വിവര, വിജ്ഞാന മേഖലയില്‍ പിന്തള്ളപ്പെടാതെ നോക്കേണ്ടത് ഒരു സംരംഭകന് അത്യാവശ്യം വേണ്ട സ്വഭാവ സവിശേഷതയാണ്. ബിസിനസില്‍ വിശാലമായ കാഴ്ചപ്പാണ് നിലനിര്‍ത്തണം. പരിചയ ശൃംഖല എല്ലാ മേഖലകളിലേക്കും നീട്ടുന്നത് ഏറെ ഗുണകരം.

8. മികച്ച മാതൃകയാകുക

ഒരു നല്ല സംരംഭകന്‍ നല്ല നേതാവ് കൂടിയാണ്. നിങ്ങള്‍ തുടങ്ങുന്നത് ഒരു സ്റ്റാര്‍ട്ടപ്പാണ് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം. അതിനാല്‍ മികച്ച ആസൂത്രണം നടത്തുകയെന്നത് നിങ്ങളുടെ കടമയാണ്, അത് വിജയത്തില്‍ എത്തിക്കുക നിങ്ങളുടെ ഉത്തരവാദിത്തവും. നേതാവിന്റെ ആത്മവിശ്വാസം തൊട്ടുപിന്നിലുള്ള ടീമിന് മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യാനുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളുടെദൗര്‍ബല്യം കണ്ടറിയാനും അവരെ വിലയിരുത്തി സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കേണ്ടതും ഒരു സംരംഭകന്റെ കടമയാണ്.

9. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് പ്രാധാന്യം നല്‍കുക

പരമ്പരാഗത മാര്‍ക്കറ്റിംഗ് വിദ്യകള്‍ ഉപേക്ഷിക്കണമെന്നല്ല, മറിച്ച് കാലത്തിനൊത്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കുന്നതാകും ഗുണകരം. ഒരു വലിയ സമൂഹം ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്നരാണ്. അവരെ തങ്ങളുടെ ഉല്‍പ്പന്ന/സേവനങ്ങള്‍ അറിയിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അതു മാത്രമാണ്. യുബര്‍, എയര്‍ബിഎന്‍ബി പോലെയുള്ള വമ്പന്‍മാര്‍ ഡിജിറ്റല്‍ വഴികളിലൂടെയാണ് ഉപഭോക്താക്കളുമായി നിരന്തരം സംവദിക്കുന്നത്. നൂതന മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ക്ക് മുന്‍തൂക്കംേ നല്‍കിയാതെ ഉപഭോക്താക്കളിലേക്ക് എത്താന്‍ കഴിയൂ എന്ന തിരിച്ചറിവ് ഗുണകരമാകും.

10. നിക്ഷേപകരെ ആകര്‍ഷിക്കുക

ബിസിനസ് തുടങ്ങാനും, മാര്‍ക്കറ്റിംഗിനും, വിപണി വികസനത്തിനുമെല്ലാം നിക്ഷേപം കൂടിയേ തീരു. ചെറുകിട സംരംഭകര്‍ വഴിയോ നിക്ഷേപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തോ നിക്ഷേപം ആവശ്യകത അറിയിക്കാവുന്നതാണ്്. നിക്ഷേപകരെ ലഭിച്ചാല്‍ ബിസിനസിനെ സംബന്ധിച്ച ശരിയായ ആസൂത്ര പരിപാടികള്‍ അവര്‍ക്ക് കൃത്യമായി വിശദമാക്കി കൊടുക്കാന്‍ ഒരുങ്ങിയിരിക്കണം.

11. സോഷ്യല്‍, ബിസിനസ് ശൃംഖലകള്‍ വികസിപ്പിക്കുക

വൃക്തിഗത, ബിസിനസ് ശൃംഖലകള്‍ വികസിപ്പിച്ചാണ് ഓരോ സംരംഭകനും സ്വന്തം സ്ഥാപനം വിജയത്തിലെത്തിച്ചിരിക്കുന്നത്. ബിസിനസ് ശൃംഖലകളാണ് സ്റ്റാര്‍ട്ടപ്പിന്റെ അടിസ്ഥാനം. സംരംഭത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ പങ്ക് എടുത്തു പറയേണ്ടതുതന്നെ. വിവിധ പരിപാടികളില്‍ പങ്കെടുത്ത് ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തി, പരിചയശൃംഖലയിലേക്ക് അനുദിനം കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണം. നിങ്ങളുടെ സംരംഭത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നത് നിങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്ന/സേവനങ്ങളിലൂടെയാണെന്ന കാര്യം വിസ്മരിക്കരുത്.

12. നൂതനമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക

നിങ്ങളുടെ സംരംഭത്തിന്റെ നേതാവ് നിങ്ങളാണ്. അതിജീവനത്തിന്റെ ഉത്തരവാദിത്തവും നിങ്ങള്‍ക്കുതന്നെ ആയതിനാല്‍ വിപണിയിലെ നൂതന ആശയങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും പ്രാധാന്യം നല്‍കുക. ഉപഭോക്താക്കളുടെ എണ്ണം എപ്രകാരം വര്‍ധിപ്പിക്കാം എന്നതായിരിക്കണം എപ്പോഴുമുള്ള ചിന്ത. ഉപഭോക്താക്കളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള മേഖല തിരിച്ചുള്ള ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യകതയ്ക്ക് എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വിപണിയിലെ ഗതിഅറിഞ്ഞിരിക്കുന്നതിനൊപ്പം, വരുത്തേണ്ട മാറ്റത്തെ കുറിച്ചും ബോധ്യമുണ്ടാകണം. നിങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കുന്ന കാരണമാകുന്ന ഘടകങ്ങള്‍ക്കും വേണം പ്രാധാന്യം നല്‍കേണ്ടത്.

Comments

comments