ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ ഇനി മുതല്‍ ബൈജൂസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ ഇനി മുതല്‍ ബൈജൂസ്

മൂല്യം താങ്ങാവുന്നതിലധികമാണെന്ന് ചൂണ്ടിക്കാട്ടി കരാര്‍, ഓപ്പോ ബൈജൂസിന് കൈമാറി

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ സെപ്റ്റംബര്‍ മുതല്‍ കാണുക ബൈജൂസ് എന്ന ബ്രാന്‍ഡ് നാമം ആയിരിക്കും. 2017 ല്‍ ഒപ്പുവെച്ച അഞ്ചു വര്‍ഷത്തെ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഓപ്പോ തീരുമാനിച്ചതോടെയാണ് ബെംഗളൂരു ആസ്ഥാനമായ എജുടെക് കമ്പനിയായ ബൈജൂസിന് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. 2022 മാര്‍ച്ച് വരെ കാലാവധിയുണ്ടെങ്കിലും കരാര്‍ മൂല്യം വളരെ ഉയര്‍ന്നതും അസ്ഥിരവുമാണെന്ന് ചൂണ്ടിക്കാട്ടി അവകാശം ബൈജൂസിന് വില്‍ക്കുകയായിരുന്നു. 2017 മാര്‍ച്ചിലാണ് ഓപ്പോ ഇന്ത്യന്‍ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാനുള്ള 1,079 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിരുന്നത്.

ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്ന സെപ്റ്റംബര്‍ 15 മുതല്‍ ബൈജൂസായിരിക്കും ജേഴ്‌സിയില്‍ സ്ഥാനം പിടിക്കുക. ഓപ്പോ നല്‍കിയിരുന്ന അതേ തുക ബിസിസിഐക്ക് ബൈജൂസില്‍ നിന്ന് തുടര്‍ന്നും ലഭിക്കുമെന്നതിനാല്‍ ഇതുകൊണ്ട് ബോര്‍ഡിന് നഷ്ടമൊന്നും സംഭവിക്കില്ല. ഓപ്പോ, ദ്വിരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് ഒരു മല്‍സരത്തിന് 4.61 കോടി രൂപയും ഐസിസി സംഘടിപ്പിക്കുന്ന ബഹുരാഷ്ട്ര മത്സര പരമ്പരകള്‍ക്ക് 1.56 കോടി രൂപയുമാണ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നത്. 2022 മാര്‍ച്ച് 31 വരെയാണ് ബൈജൂസിന് കരാര്‍ ലഭിക്കുക. ഓപ്പോയ്ക്ക് മുന്‍പ് സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായിരുന്നു ഇന്ത്യന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

Categories: FK News, Slider