കാര്‍ഗില്‍ യുദ്ധവീരന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ട്രയംഫ്

കാര്‍ഗില്‍ യുദ്ധവീരന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ട്രയംഫ്

ട്രയംഫ് ബൈക്കുകള്‍ ഉപയോഗിച്ച് 13-ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിലെ സൈനികര്‍ നടത്തിയ റൈഡാണ് ശ്രദ്ധ പിടിച്ചുപറ്റിയത്

ന്യൂഡെല്‍ഹി : രാജ്യം കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ. ട്രയംഫിന്റെ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍, ടൈഗര്‍ 800 സീരീസ് ബൈക്കുകള്‍ ഉപയോഗിച്ച് 13-ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിലെ സൈനികര്‍ നടത്തിയ റൈഡാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഉത്തരാഖണ്ഡിലെ മാന ചുരത്തില്‍നിന്ന് ജമ്മു കശ്മീരിലെ ദ്രാസില്‍ നിര്‍മ്മിച്ച കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലേക്കായിരുന്നു 1850 കിലോമീറ്റര്‍ താണ്ടിയ റൈഡ്.

ഒമ്പത് ട്രയംഫ് മോട്ടോര്‍സൈക്കിളുകളിലായി 13-ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിലെ 14 സൈനികരാണ് പങ്കെടുത്തത്. റൈഡ് 21 ദിവസം നീണ്ടുനിന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിക്കുകയും മരണാനന്തര ബഹുമതിയായി പരമവീര ചക്രം നേടുകയും ചെയ്ത ക്യാപ്റ്റന്‍ വിക്രം ബത്ര 13-ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സിന്റെ ഭാഗമായിരുന്നു.

യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കാണുന്നതിനും റൈഡിനിടെ പതിനാലംഗ സംഘം സമയം കണ്ടെത്തി. ലെഫ്റ്റനന്റ് ജനറല്‍ വൈകെ ജോഷിയുടെ സാന്നിധ്യത്തില്‍ ജൂലൈ 25 ന് വ്യാഴാഴ്ച്ച നടന്ന ചടങ്ങിലാണ് റൈഡ് സമാപിച്ചത് .

ഇന്ത്യന്‍ കരസേനയുമായി ചേര്‍ന്ന് റൈഡ് സംഘടിപ്പിച്ചത് തങ്ങള്‍ക്ക് അഭിമാന നിമിഷമാണെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷോയബ് ഫാറൂഖ് പറഞ്ഞു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുന്നതിന് സൈനികര്‍ ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto