ആശങ്കപ്പെടുത്തുന്ന തൊഴില്‍ പ്രതിസന്ധി

ആശങ്കപ്പെടുത്തുന്ന തൊഴില്‍ പ്രതിസന്ധി

വാഹനഘടക നിര്‍മാണ മേഖലയില്‍ ലക്ഷക്കണക്കിന് പേരുടെ തൊഴിലുകള്‍ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നു. എത്രയും വേഗം ക്രിയാത്മകമായ ഇടപെടലുണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദഫലം ഇന്നലെയാണ് പുറത്തുവന്നത്. ലാഭത്തിലുണ്ടായത് ഏകദേശം 27 ശതമാനമെന്ന വമ്പന്‍ ഇടിവാണ്. അറ്റ വില്‍പ്പനയിലുണ്ടായത് 14.1 ശതമാനത്തിന്റെ ഇടിവും. ഓട്ടോമൊബീല്‍ രംഗത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഒരു സൂചകം മാത്രമാണിത്. ഇന്നലെ തന്നെയാണ് പതിവില്ലാതെ, ഓട്ടോ കണക്കുകള്‍ ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതും. ഇന്നലത്തെ പത്രങ്ങളില്‍ വന്നൊരു പ്രധാന ബിസിനസ് വാര്‍ത്ത തന്നെയായിരുന്നു ആധാരം.

ഓട്ടോമൊബീല്‍ വ്യവസായ മേഖലയില്‍ ഇടിവ് തുടരുകയാണെങ്കില്‍ അത് ഏകദേശം പത്ത് ലക്ഷം തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന് വ്യവസായ സംഘടനയായ അക്മ (ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ആശങ്കപ്പെട്ടതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനത്തിനുള്ള അടിസ്ഥാനം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള നിശബ്ദത അപകടകരമാണെന്നായിരുന്നു അവരുടെ പക്ഷം.

മേഖലയിലെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിന് ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അക്മ ആവശ്യപ്പെട്ടിട്ടുള്ളത്. വാഹന ഘടക വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് അക്മ. ഈ രംഗത്ത് മാത്രം ഏകദേശം 50 ലക്ഷം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്.

ഓട്ടോമൊബീല്‍ വ്യവസായ മേഖലയ്ക്ക് മുഴുവനായി ജിഎസ്ടിക്കുകീഴില്‍ 18 ശതമാനം നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. മേഖലയിലെ വളര്‍ച്ച വീണ്ടെടുക്കാന്‍ ഇത് സഹായിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് മാസമായി തുടര്‍ച്ചയായി ഓട്ടോമൊബീല്‍ മേഖലയിലെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ പ്രളയമുണ്ടായ ഓഗസ്റ്റ് മുതല്‍. മാരുതി സുസുക്കിയും ഐഷര്‍ മോട്ടോഴ്‌സും ഉള്‍പ്പടെയുള്ള വമ്പന്മാരുടെ വില്‍പ്പന ഗ്രാഫിനെ താറുമാറാക്കിയ സംഭവമായിരുന്നു പ്രളയം. അതിന് പിന്നാലെ സാമ്പത്തികരംഗത്തെ മന്ദതയും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവും ബാങ്ക് ഇതര ധനകാര്യ മേഖലയില്‍ വന്ന പണപ്രതിസന്ധിയുമെല്ലാം വാഹനനിര്‍മാണ രംഗത്തെ അസാധാരണ പ്രതിസന്ധിയിലാക്കി. വില്‍ക്കപ്പെടുന്ന പുതിയ കാറുകളില്‍ 80 ശതമാനത്തോളവും വായ്പാ അധിഷ്ഠിതമാകയാല്‍ വിപണിയിലെ പണപ്രതിസന്ധി ഓട്ടോമേഖലയിലുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി എല്ലാ വിഭാഗത്തിലെയും വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് ഓട്ടോ ഘടക നിര്‍മാണ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതാണ് ദശലക്ഷക്കണക്കിന് പേരുടെ തൊഴിലിനെ ബാധിക്കുന്ന വിഷയമായി മാറുമെന്ന ആശങ്കയുള്ളത്.

വാഹന വ്യവസായത്തിന്റെ പിന്‍ബലത്തിലാണ് ഓട്ടോ കംപോണന്റ് വ്യവസായം വളരുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോള്‍ വാഹന നിര്‍മാണം കമ്പനികള്‍ വെട്ടിക്കുറയ്ക്കുന്നത് മാന്ദ്യത്തിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കരുതപ്പെടുന്നു. നിലവില്‍ വാഹന നിര്‍മാണത്തില്‍ 15-20 ശതമാനം കുറവാണ് കമ്പനികള്‍ വരുത്തിയിട്ടുള്ളത്.

ഈ പ്രവണത തുടരുകയാണെങ്കില്‍ പിരിച്ചുവിടല്‍ അനിവാര്യമായി വരും. ഏകദേശം പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആലോചിക്കുന്നതായാണ് വാര്‍ത്ത. ക്രിയാത്മകമായ നടപടികളുണ്ടായാല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് പെട്ടെന്നുള്ള തിരിച്ചുവരവ് സാധ്യമാകൂ.

Categories: Editorial, Slider